ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റ് പുറത്തിറക്കിയതിന് ശേഷം ആദ്യമായി ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് ഡെലിവറിയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യവുമില്ല. വാഹന വിപണിയില്‍ നിലനില്‍ക്കുന്ന മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍ ഓഫറുകളാണ് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വെഹിക്കിളായ മഹീന്ദ്ര എക്സ് യു വി 500, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളും ഓഫര്‍ നിരക്കിലാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഇന്ധന വില ഉയരുന്നതും പലിശ നിരക്കിലുള്ള വര്‍ധനവുമാണ് വാഹന വിപണിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
2005 ജൂണില്‍ പുറത്തിറക്കിയ മാരുതി സ്വിഫ്റ്റിന് ആഗോള തലത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മോഡലിന്റെ വില്പനയിലും ഇടിവ് നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 5000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ ചില വിതരണക്കാരും തങ്ങളുടെ ഷോറൂമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 10000 രൂപ വരെ ഡിസ്കൗണ്ടായി നല്‍കുന്നുണ്ട്.
അതേസമയം ചില്ലറ ഉപഭോക്താക്കള്‍ക്ക് വേണ്ടിയല്ല ഈ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ബള്‍ക്ക് ഇടപാടുകള്‍ക്കായിരിക്കും ഈ ഓഫര്‍ ബാധകമാവുകയെന്നും കമ്പനി വക്താവ് അറിയിച്ചു. കേന്ദ്രബജറ്റില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് എസ് യു വി മോഡലുകളുടെ വിലയിലുണ്ടായ വര്‍ധനവും മാന്ദ്യത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: