കൊച്ചി: മൂവാറ്റുപുഴയില്‍ ആദിവാസിപെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ മകള്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒന്നരമാസമായി കുട്ടിയുടെ അമ്മ മകളുടെ ചിതാഭസ്മവുമായി സമരം ചെയ്യുകയാണ്. ഒരുപക്ഷേ മകളുടെ ചിതാഭസ്മവുമാ യി ഒരമ്മ നീതിക്കുവേ ണ്ടി തെരുവില്‍ യാചിക്കുന്നത് കേ രള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം. സംഭവത്തില്‍ പോലീസ് മനപ്പൂര്‍വ്വം അലംഭാവം കാണിക്കുകയാണെന്നാണ് കൊല്ലപ്പെട്ട ആതിരയുടെ അമ്മയുടെ ആരോപണം. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് വീടിനടുത്ത് ആതിരയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ ഏനാനെല്ലൂര്‍ സ്വദേശികളായ ബിജുവും ഓമനയും ഫെബ്രുവരി 11മുതലാണ് എറണാകുളം കളക്ട്രേറ്റിന് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചത്. ഒക്ടോബര്‍ 23ന് വീട്ടിലുണ്ടായിരുന്ന ആതിരയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനിടെ തൊട്ടടുത്ത ദിവസം ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍പ്പുങ്കല്‍ മഠത്തില്‍ നിന്ന് പഠിക്കുകയായിരുന്നു ഒമ്പതാംക്ലാസുകാരിയായ ആതിര. അയല്‍വാസിയായ യുവാവിന്റെ ശല്യം കാരണം വീട്ടില്‍ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയായിരുന്നു ആതിരയെ. നാട്ടില്‍ വന്നശേഷവും യുവാവും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി ഓമന പറയുന്നു. പെണ്‍കുട്ടിയുടെ ചിത്രം മൊബെയില്‍ ഫോണില്‍ പകര്ത്തിയുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
അയല്‍വാസിയായ മറ്റൊരു യുവാവും ആതിരയോട് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്ത ആതിരയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെതിരെ കേസ് കൊടുത്തെങ്കിലും പോലീസ് കാര്യമായ അന്വേഷണങ്ങള്‍ നടത്തിയില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവം വിവാദമായപ്പോള്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആതിര കൊല്ലപ്പെടുമ്പോള്‍ ഇയാള്‍ റിമാന്റിലായിരുന്നു. ഇതിനിടെ യുവാവിനെതിരെ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അയല്‍വാസിയായ യുവതി പലതവണ ആതിരയെ വന്ന് കണ്ടിരുന്നു. ഇതിനുശേഷമാണ് ആതിരയെ കാണാതായത്. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് യുവാക്കള്‍ക്കെതിരെയും ഒരു യുവതിക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആതിരയുടെ മരണശേഷം ഇവര്‍ ഒളിവിലാണ്.
കളക്ട്രേറ്റില്‍ സമരം ആരംഭിച്ച ശേഷം രണ്ട് തവണ ചര്‍ച്ചയ്ക്കായി വിളിച്ചെങ്കിലും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് അമ്മ ഓമനയുടെ പരാതി. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം കേസിനുമേലുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ്ഗ്രൂപ്പിലെ മണ്ഡലം സെക്രട്ടറി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്നും ഓമന ആരോപിച്ചു. പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. മൊഴിയെടുക്കാന്‍ പോലും പോലീസ് സമീപിച്ചില്ലെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.
അതേസമയം കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒന്നരമാസമായി നടത്തിവന്ന സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചു. അന്വേഷണം ശരിയായല്ല നടക്കുന്നതെങ്കില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനാവശ്യപ്പെടുമെന്നും മകള്‍ക്കും തങ്ങള്‍ക്കും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഓമന പറഞ്ഞു. മകള്‍ക്കുണ്ടായ അനുഭവം ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്നാണ് പ്രാര്‍ഥന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടുംസുരക്ഷ ലഭിക്കാത്ത പ്രദേശമാണ് ഏനാനെല്ലൂരെന്നും ഓമന പറയുന്നു. നിരന്തരമായചൂഷണങ്ങള്ക്കും പീഡനങ്ങ ള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ആദിവാസി ഗോത്രസമൂഹം. സ്ത്രീസുരക്ഷയ്ക്കുവേണ്ടി സമൂഹം മുറവിളി കൂട്ടുമ്പോള്‍ ഒരമ്മയുടെ വേദന നാം കാണാതെ പോകുകയാണ്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: