മരട്: നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലം പദ്ധതി ഉപേക്ഷിച്ചതായി സൂചന. 30 കോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന പാലത്തിന് ബജറ്റില്‍ ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. തുടക്കത്തില്‍ 14 കോടിയില്‍പരം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും മറ്റും ലഭിച്ചിരുന്നുവെങ്കിലും വെറും സാങ്കേതികത്വം പറഞ്ഞ് പാലം നിര്‍മ്മാണ പദ്ധതിയെ ചിലതല്പര കക്ഷികള്‍ അട്ടിമറിക്കുകയായിരുന്നു എന്നാണു സൂചന.
നെട്ടൂര്‍ പ്രദേശത്തെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് ഒരുപതിറ്റാണ്ടിലേറെയായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ പ്രദേശവാസികള്‍ ഈ ആവശ്യത്തിനായി നിരന്തര സമരങ്ങളും നടത്തിയിരുന്നു. ഇടതുപക്ഷം മരട് പഞ്ചായത്തും, സംസ്ഥാനവും ഭരിച്ചിരുന്ന കാലത്ത് ഇപ്പോഴത്തെ ഹൈവേ പാലത്തിനു സമാന്തരമായി ഇരുമ്പുപാലം നിര്‍മ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഭരണം അവസാനിക്കുന്നതുവരെ ഒന്നും നടന്നില്ല. ഇതിനിടെയാണ് കേന്ദ്രത്തിലും, കേരളത്തിലും, മരട് നഗരസഭയിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തില്‍ വന്നത്. സ്ഥലം എംഎല്‍എ കെ.ബാബു മന്ത്രിയായി ചുമതലയേറ്റശേഷം സമാന്തര പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു.
എസ്റ്റിമേറ്റ് തയ്യാറാക്കി ടെക്നിക്കല്‍ സാങ്ങ്ഷനും, ഭരണാനുമതിയും ലഭിച്ചതായും മന്ത്രി തന്നെ പലവട്ടം പൊതുവേദികളില്‍ പ്രസംഗിച്ചുനടന്നു. എന്നാല്‍ പൊട്ടുന്നനെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പാലത്തിന് ഉയരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിതേടാന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. ഇതോടെ നിര്‍മ്മാണചെലവ് 30 കോടിയോളമായി ഉയര്‍ന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള പ്രചരങ്ങള്‍ ഒരുവശത്തു നടക്കുമ്പോള്‍തന്നെ, പാലം പണി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ മറ്റൊരുവശത്തുമുന്നേറി.
ഇതിനിടെ ജനങ്ങളെ വിഢികളാക്കുന്നതരത്തില് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പ്രസ്താവനാ പ്രഹസനങ്ങളുമായി രംഗത്തുവന്നുകൊണ്ടിരുന്നു. ബജറ്റില്‍ നെട്ടൂര്‍ സമാന്തര പാലത്തിന് ഒരു പൈസപോലും വകയിരുത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിക്കായി കാത്തിരിക്കുകയാണ് നെട്ടൂര്‍ നിവാസികളായ നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: