ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ ഹൃദയ രക്തം വീണ് പവിത്രമായ മണ്ണടിയുടെ മണ്ണില്‍, ഇന്നും ആ ആത്മതാഗ്യത്തിന്റെ അലയടികള്കേള്ക്കാം…
രാജ്യത്തെയും പ്രജകളെയും രക്ഷിക്കാന്‍ അവസാന നാള്‍വരെ പൊരുതി വൈദേശിക ശക്തികളെ ധാര്‍മികതയുടെ വാള് മുനയില്‍ തകര്‍ത്തെറിഞ്ഞ, വിദേശ വിരുദ്ധ സമരങ്ങളുടെ ആദ്യ ദളവ. ചെമ്പക രാമന് എന്ന ധീരദേശാഭിമാനി വേലുത്തമ്പിദളവ. മാര്‍ച്ച് 28നാണ് (1809) ധീരയോദ്ധാവ് ആത്മാഹുതിചെയ്ത ദിനം.
ബ്രിട്ടീഷ് സൈന്യം തന്റെ ശിരസ്സ് ഛേദിയ്ക്കുമെന്നുറപ്പായപ്പോള് അമ്പലവളപ്പിലെ കല്വിളക്കിന് മുമ്പില്‍ സ്വന്തം കൈകൊണ്ട് തന്നെ കഠാര നെഞ്ചിലേക്ക് കുത്തിയിറക്കി. ചുടുചോരവാര്ന്നൊഴുകുമ്പോഴും ധീര ദേശാഭിമാനിയുടെ അവസാന ശ്വാസവും നാടിന് വേണ്ടിയായിരുന്നു. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ രാഷ്ട്ര കുതന്ത്രങ്ങള്‍ മെനഞ്ഞ് സമസ്ത മേഖലകളെയും തകര്‍ത്തെറിയുമ്പോള്‍, ധീര ദേശാഭിമാനിവേലുത്തമ്പിയുടെ ഭരണവും സമരവും ചരിത്രത്താളുകളില്‍ രക്ത ലിപികളാല്‍ എഴുതിചേര്‍ത്തവയാണ്. 18-ാം വയസ്സില്‍ നാട്ടുകൂട്ടത്തിന്റെ നേതാവ്, 20-ാം വയസ്സില്‍ ഇരണിയിലെ കാര്യക്കാരന്‍, വിവിധ ബഹുജന പ്രക്ഷോഭത്തിന്റെ നേത്യത്വ വാഹകന്…
നാടിന്റെ അഭിവൃദ്ധിക്കായി വേലുത്തമ്പി പല പദ്ധതികളും നടപ്പിലാക്കി. രാജ്യത്ത് ആദ്യമായി കണ്ടെഴുത്തു നടത്തി, ഉദ്യോഗസ്ഥന്മാര്ക്ക് സര്‍വീസ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി, ആലപ്പുഴ, കൊല്ലം തുറമുഖങ്ങള്‍ വികസിപ്പിച്ചു, ഭൂവുടമകള്‍ക്ക് പട്ടയം നല്കുന്ന പദ്ധതി, രാജ്യത്ത് ചട്ടവരിയോല(റവന്യൂകോട്) ഏര്‍പ്പെടുത്തല്‍, പുതിയ റോഡുകളും കമ്പോളങ്ങളും സ്ഥാപിക്കല്‍, വേമ്പനാട് കായലിലെ പാതിരാമണല്‍ ദ്വീപ് കൃഷിക്ക് യോഗ്യമാക്കി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതില്‍ ചങ്ങനാശേരിയിലെ അഞ്ചുവിളക്ക് ചരിത്രകൂട്ടായ്മയാണ്. രാജ്യത്തുള്ള തോട്ടങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും റീസര്‍വേ നടത്തി തമ്പി തുടങ്ങിയ നാള്‍വഴി സംവിധാനം ആധുനിക റവന്യൂ ഭരണത്തിന് മുതല്‍ക്കൂട്ടായി. ഇങ്ങനെ എത്ര പ്രകീര്‍ത്തിച്ചാലും തീരാത്തത്ര ഭരണ നൈപുണ്യം…
രാജ്യത്തിനും പ്രജകള്‍ക്കും വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി വേലുതമ്പിയുടെ അളവറ്റ ആത്മധൈര്യവും കറകളഞ്ഞ ദേശസ്നേഹവും വരുംതലമുറകള്‍ക്ക് എന്നും ആവേശം പകരും.
അനീതിക്കും അഴിമതിക്കുമെതിരെ വേലുതമ്പി കടുത്ത ശിക്ഷാവിധികള്‍ നടപ്പാക്കി. അവയവഛേദനം, പരസ്യമായ ചാട്ടവാറടി, വധശിക്ഷ, മര്‍ദ്ദനം തുടങ്ങിയവ ശിക്ഷകളില്‍ ചിലത് മാത്രം. തന്റെ സ്ഥാനംപോയാലും തന്റെ ജീവന് പ്രജകള്‍ക്കും രാജാവിനും നാടിനും വേണ്ടി സമര്‍പ്പിച്ച ധീരമഹാത്മാവായിരുന്നു വേലുതമ്പി. 1765 മേയ് 6 ന് കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവില്‍ ഭാഗത്ത് കല്‍ക്കുളം താലൂക്കില്‍പ്പെട്ട തലക്കുളത്തു വലിയവീട്ടില്‍ വള്ളിയമ്മപിള്ള തങ്കച്ചിയുടെയും കുഞ്ചുമായിറ്റിപിള്ളയുടെയും മകനായി പിറന്ന ചെമ്പക രാമന്- വേലായുധനാണ് ഇന്ന് നാം അറിയുന്ന വേലുതമ്പി ദളവയായത്. 25 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ വേലായുധന് അറിയപ്പെടുന്ന ആളായി മാറിക്കഴിഞ്ഞിരുന്നു. സംസ്കൃതം, തമിഴ്, മലയാളം, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബി തുടങ്ങിയ ഭാഷകളിലെ പരിജ്ഞാനം അദ്ദേഹം സ്വഗൃഹത്തില്‍ വച്ചുതന്നെ നേടി. കളരിയില്‍നിന്നു നേടിയ കായികാഭ്യാസം അദ്ദേഹത്തെ അരോഗദൃഢഗാത്രനാക്കിമാറ്റി.
തര്‍ക്കശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നീ വിഷയങ്ങളും സ്വായത്തമാക്കിയിരുന്നു. ദളവയെന്ന നിലയ്ക്ക് അഴിമതിക്കും വൈദേശികമായ അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടത്തിന് ഭരണസംവിധാനത്തെ കാര്യക്ഷമമായ അഴിച്ചുപണിയിലൂടെ വേലുത്തമ്പി സജ്ജമാക്കി. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ യുദ്ധം, അമേരിക്കയും ഫ്രഞ്ചുകാരുമായി ബന്ധം സ്ഥാപിക്കല്‍, ഇന്ത്യയിലെയും യുറോപ്യയിലെയും ബ്രിട്ടീഷ് ശക്തിയുടെ അടിത്തറയിളക്കല്‍…… തുടങ്ങി വേലുത്തമ്പിയുടെ ദൂരവ്യാപകമായ പരിഷ്കാരങ്ങളെ വൈദേശിക ചരിത്രകാരന്മാര് പോലും പ്രകീര്‍ത്തിക്കുന്നു. കേരളത്തില്‍ ഭാരതീയമായ ദേശീയ ബോധം ഉണര്‍ത്തുന്നതിന് ധീരദേശാഭിമാനി വേലുത്തമ്പി നടത്തിയ പോരാട്ടങ്ങള്‍ നിമിത്തമായി. മലയാളികള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി ജന്മനാടിനെ സംരക്ഷിക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ രാജകീയവിളംബരത്തിലുടെ നാട്ടുകാരോട് ആദ്യമായി ആഹ്വാനം ചെയ്തത് വേലുത്തമ്പിയായിരുന്നു. നാടിന്റെ സാംസ്കാരിക പൈത്യകങ്ങളെ സംരക്ഷിച്ചും ഹൈന്ദവ ക്ഷേത്രങ്ങളെ സാക്ഷിനിര്ത്തിയുമായിരുന്നു ധീരയോദ്ധാക്കള്‍ വൈദേശികശക്തിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നാന്ദികുറിച്ചത്. കുണ്ടറ ഇളമ്പല്ലൂര്‍ ദേവി ക്ഷേത്രമൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ചരിത്രപ്രസിദ്ധ കുണ്ടറ വിളംബരം (1809 ജനുവരി 16) നടന്നത്. നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ സര്‍വ സ്വാതന്ത്ര്യവും നഷ്ടമാകുമെന്നും തിരുവിതാംകൂര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി തീരുമെന്നും വേലുത്തമ്പി മുന്നറിയിപ്പ് നല്കി.
സ്വരാജ്യ സ്നേഹിയായ തമ്പിയുടെ കാലുകള്‍ ഒരിക്കല്‍പോലും ഇടറിയില്ല. തന്നെ വേട്ടയാടുന്ന സൈനിക സംഘത്തിനെതിരെ ശക്തിയായി പോരാടി അവസാനം മണ്ണടിയിലെത്തുകയായിരുന്നു.സൈനിക സംഘത്തിനെതിരെ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ലക്ഷ്യം. ശത്രുസൈന്യം തന്നെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ തമ്പിയും സംഘവും ചേണ്ടമംഗലം ഇല്ലത്ത് അഭയംതേടി. ആ രാത്രിയിലും ജന്മനാടിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു ആ രാജ്യസ്നേഹി. ഇതിനിടയില്‍ ബ്രട്ടീഷ് പട്ടാളവും അവിടെയെത്തി. അവര്‍ ശരീരം അറുത്ത് മാറ്റുന്നതിന് മുന്‍പുതന്നെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. അമ്പലവളപ്പിനുള്ളില് ചുടുചോര വാര്‍ന്നൊഴുകി… മണ്ണടിയുടെ മണ്ണ് പവിത്രമായി. ഭാരതാംബയുടെ ഉയര്‍ച്ചക്ക് വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട്…
സ്വന്തം രാജ്യത്തിന്റെ അഖണ്ഡതയും അന്തസും ഉയര്‍ത്തിപിടിക്കുന്നതിന് ഛത്രപതി ശിവജിയിലൂടെ, റാണാ പ്രതാപനിലൂടെ, ഝാന്‍സി റാണിയിലൂടെ പ്രവഹിച്ച ദേശാഭിമാന ഗംഗ ദളവയിലൂടെ കേരള മണ്ണിനെ സമ്പുഷ്ടമാക്കുകയായിരുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: