പുനലൂര്‍: ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുനലൂര്‍ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 397734290 രൂപ വരവും 385182650 രൂപ ചെലവും 12551640 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പുനലൂര്‍ നഗരസഭ വൈസ്ചെയര്‍മാന്‍ എസ്. ബിജു അവതരിപ്പിച്ചത്.
ആരോഗ്യരംഗത്ത് വലിയ നേട്ടങ്ങളാണ് പുനലൂര്‍ നഗരസഭക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ രംഗത്തും പ്രകൃതി ചികിത്സാ രംഗത്തും പുനലൂരില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആയുര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും.
താലൂക്ക് ആശുപത്രിയിലെ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്കുന്ന പാഥേയം പദ്ധതി ഈ ബജറ്റ് വര്‍ഷത്തില്‍ നടപ്പിലാക്കും. ഇവിടെയെത്തുന്ന നിര്‍ദ്ധന രോഗികള്‍ ആഹാരം ലഭിക്കാതെ പ്രയാസപ്പെടരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി നഗരസഭ നടപ്പാക്കുന്നത്. ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ടാങ്ക് നിര്‍മ്മിക്കുന്ന പുതിയ കുടിവെള്ള പദ്ധതിക്കായി സര്‍വേ ആരംഭിക്കാനും പ്ലാന്‍ ചെയ്തിട്ടുണ്ട്.
ആധുനിക അറവുശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നഗരസഭയിലെ 35 വാര്‍ഡുകളിലും റോഡുകള്‍, ഓടകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. പുനലൂര്‍ മാര്‍ക്കറ്റിലും ചെമ്മന്തൂര്‍ ബസ്സ്റ്റാന്റിലും പുതിയ കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. റെയില്‍വേ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സാംസ്കാരിക രംഗത്ത് പുനലൂര്‍ ബാലന് മെമ്മോറിയല്‍ ലൈബ്രറിയുടെ വിപുലീകരണം ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ബാങ്കുകളിലൂടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പുനലൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസിജോണ് ആമുഖപ്രസംഗം നടത്തി. അഡ്വ.കെ. രാജു എംഎല്‍എ, നഗരസഭാസെക്രട്ടറി സുചേതാകുമാരിഅമ്മ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: