ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ മലിനീകരണം സൃഷ്ടിക്കുന്നത് ചെറുകിട വ്യവസായ യൂണിറ്റുകളും മീഡിയം വ്യവസായ യൂണിറ്റുകളുമാണ്. വന്‍കിട വ്യവസായ യൂണിറ്റുകളില്‍ നാമമാത്രമായെങ്കിലും മലിനീകരണനിയന്ത്രണ ഉപാധികള്‍ സ്ഥാപിക്കുന്നതിനാല്‍ അല്‍പ്പമൊക്കെ വ്യവസായ മാലിന്യ സംസ്ക്കരണം നടക്കാറുണ്ട്. എന്നിരിക്കിലും വായു, ജലം, മണ്ണ് എന്നിവക്ക് പലപ്പോഴും ഇവ മൂലം മലിനീകരണം സംഭവിക്കുന്നത് സംസ്ക്കരണത്തിലെ അശാസ്ത്രീയതകൊണ്ടും സംസ്ക്കരിക്കുവാന്‍ മടികാണിക്കുന്നതിനാലും ഭാഗികമായ സംസ്ക്കരണം മൂലവുമാണ്. ഇത് പലപ്പോഴും കുടിവെള്ള സ്രോതസ്സുകളായ നദികളെയും കിണറുകളെയും മറ്റ് ഭൂഗര്‍ഭ ജലസ്രോതസ്സുകളെയും മലിനീകരിച്ച് കുടിവെള്ളം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു. ചിലപ്പോഴൊക്കെ വായു മലിനീകരണം മൂലം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. വന്‍കിട വ്യവസായ യൂണിറ്റുകളുടെ മലിനീകരണം ഇങ്ങനെയാണെങ്കില്‍ ഇന്ത്യയിലെ 867 വ്യവസായ എസ്റ്റേറ്റുകളിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളൊന്നുമൊരുക്കാത്ത 30 ലക്ഷം എസ്എസ്ഐ (ചെറുകിട വ്യവസായ സംരംഭങ്ങള്‍) യൂണിറ്റുകള്‍ മൂലം സൃഷ്ടിയ്ക്കപ്പെടുന്ന മലിനീകരണത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. സ്ഥലപരിമിതി, പണം മുടക്ക്, മാനവവിഭവശേഷി, ഒറ്റയ്ക്കുള്ളസംസ്ക്കരണം എന്നിവയൊക്കെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കുള്ള മലിനീകരണ നിയന്ത്രണ ഉപാധികള്‍ സ്ഥാപിക്കുവാന്‍ പരിധികളും പരിമിതികളും സൃഷ്ടിക്കുന്നുവെന്നാണ് വ്യവസായികളുടെ ആക്ഷേപം.
ലക്ഷക്കണക്കിനുള്ള എസ്.എസ്.ഐ യൂണിറ്റുകളില്‍ വെറും പതിനായിരം മലിനീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഭാഗികമായിട്ടെങ്കിലും മാലിന്യ സംസ്ക്കരണ ഉപാധികള്‍ ഉള്ളത്. ഭാരതസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗികസാമ്പത്തിക സഹകരണത്താല്‍ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ 88 കേന്ദ്രീകൃത പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റുകളില്‍ വെറും 560 എംഎല്‍ഡി മലിനജലം മാത്രമാണ് സംസ്ക്കരിയ്ക്കപ്പെടുന്നത്. ബഹുഭൂരിഭാഗം മാലിന്യങ്ങളും വായുവിനേയും ജലത്തെയും മണ്ണിനേയും നിരന്തരം മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മലിനീകരണം ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വ്യവസായ സംരംഭകര്‍ക്ക് ലാഭത്തില്‍ മാത്രമാണ് കണ്ണ്. ആയതിനാല്‍ തന്നെ നിയമ ലംഘനത്തിനായി പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കും. പരിമിതിയില്നിന്നുകൊണ്ടുപോലും മലിനീകരണ നിയന്ത്രണ ഉപാധികള്‍ക്കായി അവര്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂട്ടുപിടിച്ച് പരിസ്ഥിതി മലിനീകരണത്തിന് മുതിരുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന വ്യവസായ മലിനീകരണ പ്രശ്നം. കര്‍ശനമായി നിയമങ്ങള്‍ നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശ്രമിക്കുന്നില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്.
രാജ്യത്തെ 78 പൊതു വ്യവസായ മാലിന്യ സംസ്ക്കരണ പ്ലാന്റുകളില്‍ കേന്ദ്രമലിനീകരണ തോതളക്കുന്ന അസംഖ്യം മാനദണ്ഡങ്ങളില്‍ പിഎച്ച് മൂല്യം, ബിഒഡി, സിഒഡി, ടിഎസ്എസ് എന്നീ നാല് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവൃത്തിക്കുന്നത് വെറും 25 ശതമാനം സംസ്ക്കരണ പ്ലാന്റുകള്‍ മാത്രമാണ്. ബാക്കി 11 മാനദണ്ഡങ്ങളില്‍ നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ തോതുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് മാലിന്യങ്ങളുടെ പരിധിയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരൊറ്റ പൊതു കേന്ദ്രീകൃത വ്യവസായ മാലിന്യ സംസ്ക്കരണ പ്ലാന്റുപോലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. ആന്ധ്രാപ്രദേശ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥാപിതമായിട്ടുള്ള 88 കേന്ദ്രീകൃത പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റുകളുടെ അവസ്ഥയും പരിതാപകരമാണ്. ഒരൊറ്റ പ്ലാന്റും ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ്. പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം അനിയന്ത്രിതമായി രാസമാലിന്യങ്ങള്‍ നിറയ്ക്കുകയാണ്. കെട്ടിക്കിടക്കുകയാണ്. ഇത് രൂക്ഷമായ മലിനീകരണത്തിലാണ് കലാശിക്കുന്ന്. അതായത് പൊതുവ്യവസായ മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ രാസമാലിന്യം കുന്നുകൂട്ടുന്നതിനുള്ള ഉപാധിയായും മാലിന്യങ്ങള്‍ സ്വന്തം വ്യവസായശാലകളില്‍നിന്നും കൈയൊഴിയുന്നതിനുള്ള മറയായും വ്യവസായ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുവെന്നത് പൊതുമാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ പരത്തുന്നു. ഈ സാഹചര്യത്തിലാണ് എടയാര്‍ വ്യവസായ മേഖലയിലെ വ്യവസായ മലിനീകരണത്തിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പൊതുമാലിന്യ സംസ്ക്കരണ സംവിധാനത്തെ കാണേണ്ടത്.
നിലവിലുള്ള മലിനീകരണം അധികരിക്കുന്നതിന് ഇടയാക്കാവുന്ന സംവിധാനം, എടയാര്‍ മേഖലയിലെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെയും പെരിയാറിനെയും കൂടുതല്‍ മലിനീകരിക്കും. വായുവിനെ കൂടുതല്‍ ദുഷിപ്പിക്കുവാന്‍ പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റ് ഇടയാക്കും. എടയാറില്‍ പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മിക്കുന്നതിനുമുമ്പ് ഉത്തരം ലഭിയ്ക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളില്‍നിന്നും പുറംതള്ളുന്ന വ്യവസായ മാലിന്യങ്ങള്‍ വ്യത്യസ്തമാണെന്നിരിക്കെ അവയ്ക്കെല്ലാംകൂടി ഒരൊറ്റ പൊതു സംസ്ക്കരണ പ്ലാന്റെന്ന ആശയം തന്നെ അശാസ്ത്രീയമല്ലേ? ലോകം വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ സംവിധാനങ്ങളിലേക്ക് മടങ്ങുന്ന ഈ കാലഘട്ടത്തില്‍ പൊതു മാലിന്യ സംസ്ക്കരണം ബാധ്യതയായി മാറില്ലേ? ഇത് പുറന്തള്ളപ്പെട്ട ടെക്നോളജിയാകില്ലേ?
വ്യത്യസ്തങ്ങളായ മാലിന്യങ്ങള്‍ വ്യത്യസ്തങ്ങളായ രാസഗുണങ്ങളാണ് കാണിക്കുക. ഈ മാലിന്യങ്ങളിലെ മാരകവിഷവും മാലിന്യത്തിന്റെ കഠിനതയും കുറയ്ക്കുവാനാണല്ലോ സംസ്ക്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ വ്യത്യസ്തങ്ങളായ രാസമാലിന്യങ്ങള്‍ പൊതുരാസ മാലിന്യസംസ്ക്കരണ പ്ലാന്റില്‍ കൂടിച്ചേരുമ്പോള്‍ കൂടുതല്‍ വിഷമയമായ മാലിന്യം നിര്മിക്കപ്പെടില്ലേ? ഈ പ്രതിപ്രവര്‍ത്തനത്തെ മറികടക്കുവാന്‍ ലോകത്ത് തന്നെ ആശ്രയിക്കാവുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇല്ലെന്നിരിക്കെ പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റുകളില്‍ വിവിധ വ്യവസായശാലകളിലെ മാലിന്യങ്ങള്‍ സംയോജിപ്പിക്കുന്നത് വലിയ വിപത്തുകള്‍ ക്ഷണിച്ചുവരുത്തില്ലേ? മലിനീകരിക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കുകയെന്ന തത്വം ഭാരത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള നിയമമാണ്. ഈ സാഹചര്യത്തില്‍ വ്യത്യസ്തങ്ങളായ വ്യവസായശാലകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റ് മലിനീകരണം നടത്തിയാല്‍ ആരാണ് നഷ്ടപരിഹാരം നല്‍കുക? വ്യക്തിഗത വ്യവസായശാലകള്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷമാലിന്യങ്ങള്‍ സംസ്ക്കരിക്കാതെ പൊതുമാലിന്യ സംസ്ക്കരണ സംവിധാനത്തിലേയ്ക്ക് തള്ളിവിടുന്നതുമൂലം അവര്‍ക്ക് മാലിന്യ സംസ്ക്കരണമെന്ന ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ലേ?
ഇന്ത്യയില്‍ വ്യവസായശാലകളുടെ മലിനീകരണ നിയന്ത്രണത്തിനായി നിയമങ്ങളുണ്ട്. എന്നാല്‍ പൊതുവ്യവസായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ മലിനീകരണത്തിനും നടപടികള്‍ക്കുമായി നിയമംപോലും രൂപീകരിച്ചിട്ടില്ല. അതുകൊണ്ട് കേന്ദ്രീകൃത പൊതുമാലിന്യസംസ്ക്കരണ പ്ലാന്റുകള്‍ക്ക് നേരെ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുക അസാധ്യമാകും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പൊതുകേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ എല്ലാം തന്നെ പരാജയമാണെന്ന് തെളിഞ്ഞിട്ടും പിന്നെന്തിനാണ് എടയാറില്‍ പൊതു കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. മാലിന്യം ഉല്പ്പാദിപ്പിക്കപ്പെടുന്നിടത്തുതന്നെ സംസ്ക്കരിക്കുകയെന്ന തത്വത്തിനെതിരല്ലെ പൊതുമാലിന്യ സംസ്ക്കരണ പ്ലാന്റ്? ഓരോ ഫാക്ടറിയുടെയും കുറഞ്ഞ അളവിലുളള മാലിന്യം കുറഞ്ഞ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംസ്ക്കരിക്കുന്നതിന് പകരം ഒട്ടനവധി വ്യവസായശാലകളുടെ വിവിധ രാസഗുണത്തോടുകൂടിയ രാസമാലിന്യങ്ങള്‍ കൂടിയ അളവില്‍ കേന്ദ്രീകരിച്ച് സംസ്ക്കരിക്കാന്‍ ഒരുങ്ങുന്നത് യുക്തിരഹിതമല്ലേ? ഭാരതത്തിലെ 78 പൊതുവ്യവസായ മാലിന്യ സംസ്ക്കരണ പ്ലാന്റുകളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ പുറത്തിറക്കിയ പത്ത് നിര്‍ദ്ദേശങ്ങളും വളരെ ശ്രദ്ധേയമാണ്. രാജ്യത്തെ പൊതുവ്യവസായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും പ്രവര്‍ത്തനം തൃപ്തികരമല്ല. അതുകൊണ്ട് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്ഡുകള്അവയുടെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തി ശരിയായ മാലിന്യ സംസ്ക്കരണം ഉറപ്പാക്കുകയും അറ്റുകുറ്റപ്പണികള്‍ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
പൊതുവ്യവസായ സംസ്ക്കരണ പ്ലാന്റുകളില്‍നിന്നും പുറത്തുവരുന്ന മലിനജലത്തിന്റെ ഗുണനിലവാരം നിയമപരമായ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നില്ക്കണമെങ്കില് വ്യവസായശാലകള്‍ നല്കുന്ന മാലിന്യങ്ങളുടെ ഗുണനിലവാരവും വ്യക്തമാക്കപ്പെടണം. അതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പ്രത്യേകം മാനദണ്ഡങ്ങളും നിയമങ്ങളും നിര്‍മിക്കണം. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണം. വ്യവസായ എഫ്ലുവന്റുകള് നിര്‍വീര്യമാക്കുന്ന പ്രവൃത്തികള്‍ക്കുള്ള രാസ-ഭൗതിക നടത്തിപ്പ് കൃത്യമാവുകയും സ്ലഡ്ജ് കുറയ്ക്കുകയും വേണം. ഇതിനായി പ്രതിദിനം രാസപദാര്‍ത്ഥങ്ങളുടെ നിര്വീര്യശേഷി പരീക്ഷിക്കുവാന്‍ പ്രത്യേകം ടെസ്റ്റുകള്‍ നടത്തണം. പൊതുവ്യവസായ മാലിന്യസംസ്ക്കരണ പ്ലാന്റുകളില്‍ വിദഗ്ദ്ധരെ നിയമിക്കണം. മാലിന്യത്തിലെ ഉപ്പ് മാറ്റുവാന്‍ റിവേഴ്സ് ഓസ്മോസിസ് എന്ന പ്രവര്‍ത്തനം നടത്തണം. പ്ലാന്റുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് അതത് സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. മാലിന്യ സംസ്ക്കരണത്തിന് വിവിധങ്ങളായ സംസ്ക്കരണ രീതികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ വ്യവസായശാലകളില്‍നിന്നും ടാങ്കര്‍ ലോറികളില്‍ പൊതുവ്യവസായ മാലിന്യസംസ്ക്കരണ പ്ലാന്റുകളില്‍ എത്തിക്കുന്ന നിലവിലെ സംവിധാനങ്ങള്‍ കുറ്റമറ്റതല്ല. അത് കുറ്റമറ്റതാക്കണം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രാജ്യത്ത് നിലവിലുള്ള പൊതുവ്യവസായ സംസ്ക്കരണ പ്ലാന്റുകളെക്കുറിച്ചുള്ള പ്രവര്‍ത്തനം വിലയിരുത്തലുകള്‍ ഇത്തരം പ്ലാന്റുകളുടെ ശരിയായ രീതിയിലല്ലെന്ന് ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ എടയാറില്‍ പൊതുവ്യവസായ സംസ്ക്കരണ പ്ലാന്റ് നിര്‍മാണത്തില്‍നിന്നും അധികാരികള്‍ പിന്മാറണം.
അന്താരാഷ്ട്ര വിപണിയില്‍ വ്യവസായശാലകള്‍ക്ക് സര്ട്ടിഫിക്കേഷന് ലഭിക്കണമെങ്കില്‍ ഉല്‍പ്പന്നത്തിന്റെ മേന്മ മാത്രം ഉറപ്പാക്കിയാല്‍ പോര ഉല്‍പ്പാദന രീതികളും പരിസ്ഥിതി സൗഹൃദ മാനേജ്മെന്റ് രീതികളും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് ഉല്‍പ്പന്നത്തിന്റെ ഒപ്പം ഉണ്ടാകുന്ന മാലിന്യം സംസ്ക്കരിക്കുകയെന്നതും വ്യവസായ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വം മറ്റൊരു സ്ഥാപനത്തിന്റെ തലയില്‍ കെട്ടിവെച്ച് ഉത്തരവാദിത്തത്തില്‍നിന്നും രക്ഷനേടുക മാത്രമായിരിക്കും പൊതുവ്യവസായ മാലിന്യ സംസ്ക്കരണ പ്ലാന്റിലൂടെ സംഭവിക്കുക. കൂടാതെ വളരെയേറെ മലിനീകരിച്ച എടയാര്‍ ഇനിയും കൂടുതല്‍ വിഷമയമാകുന്ന തലത്തില്‍ വായുവും മണ്ണും ജലസ്രോതസ്സുകളും വിധേയമാകും. സീറോ വേസ്റ്റ് എന്ന കമ്പനികളുടെ ആവശ്യം ജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തലത്തിലെത്തിക്കുന്നത് ആര്‍ക്കും നല്ലതല്ല. ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത്.
വ്യവസായം വേണം തൊഴില്‍ വേണം എന്നുപറയുമ്പോള്‍ തന്നെ ജനങ്ങളുടെ ആരോഗ്യത്തിനെതിരെ സന്ധി ചെയ്യാനാകുമോ? കുടിവെള്ളം മലിനീകരിക്കുന്ന വ്യവസായശാലകളെ പരിരക്ഷിക്കാനാകുമോ? മാരകവിഷമാലിന്യങ്ങള്‍ പൊതു സംസ്ക്കരണമെന്ന പേരില്‍ നാടുനീളെ വിതറാനാകുമോ? അതുകൊണ്ട് നമ്മുടെ രാജ്യത്ത് പരാജയപ്പെട്ട കേന്ദ്രീകൃത പൊതുരാസമാലിന്യ സംസ്ക്കരണ പ്ലാന്റ് എടയാറില്‍ പരീക്ഷിക്കരുത്. അത് നാടിനാപത്താണ്. അത് കേരളത്തിന്റെ ജീവനാഡിയായ പെരിയാറിലെ ജലത്തെ മലിനീകരിക്കുന്നതിന് ഇടയാക്കും.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: