ന്യൂദല്‍ഹി: വിദേശ പ്രത്യക്ഷ നിക്ഷേപത്തില്‍ എട്ട് ശതമാനം വര്‍ധനവ്. തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷം ജനുവരിയില്‍ എഫ് ഡി ഐ 2.15 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് രണ്ട് ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ എഫ്ഡിഐ 39 ശതമാനം ഇടിഞ്ഞ് 19.10 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വമാണ് ഇതിന് കാരണമെന്ന് ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 31.28 ബില്യണ്‍ ഡോളറായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ എഫ്ഡിഐയുടെ ഒഴുക്കുണ്ടായത് അഞ്ച് മേഖലകളിലേക്കാണ്. സേവന മേഖലയില്‍ 4.66 ബില്യണ്‍ ഡോളറിന്റേയും ഹോട്ടല്‍ ആന്റ്ടൂറിസം മേഖലയിലേക്ക് 3.19 ബില്യണ്‍ ഡോളറിന്റേയും ലോഹസംസ്ക്കരണ മേഖലയില്‍ 1.38 ബില്യണ്‍ ഡോളറിന്റേയും നിര്‍മാണ മേഖലയില്‍ 1.20 ബില്യണ്‍ ഡോളറിന്റേയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഒരു ബില്യണ്‍ ഡോളറിന്റേയും വിദേശ നിക്ഷേപമാണ് നടന്നത്.
മൗറീഷ്യസ്സില്‍ നിന്നും 8.17 ബില്യണ്‍ ഡോളറും ജപ്പാനില്‍ നിന്നും 1.69 ബില്യണ്‍ ഡോളറും സിംഗപ്പൂരില്‍ നിന്നും 1.82 ബില്യണ്‍ ഡോളറും നെതര്‍ലാന്റില്‍ നിന്നും 1.51 ബില്യണ്‍ ഡോളറും യുകെയില്‍ നിന്നും 1.04 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. വിദേശ പ്രത്യക്ഷ നിക്ഷേപത്തില്‍ ഉദാരവത്കരണം വരുത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് വരും മാസങ്ങളില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2012 നവംബറില്‍ 1.05 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് നടന്നത്. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 2011-12 കാലയളവില്‍ മൊത്തം 36.50 ബില്യണ്‍ ഡോളറിന്റേയും 2010-11 കാലയളവില്‍ 19.42 ബില്യണ്‍ ഡോളറിന്റേയും 2009-10 കാലയളവില്‍ 25.83 ബില്യണ്‍ ഡോളറിന്റേയും വിദേശ പ്രത്യക്ഷ നിക്ഷേപമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: