മുംബൈ: പ്രതീക്ഷിച്ച പോലെ ഇക്കുറിയും റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകളില്‍ കുറവ് വരുത്തി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല് ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. അതേ സമയം കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്. റിവേഴ്സ് റിപ്പോ നിരക്ക് 6.5 ശതമാനമായും കുറച്ചു. കരുതല്‍ ധനാനുപാതം നാല് ശതമാനമായാണ് നിലനിര്‍ത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുമ്പോള്‍ നല്കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുക, നിക്ഷേപം വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് നിരക്കുകളില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഉയരുന്ന ഭക്ഷ്യവിലപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും കാരണം കൂടുതല്‍ ഇളവുകള്‍ സാധ്യമല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കി.
നിക്ഷേപം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐയുടെ മധ്യപാദ അവലോകനത്തില്‍ വ്യക്തമാക്കി. വളര്‍ച്ചയില്‍ ഇടിവ് ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ നിരക്കുകളില്‍ കാല് ശതമാനം കുറവ് വരുത്തുമെന്ന് വിപണി വൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ നിരക്കുകളില്‍ കുറവ് വരുത്തിയതുകൊണ്ട് മാത്രം നിക്ഷേപം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ പറഞ്ഞു. തുടര്‍ന്നും നിരക്കുകളില്‍ ഇളവ് വരുത്തുകയാണെങ്കില്‍ കറന്റ് അക്കൗണ്ട് കമ്മി ഉയരാനുള്ള സാധ്യത കൂടുതലാണെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. കറന്റ് അക്കൗണ്ട് കമ്മി അഞ്ച് ശതമാനമെന്ന റെക്കോഡ് നിരക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ധന വില വര്‍ധനവും കാര്‍ഷികോത്പന്നങ്ങളുടെ കുറഞ്ഞ തറ വില ഉയര്‍ത്തിയതും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്നും വിലയിരുത്തുന്നു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജനുവരിയിലാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല് ശതമാനം കുറവ് വരുത്താന്‍ ആര്‍ബിഐ തയ്യാറായത്.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജനുവരിയില്‍ വ്യാവസായിക ഉത്പാദനത്തില്‍ 2.4 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 5.4 ശതമാനമെന്ന് റെക്കോഡ് നിരക്കില്‍ എത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതും. ആര്‍ബിഐയുടെ നയം ശരിയായ ദിശയിലുള്ളതാണെന്ന് ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: