ആലപ്പുഴ: നൂറനാട് കരിങ്ങാലില്‍ പുഞ്ചയ്ക്കു സമീപം വെള്ളക്കെട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിനു പിന്നില്‍ മകളും കാമുകനും സുഹൃത്തുമാണെന്ന് പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതി മകളുടെ കാമുകന്റെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര് കോണം രതീഷ് ഭവനത്തില്‍ രതീഷി (30)നെ മാവേലിക്കര സിഐ: കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒന്നാംപ്രതിയും മകളുടെ കാമുകനുമായ കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി റിയാസ് (32) ഇപ്പോള്‍ അബുദാബിയിലാണ്. മൂന്നാംപ്രതിയും കൊല്ലപ്പെട്ട ചുനക്കര കിഴക്ക് ലീലാലയത്തില്‍ ശശിധരപണിക്കരുടെ മകളുമായ ശ്രീജ (28)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ശശിധരപണിക്കര്‍ മദ്യപിച്ച് നിരന്തരമായി വീട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ശ്രീജ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ചാരുംമൂട്ടിലെ ഒരു കടയില്‍ ജോലിചെയ്യുമ്പോഴാണ് ഒരുകുട്ടിയുടെ അമ്മയായ ശ്രീജ റിയാസുമായി അടുപ്പത്തിലാകുന്നത്. ഇതിനുശേഷം ഇവര്‍ സ്ഥിരമായി മൊബെയില്‍ ഫോണില്‍ കൂടി ബന്ധപ്പെടുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
അബുദാബിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച റിയാസ് കാമുകിയുടെ അച്ഛന് ശശിധരപണിക്കരെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തായ രതീഷുമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സഹായിക്കുന്നതിന് രതീഷ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒന്നര ലക്ഷംരൂപ നല്‍കാമെന്ന് റിയാസ് സമ്മതിച്ചു. ഫെബ്രുവരിയില്‍ 15ന് നാട്ടിലെത്തിയ റിയാസ് അതിനുശേഷം രതീഷിനെയും നാട്ടിലെത്തിച്ചു. ശ്രീജയെ വിളിച്ച് ശശിധരപണിക്കരെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ച വിവരം പറഞ്ഞു.
ശശിധരപണിക്കരുടെ മൊബെയിലില്‍ വിളിച്ച് റിയാസും സുഹൃത്തും തങ്ങള്‍ സെക്യൂരിറ്റി കമ്പനികള്‍ നടത്തുന്നവരാണെന്നും വിദേശത്ത് പോകാന്‍ അവസരമുണ്ടെന്നും ഇതിനായി നേരിട്ടു കാണണമെന്നും പറഞ്ഞു. കഴിഞ്ഞ മാസം 23ന് വിദേശത്ത് പോകാനുള്ള രേഖകളുമായി സംഭവം നടന്ന സ്ഥലത്ത് എത്തണമെന്ന് ഇവര്‍ ശശിധരപണിക്കരെ അറിയിച്ചു. സ്ഥലത്ത് എത്തിയ സംഘം മദ്യത്തില്‍ ഫ്യുറഡാന് കലര്‍ത്തി ശശിധരപണിക്കര്ക്ക് നല്‍കുകയായിരുന്നു. ഇതിനുശേഷം തോര്‍ത്തുകൊണ്ട് വായ മൂടി കെട്ടുകയും ചെയ്തു. സമീപത്തെ കല്ലിലേക്ക് തലപിടിച്ചിടിക്കുകയും മരണം ഉറപ്പു വരുത്തിയ ശേഷം സമീപത്തെ വെള്ളക്കെട്ടിലേക്ക് എടുത്ത് ഇടുകയുമായിരുന്നു.
അടുത്ത ദിവസങ്ങളില്‍ റിയാസ് സംഭവസ്ഥലത്തെത്തി മൃതദേഹം വെള്ളത്തില്‍ പൊങ്ങിയോയെന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. മൃതദേഹം പൊങ്ങിയ ദിവസം രതീഷ് സംഭവസ്ഥലത്ത് എത്തി മൃതദേഹം കണ്ടിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അറിയാന്‍ കഴിഞ്ഞു. രതീഷ് തിരികെ ഗള്‍ഫിലേക്ക് പോയില്ല. മാര്‍ച്ച് 5ന് റിയാസ് തിരികെ വിദേശത്തേക്ക് പോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം തോന്നിയ പോലീസ് ബന്ധുക്കളുമായി ബന്ധപ്പെടുകയും ശശിധരപണിക്കരുടെ മൊബെയില്‍ ഫോണ്‍ പരിശോധിക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് റിയാസ് വിളിച്ചതായി തെളിഞ്ഞത്. തുടര്‍ന്നാണ് യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്. ശശിധരപണിക്കരുടെ മൊബെയില്‍ രതീഷിന്റെ കയ്യില്‍ നിന്നും കണ്ടെടുത്തു. രതീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: