കൊച്ചി: നവീകരണത്തിന്റെ പേരില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ പ്രതിദിന വാടക വര്‍ദ്ധിപ്പിച്ച ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ തീരുമാനം പുന:പരിശോധിക്കുമെന്ന് കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് ജന്മഭൂമിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് 30 നകം തീരുമാനമാകും. പല കാറ്റഗറിയായി തിരിച്ചായിരിക്കും വാടക തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാധാരണകാര്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വാടക പുന: ക്രമീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വേണ്ടി നവീകരിച്ചതിന്റെ പേരില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ വാടക അയ്യായിരത്തില്‍ നിന്നും 70,000 രൂപയായി കുത്തനെ ഉയര്‍ത്തുകയായിരുന്നു. കരുതല്‍ സംഖ്യയായി 30,000 രൂപ കൂടി അടയ്ക്കണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മാത്രം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പ്രാപ്യമാകുന്ന അവസ്ഥക്കെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. ദര്‍ബാര്‍ ഹാള്‍ ഗ്രണ്ട് വാടക വര്‍ദ്ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് പി.ശിവദാസ് ആവശ്യപ്പെട്ടു.
എറണാകുളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിന്റെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളെ നമ്മുടെ സാംസ്കാരികധാരയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പാരമ്പര്യകലകള്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തെ ഈ നടപടി ഹനിക്കുന്നതായതിനാല്‍ വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണം. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, സാംസ്കാരിക പരിപാടികള്‍ക്കും, സാമൂഹ്യസംഘടനകള്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഭാഷാ ന്യൂനപക്ഷസെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ ജനങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ഏറ്റവും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ വാടക വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: