തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി രാഷ്ട്രീയം വെടിഞ്ഞ് എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്രശ്നപരിഹാരത്തിനായി മന്ത്രിസഭാ ഉപസമിതി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സാജുപോളിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി പലപ്രാവശ്യം യോഗം ചേര്‍ന്നെങ്കിലും പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഒരു വഴി ഉരുത്തിരിഞ്ഞിട്ടില്ല. സഭകളുടെ പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം 1908 ല്‍ ആരംഭിച്ചതാണ്. കോടതി ഇടപെടലുണ്ടായിട്ടും തര്‍ക്കങ്ങള്‍ തുടരുകയാണ്. വിശ്വാസപരമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്.
എങ്കിലും, ക്രമസമാധാന പ്രശ്നമായി പള്ളിത്തര്‍ക്കങ്ങള്‍ മാറുമ്പോള്‍ സര്‍ക്കാര്‍ കോടതി വിധിക്കനുസൃതമായി താല്‍ക്കാലിക സജ്ജീകരണങ്ങല് ഏര്‍പ്പെടുത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ ഏഴു പള്ളികളിലും ഇടുക്കി ജില്ലയിലെ രണ്ടുപള്ളികളിലും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ ഓരോ പള്ളിയും പൂട്ടികിടക്കുകയാണ്. തര്‍ക്കമുള്ള പള്ളികളില്‍ വിശ്വാസികള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ സംബന്ധിച്ച് എറണാകുളം ജില്ലയില്‍ 69 കേസുകളും പത്തനംതിട്ടയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസും ഇതിലുണ്ട്. പത്തനംതിട്ടയിലെ കേസ് വിചാരണയുടെ അവസ്ഥയിലും മറ്റു കേസുകള്‍ കോടതിയുടെ പരിഗണനയിലും അന്വേഷണഘട്ടത്തിലുമാണെന്നും മന്ത്രി പറഞ്ഞു.
നാടോടി സ്തീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് നൈറ്റ് ഷെല്‍ട്ടറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. 10 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലായിരിക്കും ഇതെന്നും കെ.കെ.ലതികയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ആറന്മുളയിലെ കേപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജിന് മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയശേഷം അനുമതി നല്‍കുമെന്ന് കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടിയായി മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: