പത്തനംതിട്ട: ഭാരതത്തെ തകര്‍ക്കാന്‍ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും തക്കംപാര്ത്തിരിക്കുമ്പോള് പ്രതിരോധ ചിലവുകള്‍ വെട്ടിക്കുറച്ച് രാജ്യസുരക്ഷ അപകടത്തിലാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ വിവേകാനന്ദ നഗറില്‍ വേലുത്തമ്പിദളവ അനുസ്മരണ സമ്മേളനം- വീരസ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസിക്കാന്‍ കഴിയാത്ത, വാക്കിന് വിലയില്ലാത്ത രാജ്യമാണ് ചൈന. നാലുഭാഗത്തുനിന്നും ഭാരതത്തെ ചൈന വളയുകയാണ്. പാക്ക് അധിനിവേശ കാശ്മീരില്‍ അവര്‍ പിടിമുറുക്കിയിട്ടുണ്ട്. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയും സുരക്ഷിതമല്ല. ഇതോടൊപ്പം രാജ്യത്തിനകത്ത് തീവ്രവാദവും മതപരിവര്‍ത്തനവും ശക്തമായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ മന്ത്രിസഭയില്‍ ഹിന്ദുക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഹിന്ദു സമൂഹം അസംഘടിതമാണെന്നതാണ് ഇതിനെല്ലാം കാരണം. കാര്യങ്ങള്‍ ഈ നിലയ്ക്ക് തുടര്‍ന്നാല്‍ കേരള സമൂഹം കനത്ത വില നല്‍കേണ്ടിവരും. ഭാരതത്തിന് വേണ്ടി മരിച്ച പതിനായിരങ്ങളെ നമ്മള് മറക്കാന്‍പാടില്ല. പ്രാണന്‍കൊടുത്തും സംസ്ക്കാരം സംരക്ഷിക്കാന്‍ ഇറങ്ങിയ ബലിദാനികളുടെ ബലത്തിലാണ് നമ്മള് ഇവിടെ നില്‍ക്കുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടി നാം എന്തുകരുതിവെച്ചു എന്ന് ചിന്തിക്കണം. നാടിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ നമ്മള് തയ്യാറാവണം. മാതൃരാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ ജീവത്യാഗം ചെയ്ത് മാതൃകകാണിച്ച ധീരദേശാഭിമാനിയാണ് വേലുത്തമ്പിദളവ. നാട് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള് സംഘടിതരാകണമെന്നും നമ്മുടെ ദീപസ്തംഭമാണ് വേലുത്തമ്പിദളവ എന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഗം അദ്ധ്യക്ഷന്‍ പി.എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷതവഹിച്ചു. ഭാരതത്തിന്റെ അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിച്ച് വിരമൃത്യുവരിച്ച സൈനികര്‍ സുനില്ജോര്ജ്ജ്, ജയകൃഷ്ണകൈമള്, ബിജു എന്നിവരുടെ ഛായാചിത്രത്തിന് മുന്നില്‍ സ്മൃതിജ്യോതി തെളിയിച്ചും ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷവുമാണ് സ്മൃതി സംഗമം ആരംഭിച്ചത്. ഭാരതീയ വിചാര കേന്ദ്രം പുറത്തിറക്കിയ വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശന കര്‍മ്മം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് കോന്നി എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.മോഹന്‍കുമാറിന് നല്കി നിര്‍വ്വഹിച്ചു. ബാലമുരളീകൃഷ്ണ കുണ്ടറവിളംബര പ്രഖ്യാപനം നടത്തി. ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, പ്രാന്തീയ സഹസേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, വിഭാഗ് കാര്യവാഹ് എന്‍.ജി.രവീന്ദ്രന്, എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ സംയോജകന്‍ ആര്.പ്രദീപ് സ്വാഗതവും സി.എസ്.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: