ന്യൂദല്‍ഹി: യുവരാജ് സിംഗിന്റെ ‘ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്’ എന്ന ഓര്‍മ്മക്കുറിപ്പ് പുസ്തകം പുറത്തിറങ്ങി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. കരിയറിന്റെ സുവര്‍ണ കാലത്ത് കടുത്ത ആശങ്ക ജനിപ്പിച്ച ക്യാന്‍സറിനെതിരെ താന്‍ നടത്തിയ പോരാട്ടം വിശദമാക്കുന്നതാണ് പുസ്തകം.
യുവരാജിന്റെ അമ്മ ശബ്നവും സഹകളിക്കാരും അഭ്യുദയകാംക്ഷികളും മാത്രമടങ്ങിയ ചെറിയ ഒരു സദസിന് മുന്നിലായിരുന്നു പുസ്തക പ്രകാശനം.
വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ പ്രകാശന ചടങ്ങ് സമ്പന്നമായിരുന്നു. ചികിത്സക്കിടെ യുവരാജിനെ ലണ്ടനില്‍ കണ്ടപ്പോള്‍ തനിക്ക് കണ്ണീരടക്കാനായില്ലെന്ന് സച്ചിന് ഓര്‍മ്മിച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ ശക്തമായി തിരിച്ചു വരാന്‍ കഴിയുമെന്ന് ആശ്വസിപ്പിച്ചിരുന്നു. യുവിയുടെ പോരാളിയുടെ മുഖം പലതവണ ഗ്രൗണ്ടില്‍ കണ്ടിട്ടുള്ള തനിക്ക് അതുറപ്പായിരുന്നുവെന്നും സച്ചിന് പറഞ്ഞു. ഇളയ അനുജനാണ് എനിക്ക് യുവി. ദൈവത്തോട് പലതവണ ഞാന്‍ ചോദിച്ചു. എന്തിനാണ് ഇവന് രോഗം നല്‍കിയതെന്ന്. വാചകം മുഴുമിപ്പിക്കാതെ സച്ചിന് നിര്‍ത്തി.
ആദ്യമായി ടീമില്‍ ഇടംപിടിച്ചപ്പോള്‍ സച്ചിനെ നേരില്‍ കണ്ടത് യുവിയും ഓര്‍മിച്ചു. ഡ്രസിംഗ് റുമില് അദ്ദേഹത്തെ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് സച്ചിന് എന്റെ നേര്‍ക്കു തിരിഞ്ഞ് ബിസ്കറ്റ് ആവശ്യപ്പെട്ടത്. ഇതാണ് ആദ്യമായി സംസാരിച്ചതും. അന്ന് ആവശ്യപ്പെട്ട ബിസ്കറ്റ് ഇന്നും ലഭിച്ചിട്ടില്ലെന്ന് ഇതിനു മറുപടിയായി സച്ചിന് പറഞ്ഞതും ഏവരിലും ചിരിയുണര്‍ത്തി. യുവരാജ് രോഗവിവരം തന്നോടു പറയും മുന്‍പുതന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നതായി ക്യാപ്റ്റന്‍ എം.എസ്. ധോണി പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ തരിച്ചിരുന്നുപോയതായും അദ്ദേഹം വെളിപ്പെടുത്തി.
2011ലെ ലോകകപ്പില്‍ ധോണി അധികം സംസാരിച്ചിരുന്നില്ലെന്നും യുവി അനുസ്മരിച്ചു. വിക്കറ്റ് നഷ്ടപ്പെട്ട് താന്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ സഭാഷ് യുവി, ഞാന്‍ ജയിച്ചു വരാം എന്നു പറഞ്ഞാണ് ധോണി ഗ്രൗണ്ടിലേക്ക് പോയത്. ധോണി, വിരാട് കോഹ്ലി, വീരേണ്ടര്‍ സെവാഗ്, ആശിഷ് നെഹ്റ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: