കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മദ്യവില്‍പ്പന ഇരട്ടിയിലധികമായി വര്‍ധിച്ചു. ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമായ ഏറ്റവും പുതിയ കണക്കുകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പനയില്‍ 2007-08 വര്‍ഷം മുതല്‍ ക്രമാനുഗതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2012-13 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്ത് പ്രതിമാസം 730 കോടിയോളം രൂപയുടെ മദ്യമാണ് വില്‍പ്പന നടന്നതെന്നാണ് കെഎസ്ബിസി കണക്കുകള്‍ നല്കുന്ന സൂചന.
2007-08 വര്‍ഷത്തില്‍ സംസ്ഥാനത്ത് 3669.49 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. എന്നാല്‍ 2008-09 വര്‍ഷത്തില്‍ വില്‍പ്പന 4631 കോടിയും 2009-10 (5539.85), 2010-11 (6730.30), 2011-12 വര്‍ഷത്തില്‍ 7860.15 കോടിയിലേക്കും ഉയര്‍ന്ന ലഹരി വില്‍പ്പന 2012-13 ഫെബ്രുവരി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 8155.39 കോടിയായി ഉയര്‍ന്നു. ശരാശരി പ്രതിമാസ ഉപഭോഗം 730 കോടി രൂപയുടെ മദ്യമാണെന്നതുകൂടി കണക്കാക്കിയാല്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് സംസ്ഥാനത്തെ മദ്യവില്‍പ്പന 8800 കോടി എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് എത്തിനില്ക്കാന് പോകുന്നത്.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ അനുമതിയോടെ വിവിധ വിഭാഗങ്ങളിലായി 750ല്‍പ്പരം ബാര്ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമെ പത്തൊമ്പത് വെയര്‍ഹൗസുകള്‍ക്ക് കീഴില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ 337 ചില്ലറ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കെടിഡിസിയുടെ ബിയര്‍ പാര്‍ലറുകളും സംസ്ഥാനത്തുണ്ട്. ഇവ വഴിയാണ് ഈ സാമ്പത്തികവര്‍ഷം 8,800 കോടിയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിക്കുക. 2010-11 വര്‍ഷത്തില്‍ പ്രതിമാസ വില്‍പ്പന 560.85 കോടിയായിരുന്നെങ്കില്‍ 2011-12 വര്‍ഷത്തെ ശരാശരി പ്രതിമാസ വില്‍പ്പന 655 കോടിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ 730 കോടിയിലേക്കും ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 കോടിയോളം രൂപയുടെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറെ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്നാണ് പുതിയ മദ്യനയത്തിന്റെ കാതല്‍. എന്നാല്‍ ഇത് വെറും ജലരേഖയായി മാറുമെന്ന സൂചനയാണ് മദ്യവില്‍പ്പനയിലെ വര്‍ധനവ് നല്‍കുന്നത്. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം സെപ്തംബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയത്. എന്നാല്‍ പുതിയ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് അണിയറയില്‍ നീക്കം നടത്തിവരുന്നതായി സൂചനയുണ്ട്. നിലവിലുള്ള ചില്ലറ വില്‍പ്പനശാലകള്‍ വിപുലീകരിക്കാനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ് കോര്പ്പറേഷന്. ഇതിനായി കെട്ടിട ഉടമകളുടെ താല്‍പ്പര്യം ക്ഷണിച്ചുകൊണ്ട് ഡേറ്റാ ബാങ്കിന് രൂപം നല്‍കുന്നതിനുള്ള ഉത്തരവും 2012/13/110 എന്ന നമ്പറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ട വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ആദ്യ രണ്ട് വര്‍ഷത്തിനകംതന്നെ 59 ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2014-15 വര്‍ഷം മുതല്‍ എഫ്എല്‍ അഞ്ച് വിഭാഗത്തില്‍പ്പെടുന്ന ബാര്‍ ലൈസന്‍സുകള്‍ മാത്രമേ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടൂറിസം മേഖലകളില്‍ മൂന്ന്, നാല് നക്ഷത്രഹോട്ടലുകള്‍ക്കും മദ്യശാലകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
2011-12 വര്‍ഷത്തില്‍ 1330 കോടി രൂപയാണ് മദ്യത്തിന്റെ വിലയായി കമ്പനികള്‍ക്ക് നല്‍കിയതെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കിലെ സൂചന. എന്നാല്‍ ഇതിലൂടെ സര്‍ക്കാരിന് ലഭിച്ച ലാഭം 6530 കോടി രൂപയും. കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റഴിച്ച 682.26 കോടി കൂടി കൂട്ടിച്ചേര്‍ത്താല്‍ 8155.39 കോടിയുടെ മദ്യം ഈ വര്‍ഷം ഫെബ്രുവരിവരെ സംസ്ഥാനത്ത് വിറ്റഴിച്ച് കഴിഞ്ഞു. നികുതിയിനത്തില്‍ ഇതില്‍നിന്നുള്ള ഈ വര്‍ഷത്തെ വരുമാനമായി 6336.14 കോടി രൂപയാണ് ഖജനാവിലേക്ക് ഒഴുകിയെത്തിയത്.
എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: