ആലുവ: മഹാകാവ്യങ്ങളില്‍ ഏഴാമത്തേതെന്ന് ലോകം അംഗീകരിച്ച കുമാരനാശാന്റെ ഖണ്ഡകാവ്യമായ നളിനിയുടെ ശില്‍പ്പചിത്ര ഭാഷ്യം ആലുവ ദേശം മംഗലപ്പുഴയില്‍ പെരിയാറിന്റെ തീരത്ത് പൂര്‍ത്തിയായി. നളിനി എന്ന മഹാകാവ്യം എഴുതി 90 വര്‍ഷത്തിനുശേഷം രൂപപ്പെടുന്ന ഈ ചിത്ര-ശില്‍പ്പ കാവ്യത്തിന് ‘ഓം ഇതിപരമാര്ത്ഥപരം വൈഖരി’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ബാല്യം മുതല്‍ യൗവനംവരെ പ്രണയിതാക്കളെ നളിനിയും ദിവാകരനും പ്രണയനൈരാശ്യത്താല്‍ നാടുവിട്ട് നീണ്ട പ്രണയവിരഹ ദുഃഖത്തിനുശേഷം സന്യാസികളായി ഹിമാലയസാനുക്കളില്‍ കണ്ടുമുട്ടുന്നു. ദിവാകരന് നളിനിയ്ക്ക് പരബ്രഹ്മതത്വ ഉപദേശം നല്‍കുന്നതും നളിനി വലയം പ്രാപിക്കുന്നതുമായ കാവ്യഭാഗ്യങ്ങളാണ് ശില്പ്പവല്ക്കരിച്ചിട്ടുള്ളത്. ഓം എന്ന പരബ്രഹ്മ ശബ്ദത്തിന്റെ ഘനീഭവിച്ച ശില്‍പ്പത്തിന്റെ ചതുര്‍മാന കാഴ്ചയില്‍ നളിനിയുടെ വിലയിച്ചു നില്ക്കുന്ന ഭാഗവും ഓംകാര ഘനീഭാവത്തില് നിര്‍മ്മലനായ നളിനിക്ക് ബ്രഹ്മഉപദേശം നല്കുന്ന ദിവാകരന്റെ ആത്മഭാവവും ശില്‍പ്പത്തിലുണ്ട്. താഴത്തുനിന്നും വശങ്ങളില്‍നിന്നും മുകളില്‍നിന്നും ശില്പ്പത്തിനകത്തുനിന്നും എവിടെനിന്നും നോക്കിയാലും ഓംകാര ദൃശ്യമാകുന്ന ഓംകാരത്തിന്റെ ഘനീഭവിച്ച നിശബ്ദത പകരപ്പെടുന്ന ഈ ശില്‍പ്പം സ്വര്ണാനുപാതത്തില് ഒമ്പതടി ഉയരവും അഞ്ചടി വീതിയും വരുന്ന കോണ്ക്രീറ്റിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുലനവും തുലനമില്ലാത്തതും കൂടിച്ചേരുന്ന ഇംബാലന്സിങ്ങ്, രൂപഘടനയില്‍ ചതുര്‍മാന കാഴ്ച നല്‍കുന്നതും നിറയെ മ്യൂറല്‍ ചിത്രവര്ണ്ണംകൊണ്ട് അലംകൃതവുമാണ് നളിനിശില്പ്പം. ശില്പ്പശിരസ്സിലെ കൈലാസത്തില്‍ ലയിച്ചുചേരുന്ന നളിനിയുടെയും ദിവാകരന്റെയും കൈയുകള് കാഴ്ചക്കാരില്‍ കാവ്യത്തിന്റെ പരമാത്മസ്നേഹഭാവം വെളിപ്പെടുത്തുന്നു.
ആലുവ യുസി കോളേജിലെ മലയാളവിഭാഗം പ്രൊഫസറും കവയത്രിയും സാഹിത്യകാരിയുമായ ഡോ. മ്യൂസ് മേരിയാണ് മലയാള മഹാകാവ്യമായ നളിനിക്ക് ശില്‍പ്പകാവ്യം വേണമെന്ന ആശ്രയം അവതരിപ്പിക്കുന്നത്. കരുനാഗപ്പള്ളിയിലെ തന്റെ ലിറ്ററേച്ചര്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാണുന്നതിന് ഈ ശില്‍പ്പം സ്ഥാപിക്കുമെന്ന് മ്യൂസ് മേരി പറഞ്ഞു.
ആലുവ യുസി കോളേജിലെ ഡോ. അജു നാരായണന്, ഡോ. എം.എ.പുന്നൂസ്, ഡോ. മിനി ആലീസ്, വര്‍ഗീസ് പോള്‍, ഡോ. ഷെറി, കവികളായ എന്‍.കെ.ദേശം, വേണു വി.ദേശം എന്നിവരുടെ സഹായത്തോടെ വളരെയേറെ ഗവേഷണത്തിന് ശേഷമാണ് ആര്‍ട്ടിസ്റ്റ് മരപ്രഭു രാമചന്ദ്രന് ഈ ശില്‍പ്പത്തിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും പൂര്‍ത്തീകരിച്ചത്. ആര്‍ട്ടിസ്റ്റ് ബാലന്, സതീശന് മങ്ങാടന്‍, ഷാജി ദേശം, ഗംഗന് എന്നിവര്‍ ശില്പ്പനിര്മ്മാണത്തിന്റെ മുഖ്യ പങ്കുവഹിച്ചു. നളിനി ശില്പ്പചിത്രഭാഷ്യത്തിന് മ്യൂറല്‍ കലാകാരന് പറവൂര്‍ കണ്ണന്, കുട്ടന് എന്നിവരുടെ നേതൃത്വത്തില്‍ ചിത്രകാരികളായ നമിത, ബീന, ഉഷ എന്നിവര്‍ ചിത്രശില്‍പ്പം മ്യൂറല്‍ വര്‍ണ്ണങ്ങളാല്‍ ചിത്രരചന പൂര്‍ത്തിയാക്കി. നളിനി ശില്‍പ്പത്തിന്റെ പൂര്‍ത്തീകരണ ചടങ്ങുകള്‍ ദേശം മംഗലപ്പുഴയില്‍ പെരിയാറിന്റെ തീരത്ത് നടന്നു. ഈശ്വരന്റെയും മനുഷ്യന്റെയും പ്രകൃതിയുടെയും ഏത് കോണില്‍നിന്നും പ്രണയത്തിന്റെയും ദിവ്യസ്നേഹത്തിന്റെയും പരസ്യപ്രഖ്യാപനമാണ് ഈ ശില്പ്പമെന്ന് ആര്‍ട്ടിസ്റ്റ് മരപ്രഭു രാമചന്ദ്രന് പറഞ്ഞു.
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: