ന്യൂദല്‍ഹി: സിഡ്നിയിലെ..മെല്‍ബണിലെ.. പെര്‍ത്തിലെ… ജനാലകള്‍ തുറക്കുന്ന ശബ്ദമാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെയും സംഘത്തിന്റെയും ചെവികളിലിപ്പോള്. മെല്‍ബണിലെ ജോളിമോന്റിലുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആസ്ഥാനത്തിന്റെ മുറ്റത്ത് കങ്കാരുപ്പടയുടെ ശവമഞ്ചം കൊണ്ടുവരുന്നതു കാണാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. ഐതിഹാസികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ വീര പരിവേഷം ചാര്‍ത്തിക്കിട്ടിയ ഓസ്ട്രേലിയന്‍ ജീവന്റെ ഒരു തരിയെങ്കിലും നിലനിര്‍ത്താന്‍ സാധിക്കുമോ. ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും മത്സരത്തില്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയിലെ കളത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലെ ടീം ഇന്ത്യയെ നേരിടുമ്പോള്‍ ഓസീസിന്റെ ലക്ഷ്യം പുനര്‍ജനി. ഇവിടെയും തോറ്റാല്‍ സ്വന്തം നാട്ടിലെ തെമ്മാടിക്കുഴിയിലായിരിക്കും ക്ലാര്‍ക്കിനും കൂട്ടര്‍ക്കും സ്ഥാനം. 4-0ത്തിനു പരമ്പര ഉറപ്പിച്ച് എതിരാളിയുടെ ആത്യന്തിക പതനംതന്നെ ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
തുടര്‍ച്ചയായ മൂന്നു വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ധോണിപ്പട. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസീസിനെ ഇതിനകം കാതങ്ങള്‍ പിന്തള്ളിക്കളഞ്ഞു. ബാറ്റിങ് നിരയില്‍ ധോണിയും ചേതേശ്വര്‍ പൂജാരയും മുരളി വിജയ്യുമൊക്കെ മികച്ച ഫോമില്‍ തന്നെ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ തിളങ്ങുന്നില്ലെന്നതാണ് ഏക ആശങ്ക. പന്തേറുകാരില്‍ ആര്. അശ്വിന് തന്നെ തുറുപ്പ് ചീട്ട്. സ്പിന്നിനെ ഏറെ സഹായിക്കുന്ന കോട്ലയിലെ പിച്ചില്‍ അശ്വിന് തനിനിറംകാട്ടിയാല് ഓസീസിനു പിടിച്ചു നില്‍ക്കാനാവില്ല. രവീന്ദ്ര ജഡേജയുടെ കുത്തിതിരിവുകളും അതിഥികള്ക്കിതുവരെ നിഗൂഢതകളാണ്.
ഭുവനേശ്വര്‍ കുമാറിന്റെയും ഇഷാന്ത് ശര്‍മയുടെയും പേസ് ആക്രമണങ്ങളും ഒരുപരിധിവരെ എതിരാളിയെ വലയ്ക്കുന്നുണ്ട്. മറുപാതിയില്‍
സങ്കിര്ണതകളില്പ്പെട്ടുഴറുകയാണ് ഓസ്ട്രേലിയ. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഷെയ്ന് വാട്സനും ജയിംസ് പാറ്റിന്സനുമടക്കം നാലുപേര്‍ക്കെതിരായ നടപടിയുടെ ആസ്വാര്യസ്യങ്ങള് ഓസീസ് ക്യാംപില്‍ കെട്ടടങ്ങിയിട്ടില്ല. കളത്തിലെ കാര്യങ്ങള്‍ അതിലും ദയനീയം. ഡേവിഡ് വാര്‍ണറും എഡ് കോവനും സ്റ്റീവന്‍ സ്മിത്തും മൈക്കിള്‍ ക്ലാര്‍ക്കുമൊക്കെ ബിഗ് ഇന്നിങ്ങ്സുകള്ക്കു മെനക്കെടുന്നില്ല. പ്രതിഭാധനനായ സ്പിന്നറുടെ അഭാവം അവരുടെ ബൗളിങ് ലൈനപ്പിന്റെ ബലഹീനതയെയും വിളിച്ചോതുന്നു.
ഇന്ത്യക്കു മുന്നില്‍ ചരിത്രം
ദല്‍ഹിയില്‍ ജയിച്ചാല്‍ ധോണിക്കൂട്ടം ചരിത്രത്തില്‍ ഇടംപിടിക്കും. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ വിജയമെന്ന പെരുമ ആദ്യമായി ഇന്ത്യയ്ക്കു വന്നുചേരും. 1993ല്‍ മുഹമ്മദ് അസറുദ്ദീന്റ നേതൃത്വത്തില്‍ ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്തിരുന്നു. എന്നാല്അന്നത്തേത് മൂന്നു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: