മൊഹാലി: ഓസ്ട്രേലിയയെ മൂന്നാം ടെസ്റ്റിലും തകര്‍ത്തെറിഞ്ഞ് ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ വിജയതീരമണിഞ്ഞത്.
രണ്ടാം ഇന്നിങ്ങ്സില്‍ 233 റണ്‍സിന് ഓസീസിനെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ 33.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിന്റെ വിജയലക്ഷ്യം പിന്നിട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി മൂന്നു ബൗണ്ടറികള്‍ പായിച്ച് ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍മാരായ മുരളി വിജയ്(26) ചേതേശ്വര്‍ പൂജാര (28), സച്ചിന് തെന്‍ഡുല്‍ക്കര്‍ (21), വിരാട് കോഹ്ലി (34) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് നേടി. നാലാം ടെസ്റ്റ് വെള്ളിയാഴ്ച ദല്‍ഹിയില്‍ തുടങ്ങും. ആദ്യ ദിനം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയ ടെസ്റ്റില്‍ ഇന്ത്യക്ക് ജീവന് നല്‍കിയത് അഞ്ചാം ദിനമായ ഇന്നലെ തകര്‍ത്താടിയ ബൗളര്‍മാരായിരുന്നു. സ്കോര്‍ ഓസ്ട്രേലിയ: 408, 223. ഇന്ത്യ: 499, 4ന് 136. ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത് ഇത് ആദ്യമാണ്. ആദ്യ ഇന്നിംഗ്സില്‍ 187 റണ്‍സ് നേടിയ ധവാന് പരിക്കിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് എത്തിയില്ല. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.
മൂന്നിന് 75 റണ്‍സ് എന്ന നിലയില്‍ അവസാനദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന് നഥാന്‍ ലിയോണിനെ പ്രഗ്യാന്‍ ഓജ ധോണിയുടെ കൈകളിലെത്തിച്ച് ഇന്ത്യന്‍ കുതിപ്പിന് തുടക്കമിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റ് വീഴ്ച മാത്രമായിരുന്നു. പിന്നാലെ പുറംവേദനയുമായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പരമ്പരയില്‍ അഞ്ചാം തവണയും രവീന്ദ്ര ജഡേജക്ക് മുന്നില്‍ കീഴടങ്ങിയാണ് 18 റണ്‍സെടുത്ത ക്ലാര്‍ക്ക് മടങ്ങിയത്. സ്കോര്‍ 5ന് 119. നാല് റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ഓസീസിന് നഷ്ടമായി. ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ട ഹ്യൂഗ്സാണ് ഇത്തവണ പവലിയനിലേക്ക് മടങ്ങിയത്. 69 റണ്‍സെടുത്ത് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോററായ ഹ്യൂഗ്സിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 6ന് 123. തൊട്ടുപിന്നാലെ ഹെന്റിക്വസും മടങ്ങി. രണ്ട് റണ്‍സെടുത്ത ഹെന്റിക്വസിനെ ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി. സ്കോര്‍ 143-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 13 റണ്‍സെടുത്ത സിഡിലിനെ ഓജ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ബ്രാഡ് ഹാഡിനും മിച്ചല്‍ സ്റ്റാര്‍ക്കും ഒത്തുചേര്‍ന്നത് ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തെലൊന്ന് ബാധിച്ചു. ഇരുവരും ചേര്‍ന്ന് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഹാഡിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന വിക്കറ്റില്‍ രണ്ടും കല്പിച്ച് പൊരുതിയ സ്റ്റാര്‍ക്കും ദോഹര്‍ട്ടിയും ചേര്‍ന്ന് 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. ഒടുവില്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ 35 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ജഡേജയുടെ പന്തില്‍ അശ്വിന് പിടികൂടിയതോടെ ഓസീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു. 18 റണ്‍സുമായി ദോഹര്‍ട്ടി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഓജയും അശ്വിനും രണ്ടും വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
133 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍മാരായ മുരളി വിജയും ചേതേശ്വര്‍ പൂജായും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 റണ്‍സെടുത്ത മുരളി വിജയിനെ ദോഹര്‍ട്ടിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് സ്റ്റാമ്പ് ചെയ്തതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത പൂജാരയും മടങ്ങി. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പൂജാര പുറത്തായത്. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ 34 റണ്‍സെടുത്ത വിരാട് കോഹ്ലിയും 116-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത സച്ചിന് റണ്ണൗട്ടായും മടങ്ങിയപ്പോള്‍ ഇന്ത്യ നേരിയ സമ്മര്‍ദ്ദത്തിലായെങ്കിലും ക്യാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: