നൂറ്റിമുപ്പത്തിനാലു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സാമൂതിരി ഗുരുവായൂരപ്പന് കോളജിനെ സംബന്ധിച്ചിടത്തോളം മഹാമഹിമ ശ്രീ. പി.കെ.എസ്. രാജയുടെ ഭരണകാലം സുവര്‍ണ നിമിഷങ്ങളുടെ കയ്യൊപ്പ് പതിഞ്ഞതാണ്. മലബാറിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയ്ക്ക് അനര്‍ഘ സംഭാവനകളര്പ്പിച്ചതിലൂടെ ‘മലബാറിന്റെ നലാന്റ’ എന്ന വിശേഷണമേറ്റുവാങ്ങിയ ഈ മഹാകലാലയത്തിന്റെ സര്വ്വതോന്മുഖമായ വികാസത്തിന് സാമൂതിരി രാജാവെന്ന നിലയില്‍ അന്തരിച്ച പി.കെ.എസ്. രാജാവെന്ന നിലയില്‍ അന്തരിച്ച പി.കെ.എസ്. രാജ നേതൃത്വപരമായ പങ്കാണ് സ്തുത്യര്‍ഹമാംവിധം വഹിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തും. ഒന്നരക്കോടി രൂപ ചെലവു പ്രതീക്ഷിച്ചുകൊണ്ട് നിര്‍മ്മാണമാരംഭിച്ച ഗവേഷണകേന്ദ്രം സാമൂതിരിരാജാവിന്റെ അക്കാദമിക് മേഖലയോടുള്ള താത്പര്യത്തിന് പ്രത്യക്ഷോദാഹരണമാണ്. വി.കെ. കൃഷ്ണമേനോന് സെന്ററിന്റെ വിപുലീകരണവും പി.ടി.എ ബ്ലോക്കിന്റെ വിപുലീകരണവും സാമൂതിരി രാജാവിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായി കാലം രേഖപ്പെടുത്തും. ഇക്കണോമിക്സ്, ബോട്ടണി എന്നീ വിഭാഗങ്ങള്‍ക്ക് ഗവേഷണകേന്ദ്രങ്ങളെന്ന നിലയില്‍ സര്‍വ്വകലാശാലയുടെ അംഗീകാരം സിദ്ധിച്ചതും പി.കെ.എസ്. രാജയുടെ ഭരണകാലത്താണ്.
കോളേജിന്റെ സുദീര്‍ഘ ചരിത്രത്തിലാദ്യമായാണ് രണ്ടു വിഭാഗങ്ങള്‍ക്ക് ഗവേഷണകേന്ദ്രമെന്ന പദവി ലഭിച്ചതെന്ന വസ്തുത പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. കേരളത്തിലെ കലാലയങ്ങളില്‍ ആദ്യമായി എംഎസ്സി യോഗ കോഴ്സിന് യു.ജി.സി അംഗീകാരം ലഭിച്ചത് ഗുരുവായൂരപ്പന് കോളജിലാണ്. സാമൂതിരിപ്പാടിന് ഭാരതീയദര്ശനങ്ങളോടും തത്വചിന്തകളോടുമുള്ള അത്യധികമായ ബഹുമാനത്തിന്റെ പ്രത്യക്ഷ തെളിവായി ഇന്ന് എംഎസ്സ്സി യോഗ കോഴ്സ് ഭംഗിയായി കോളജില്‍ നടന്നുവരുന്നു.
അധ്യാപകരോടും രക്ഷാകര്‍ത്താക്കളോടും സ്നേഹപൂര്‍വ്വം ഇടപെടുകയും അവര്‍ക്ക് നന്മയുടെ തിളക്കംപേറുന്ന ഉപദേശങ്ങള്‍ സദാ നല്‍കുകയും ചെയ്ത സാമൂതിരി രാജാവെന്ന നിലയില്‍ എക്കാലവും ഗുരുവായൂരപ്പന് കോളജിന്റെ മണ്ണും മനസ്സും അദ്ദേഹത്തെ ആദരപൂര്‍വ്വം സ്മരിക്കുകതന്നെ ചെയ്യും.
വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ അടുത്ത കാലത്തു കോളജിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം ഉപേക്ഷവരുത്തിയില്ല. കോളജില്‍ ദീര്‍ഘകാലമായി അനുഭവപ്പെട്ടുപോന്ന അധ്യാപകക്ഷാമം പരിഹരിക്കാനും കോളജില്‍ ശുദ്ധജലദൗര്‍ലഭ്യം പരിഹരിക്കാനും എടുത്ത നടപടികള്‍ കോളജിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു.
വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമടക്കം മനനം ചെയ്ത ഈ ജ്ഞാനവൃദ്ധന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തിന്റെ പൂര്‍ണ്ണ വിരാമമാകും.
ശ്രീശൈലം ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: