കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് വിജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാനാവശ്യമായ 160 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക മറികടന്നത്. സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 240, 265. ശ്രീലങ്ക 346, മൂന്നിന് 160. ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയാണ് ശ്രീലങ്ക മികച്ച വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക 1-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി 157 റണ്‍സ് വഴങ്ങി 12 വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് മാന്‍ ഓഫ് ദി മാച്ച്. രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി സീരീസ്.
158ന് നാല് എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശ് 265 റണ്‍സിന് ഓള് ഔട്ടായി. തലേന്നത്തെ സ്കോറിനോട് രണ്ട് റണ്‍സ്കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. 36 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന മൊനിമുള്‍ ഹഖിന് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത ഹഖിനെ ഹെറാത്തിന്റെ പന്തില്‍ കരുണരത്നെ പിടികൂടി. സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന നാസിര്‍ ഹൊസൈന്‍ ഹെറാത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് മുഷ്ഫിഖര്‍ റഹിമും ഷൊഹാഖ് ഖാസിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 202-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 26 റണ്‍സെടുത്ത ഷൊഹാഖ് ഖാസിയെ ഹെറാത്തിന്റെ പന്തില്‍ ലക്മല്‍ പിടികൂടി. പിന്നീട് സ്കോര്‍ 228-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും മടങ്ങി. ഹെറാത്തിന്റെ പന്തില്‍ മാത്യൂസിന് ക്യാച്ച് നല്‍കിയാണ് മുഷ്ഫിഖര്‍ മടങ്ങിയത്. സ്കോര്‍ 239-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. 7 റണ്‍സെടുത്ത റൂബല്‍ ഹൊസൈനെ ദില്ഷന് ക്ലീന്‍ ബൗള്‍ഡാക്കി. അവസാന വിക്കറ്റില്‍ അബ്ദുള്‍ ഹസ്സനും റൊബിയുള്‍ ഇസ്ലാമും ചേര്‍ന്ന് ലങ്കന്‍ വിജയം താമസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 265-ല്‍ എത്തിയപ്പോള്‍ അവസാന വിക്കറ്റും വീണു. 10 റണ്‍സെടുത്ത റൊബിയുള്‍ ഇസ്ലാമിനെ എറംഗ ക്ലീന്‍ ബൗള്‍ഡാക്കി. 25 റണ്‍സെടുത്ത അബുള്‍ ഹസ്സന് പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഇന്നലെ ഹെറാത്തിന്റെ 35-ാം ജന്മദിനമായിരുന്നു. എറംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
തുടര്‍ന്ന് 160 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ലങ്കക്ക്വേണ്ടി കരുണരത്നെയും ദില്‍ഷനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 16 റണ്‍സെടുത്ത കരുണരത്നെയെ റൊബിയുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ദില്‍ഷനൊപ്പം ഒത്തുചേര്‍ന്ന സംഗക്കാര ലങ്കയെ മുന്നോട്ടുനയിച്ചു. പരമ്പരയിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന സംഗക്കാരയും ദില്‍ഷനും ചേര്‍ന്ന് സ്കോര്‍ 125-ല്‍ എത്തിച്ചു. 57 റണ്‍സെടുത്ത ദില്‍ഷനെ റൊബിയുള്‍ ഇസ്ലാം ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അധികം വൈകാതെ അര്‍ദ്ധസെഞ്ച്വറി നേടിയ സംഗക്കാരയും മടങ്ങി. 55 റണ്‍സെടുത്ത സംഗക്കാരയെ ഷൊഹാഗ് ഖാസി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് 13 റണ്‍സ് വീതമെടുത്ത തിരിമന്നെയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലങ്കയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: