1948 ജൂണ്‍ 22ന് അഹമ്മദാബാദിലാണ് സാമൂതിരി പി.കെ.എസ്. രാജയുടെ രണ്ടാമത്തെ മകള്‍ (ഡോ. സുധാ കൃഷ്ണനുണ്ണി) ജനിച്ചത്. സുധയുടെ ചോറൂണ് ചടങ്ങിന് നിലമ്പൂരിലേക്ക് പോകാനായി അദ്ദേഹം കോഴിക്കോട്ടെത്തി.
അപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മാമന് പി.കെ.എം. രാജ കരുതല്‍ തടവുകാരനായി കണ്ണൂര്‍ ജയിലിലടച്ച വിവരം അറിയുന്നത്. ആര്.എസ്.എസ് കോഴിക്കോട് ജില്ലാ സംഘചാലകായിരുന്നു പി.കെ.എം. രാജ. മഹാത്മാഗാന്ധി വധത്തിന്റെ മറവില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്.എസ്.എസിനെ നിരോധിച്ചതിനാലാണ് പി.കെ.എം. രാജയെ ജയിലിലടച്ചത്.
രാജയുടെ സഹധര്‍മ്മിണി ആകെ വിഷമത്തിലായിരുന്നു. ഭര്‍ത്താവിനെ എങ്ങിനെയെങ്കിലും ജയില്‍ വിമുക്തമാക്കണമെന്ന് അവര്‍ പി.കെ.എസ്. രാജയോട് പറഞ്ഞു. അദ്ദേഹം കണ്ണൂര്‍ ജയിലില്‍ പോയി അമ്മാമനെ കണ്ടു. കൂടെ ജയിലറെയും. ഒന്നും പേടിക്കേണ്ടെന്നും ഞങ്ങള്‍ നല്ലപോലെ ശ്രദ്ധിക്കുന്നുണ്ടെന്നുമുള്ള ജയിലറുടെ വാക്കും അമ്മാമന്റെ സ്ഥൈര്യവും തന്ന ധൈര്യത്തില്‍ അമ്മായിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരത് മുഴുവനായും വിശ്വസിച്ചില്ല.
അന്ന് മദ്രാസ് പ്രവിശ്യയില്‍ മന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവ മേനോനെ കണ്ട് അമ്മാമനെ ജയില്‍ വിമുക്തമാക്കണമെന്ന് അപേക്ഷിച്ചു. നിരോധിച്ച സംഘടനയില്‍ ചേര്‍ന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആര്.എസ്.എസില്‍ നിന്നും രാജിവെച്ചുവെന്ന കത്തു തന്നാല്‍ ഉടനെ വിട്ടയക്കാം എന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ആ സമയമാകുമ്പോഴേക്കും രാജയെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. വെല്ലൂര്‍ ജയിലില്‍ പോയി ഇക്കാര്യം ഉണര്ത്തിച്ചപ്പോള് കിട്ടിയ മറുപടി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ പി.കെ.എം. രാജ പറഞ്ഞു. “ആര്.എസ്.എസില്‍ നിന്നും രാജിവെക്കുന്ന പ്രശ്നമില്ല.
അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.” അമ്മാമന് ഉറച്ചുനിന്നപ്പോള്‍ മരുമകന് മറ്റു വാക്കുകളുണ്ടായിരുന്നില്ല. അമ്മാമന് സ്ഥിരമായി ബലാശ്വഗന്ധ തൈലം തേയ്ച്ചുകുളിക്കുന്ന പതിവുണ്ടെന്നറിയാവുന്ന മരുമകന് സര്‍ക്കാറില്‍ നിന്ന് സമ്മതം വാങ്ങി എഗ്മൂറിലെ ശങ്കുണ്ണി ആയുര്‍വ്വേദ ഫാര്‍മസിയില്‍ നിന്നും നാല് കുപ്പി തൈലം വാങ്ങി വെല്ലൂരെത്തിച്ചു. താമസിയാതെ എല്ലാ ആര്.എസ്.എസ്. പ്രവര്‍ത്തകരെയും മോചിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: