മുഷ്ടി ചുരുട്ടി വിളിക്കുന്ന മുദ്രാവാക്യം മുഷ്ടിയില്നിന്നും ഹൃദയത്തിലേക്കെത്തുന്നില്ല എന്നതാണ് സ്വതന്ത്ര ഇന്ത്യ പിന്നിട്ട രാഷ്ട്രീയത്തിന്റെ ഒരു വലിയ പോരായ്മ. ബജറ്റ് പ്രസംഗവും അതിലെ ഉള്ളടക്കവും ആത്മാര്ത്ഥതയിലധിഷ്ഠിതമായിരിക്കണം. ഉദ്ദേശ്യശുദ്ധിയായിരിക്കണം അതിന്റെ സത്ത്. തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള കാഴ്ചപ്പാടുകള്‍ ബഡ്ജറ്റിന് ഇന്ധനമാകേണ്ടതുണ്ട്. രസിക്കാത്ത സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ച് വാഗ്ദാനങ്ങളുടെ പെരുമഴയില്‍ ജനങ്ങളെ കുളിപ്പിച്ച് കൈയ്യടിവാങ്ങുന്ന ഒന്നായി ബജറ്റ് മാറിക്കൂടാ. ബജറ്റിലെ വാഗ്ദാനങ്ങളും അതിന്റെ നടപ്പാക്കലും സമാന്തരരേഖകളെപോലെ പ്രയാണം നടത്തി ഒരിക്കലും ഒരു പൊതുബിന്ദുവില്‍ എത്തിപ്പെടാതെ ജനങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. കേന്ദ്രത്തില്‍ ചിദംബരവും കേരളത്തില്‍ കെ.എം.മാണിയും അവതരിപ്പിച്ച ബജറ്റുകള്‍ ജനവിരുദ്ധമെന്ന് പറയേണ്ടിവരുന്നത് ഈ പശ്ചാത്തലത്തിലാണ്.
2004 ല്‍ ഫിസ്ക്കല്‍ റെസ്പോണ്സിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) ആക്ട് നിലവില്‍വന്നത് ബജറ്റുകളുടെ പകിടകളിയില്‍ ജനസഞ്ചയം കബളിപ്പിക്കപ്പെടുന്ന ദുരവസ്ഥ കണ്ടുമടുത്തിട്ടായിരുന്നു. റവന്യൂക്കമ്മിയും, ധനക്കമ്മിയും കടിഞ്ഞാണില്ലാതെ പായുന്ന നിസ്സഹായതയ്ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യംകൂടി എഫ്ആര്‍ബിഎം ല്‍ ഉണ്ടായിരുന്നു. പ്രസ്തുത നിയമമനുസരിച്ച് 2009-2010 ആകുമ്പോഴേക്കും ബജറ്റില്‍ റവന്യൂകമ്മി പൂജ്യവും ധനക്കമ്മി ജിഡിപിയുടെ 3 ശതമാനത്തിലും താഴെയായിരിക്കണമെന്നാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഇതിനായി 2004 മുതല്‍ 0.5 ശതമാനം വീതം ഓരോ കൊല്ലവും കമ്മി കുറച്ചുകൊണ്ടുവരണമെന്ന നിശ്ചയവും പ്രസ്തുത നിയമത്തിന്റെ ഭാഗമാണ്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ അത് പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ മാണിയും അതേ വഴിതന്നെ പിന്തുടരുന്നു. കേരളത്തില്‍ കെ.എം.മാണിയുടെ പതിനൊന്നാമത് ബഡ്ജറ്റിലും റവന്യൂക്കമ്മി താഴോട്ടിറക്കാനായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ റവന്യൂകമ്മി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് 0.94 ശതമാനമാവുകയാണുണ്ടായത്. ധനകമ്മി 2.74 ശതമാനമാക്കി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴത് 3.12 ശതമാനമാണ്. ചുരുക്കത്തില്‍ ബജറ്റ് മാനേജ്മെന്റ് ആക്ട് പാലിക്കാത്ത കെ.എം.മാണിയുടെ ബജറ്റിനെയാണ് കേരളത്തിലെ മാധ്യമ ലോകം മികച്ച ബജറ്റായി ഉയര്‍ത്തിക്കാട്ടുന്നത്.
കേരളത്തില്‍ ബജറ്റ് നിര്‍ദ്ദേശങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന വിഷയവിദഗ്ധന്മാര് മണ്ണിന്റെ ഗുണവും മണവും ഉള്ളവരല്ല. മാധ്യമങ്ങളും ഇത്തരം ആളുകളുടെ അഭിപ്രായങ്ങളെ കണക്കിലെടുത്താണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഗ്രാമസ്വരാജിനും സ്വയം പര്യാപ്ത ഗ്രാമങ്ങള്ക്കുംവേണ്ടി നിലക്കൊണ്ട ഗാന്ധിജിയുടെ ആസൂത്രണ സങ്കല്‍പ്പങ്ങളെ പുച്ഛത്തോടെ കാണുകയും പാടെ അവഗണിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. കേരളത്തിലെ ബജറ്റ് ചര്‍ച്ചകളില്‍ മഷിയിട്ട് നോക്കിയാല്‍പോലും ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിന്റെ വക്താക്കളെ എങ്ങും കണ്ടെത്താനാകില്ല. ഇന്നും 58 ശതമാനത്തോളം ജനങ്ങള്‍ കാര്‍ഷിക മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുകയും ജിഡിപിയുടെ 18 ശതമാനം കാര്‍ഷിക രംഗമായിരുന്നിട്ടും നാം ഗ്രാമീണ സമ്പദ്വ്യവസ്ഥയേയും അതിന്റെ വക്താക്കളേയും ബോധപൂര്‍വ്വം ഒഴിച്ചു നിര്‍ത്തുകയാണ്. കോട്ടും, സ്യൂട്ടും, ടൈയ്യുമിട്ട് ആംഗലേയ പദപ്രയോഗങ്ങളിലൂടെ അക്കാഡമിക് മാലിന്യങ്ങള്‍ തുപ്പുന്ന ആസൂത്രണ വിദഗ്ധന്മാരിലൂടെ ഇന്ത്യയ്ക്കൊരിക്കലും സാമ്പത്തിക സ്വയംപര്യാപ്തത നേടാനാവില്ല. യൂറോപ്യന്‍ പച്ചപരിഷ്കാരം സ്ഫുരിക്കുന്ന സാമ്പത്തിക വൈദഗ്ധ്യം സ്വായത്തമാക്കിയ മന്മോഹന്സിംഗിന് ഇന്ത്യയിലെ കര്‍ഷകന്റെ വികാരങ്ങളെയും താല്പ്യങ്ങളേയും ഉള്‍കൊള്ളാനാവാതെ പരാജിതനാകേണ്ടിവരുന്നതും ‘അക്കാഡമിക്’ പശ്ചാത്തലം കൊണ്ടുകൂടിയാവാം !
കേരളത്തിലെ ബജറ്റ് ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്ന ഒരു പോരായ്മ മുന്‍ ബഡ്ജറ്റിലെ വാഗ്ദാനങ്ങളുടെ നടപ്പാക്കലിനെകുറിച്ച് ആരും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുന്നില്ല എന്നുള്ളതാണ്. ബജറ്റ് എന്നത് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ഒരു തുടര്‍ച്ചയാണ്. മാറിമാറി വരുന്ന ധനമന്ത്രിമാര്‍ മുന്‍ ബഡ്ജറ്റുകള്‍ പരിശോധിച്ചു പഠിച്ച് വര്‍ത്തമാന സാഹചര്യങ്ങളുമായി അവയെ കോര്‍ത്തിണക്കി ഭാവിക്കായി അത് അവതരിപ്പിക്കുകയാണ് പതിവ്. ഗിരിപ്രഭാഷണങ്ങള്ക്കും വാക്ധോരണിക്കും ചാട്ടുളിപ്രയോഗങ്ങള്ക്കും സാമര്‍ത്ഥ്യമുള്ള കെ.എം.മാണിയുടെ പുതിയ ബജറ്റ് കൈയ്യടി വാങ്ങിയത് സ്വാഭാവികമാണ്. സത്യസന്ധമായ ഒരു ബജറ്റ് പരിശോധന കെ.എം.മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നുറപ്പാണ്. കഴിഞ്ഞ ബഡ്ജറ്റില്‍ അദ്ദേഹം തൊടുത്തുവിട്ട വാഗ്ദാനങ്ങളെല്ലാം പാഴ് വേലയാവുകയാണുണ്ടായത്. മുന്‍ ബജറ്റ് നല്കിയ ഭൂരിപക്ഷം വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നനഞ്ഞ പടക്കങ്ങളായി മാലിന്യക്കൂമ്പാരത്തില്‍ കിടക്കുകയാണ്.
കെ.എം.മാണിയുടെ കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 253 പദ്ധതികളില്‍ 70 ശതമാനവും ഇപ്പോഴും ധനപരമായ ഭരണാനുമതിപോലും ലഭിക്കാത്ത അവസ്ഥയിലാണുള്ളത്. ബജറ്റ് അവതരിപ്പിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും 150 ലേറെ പദ്ധതികള്‍ ചാപിള്ളകളായ സംസ്ഥാനമാണ് കേരളം. പ്രസ്തുത പദ്ധതി പ്രഖ്യാപനങ്ങള്‍ എന്തിന് നടത്തിയെന്നതിന് ഭരണകൂടം മറുപടി നല്‍കേണ്ടതുണ്ട്. കൃഷി, വ്യവസായം അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്കി അവയൊക്കെ പുനരുജ്ജീവിപ്പിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം എങ്ങുമെത്തിയില്ല. പാലക്കാട്ടേയും കുട്ടനാട്ടിലേയും റൈസ് ബയോപാര്‍ക്ക്, കോക്കനട്ട് ബയോപാര്‍ക്ക്, ഗ്രീന്‍ ഹൗസ് സംരംഭം എന്നിവയെല്ലാം ഇപ്പോഴും കടലാസ്സില്തന്നെ വിശ്രമിക്കുകയാണ്. കെ.എം.മാണി എന്ന ധനമന്ത്രിക്ക് ആത്മാര്‍ത്ഥതയും ജനസ്നേഹവുമുണ്ടെങ്കില് ബജറ്റ് അവതരണത്തിനു മുമ്പ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് സംവദിക്കുകയാണ് വേണ്ടിയിരുന്നത്.
കേരളം ഇപ്പോള്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയില്‍ അകപ്പെട്ട് വലയുകയാണ്. കഴിഞ്ഞ ബജ്റ്റില്‍ 83 മെഗാവാട്ട് ശേഷിയുള്ള 5 ജലവൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 10,000 വീടുകളില്‍ സൗരവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നതും കെ.എം.മാണിയുടെ വാഗ്ദാനമായിരുന്നു. പുതുവൈപ്പിനില്‍ 1500 മെഗാവാട്ട് ശേഷിയുള്ള നിലയവും അന്ന് പ്രഖ്യാപിച്ചതിലുണ്ട്. പക്ഷേ ഇവയൊക്കെ ധനമന്ത്രിയുടെ കാര്യാലയത്തിലെ ശീതീകരണമുറിയില്‍ അടച്ചുവെച്ചതല്ലാതെ ഫലസിദ്ധിയൊന്നുമുണ്ടായില്ല. കേന്ദ്രം കേരളത്തിന് കാര്യമായി ഒരു പുതിയ സംരംഭത്തിനും പണം നല്‍കിയിട്ടില്ല. എന്നാല്‍ കേന്ദ്ര പദ്ധതികള്‍ക്കായി നല്കിയ വിഹിതത്തില്‍ 50 ശതമാനം പോലും ഇവിടെ ഉപയോഗിച്ചിട്ടുമില്ല. കേരള സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച തുകയുടെ നല്ലൊരു ശതമാനം ലാപ്സാവുകയും ചെയ്തു. ചുരുക്കത്തില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, മൂലധന നിക്ഷേപ സമാഹരണം, 3 ലക്ഷം പേര്‍ക്ക് പുതിയ തൊഴിലവസരം, മാലിന്യ പ്രതിസന്ധി പരിഹരിക്കല്‍ എന്നിവയെല്ലാം ആകപ്പാടെ അട്ടിമറിക്കപ്പെട്ടിരിക്കയാണ്.
ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോല് നമുക്ക് വേണ്ട ഭക്ഷ്യസാധനങ്ങളുടെ ഏതാണ്ട് പകുതിയോളം ഇവിടെ ഉല്പാദിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിനുവേണ്ട അരിയുടെ 9 ശതമാനം മാത്രമാണ് നമ്മുടെ ഉല്പാദനം. ഏഷ്യയിലെ ഏറ്റവും വലിയ കേരവിപണിയായ കേരളം ഇന്ന് തമിഴ്നാടിനും, ആന്ധ്രയ്ക്കുംവേണ്ടി വഴിമാറി പിന്നിലായിരിക്കുന്നു. ഇന്ത്യയിലെ കൊപ്ര ഉല്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലായിരുന്നെങ്കില്‍ ഇന്നത് 40 ശതമാന ത്തിലും താഴെയാണ്. 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന തെങ്ങ് എന്ന നാണ്യവിളയുടെ തകര്‍ച്ച നമ്മുടെ നാടിന്റെ ആത്മാവിനേറ്റ ക്ഷതമാണ്. റബ്ബര്‍, കാപ്പി. ഏലം, കുരുമുളക് തുടങ്ങിയ തോട്ടവിളകളുമായി ബന്ധപ്പെട്ട കുടുംബങ്ങളും തകര്‍ച്ചയിലാണ്. ബ്രിട്ടീഷുകാര്‍ തോട്ടവിള മേഖലയില്‍ കേരളത്തിന് പ്രാമുഖ്യം നേടി തന്നുവെങ്കില്‍ നമ്മുടെ ജനകീയ ഭരണങ്ങള്‍ അതും തകര്‍ത്തിരിക്കുന്നു. കാപ്പി കൃഷിയുടെ 24 ശതമാനവും ഏലം ഉല്പാദനത്തിന്റെ 70 ശതമാനവും റബ്ബര്‍ ഉല്പാദനത്തിന്റെ 83 ശതമാനവും കേരളത്തിനവകാശപ്പെട്ടതായിരുന്നു. ഇന്നവയൊക്കെ താഴോട്ടാണ്. കശുവണ്ടി, തേയില, മരച്ചീനി, അടയ്ക്ക ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ ഉല്പാദനവും ഇവിടെ തകരുകയാണ്. കാര്‍ഷികരംഗം മുതല്‍ കായികരംഗം വരെ സമസ്ത മേഖലകളിലും മുരടിപ്പും, പിന്നോട്ടുപോകലുംമൂലം കേരളം നട്ടംതിരിയുകയാണ്. ഇവയൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള അടിസ്ഥാനപരിഹാരങ്ങള് ബജറ്റുകളില്‍ കാണാനില്ല.
കേരള ബജറ്റിന്റെ 68 ശതമാനം ശമ്പളം, പെന്ഷന് എന്നിവയ്ക്കും മറ്റുമായി ചിലവഴിക്കുകയാണ്. പലിശ കൊടുത്ത് മുടിയുന്ന നാടാണ് കേരളം. ഇന്ത്യയിലെ ആധുനിക ബകന്മാരുടെ നാടും ഇതുതന്നെയാണ്.ഇന്ത്യന്‍ ജനസംഖ്യയുടെ 2.75 ശതമാനം മാത്രമുള്ള കേരളം, ഇന്ത്യയിലെ മൊത്തം ഉപഭോഗത്തിന്റെ 15 ശതമാനത്തിലധികം തിന്നുതീര്‍ക്കുകയാണ്. നമ്മുടെ കാര്‍ഷിക-വ്യാവസായിക മേഖലകളിലെ വളര്‍ച്ച പിന്നോട്ടാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പുറംനാട്ടില്നിന്നുവരുന്ന മണിയോര്‍ഡറുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഉല്പാദന ചിലവ് കൂടിയ കേരളത്തിന് അതിന്റെ ഉല്പാദനങ്ങള് അന്യനാടുകളുമായി മത്സരിച്ച് വില്ക്കാന് സാധിക്കാത്ത ദുരവസ്ഥയുമാണുള്ളത്. ഇതൊന്നും കാണാത്ത ഒരു ബഡ്ജറ്റ് എങ്ങനെ ജനപ്രിയമാകും ?
വികസന മുരടിപ്പിന്റെയും, രൂക്ഷമായ വിലക്കയറ്റത്തിന്റെയും നാളുകളാണ് കെ.എം.മാണിയുടെ ബഡ്ജറ്റില്‍ പതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്ന പൊതുമേഖലാ സ്ഥാപനത്തിന് ഓക്സിജന്‍ നല്കി ജീവന് രക്ഷിക്കാനുള്ള തുകപോലും ബജറ്റിലില്ല. വാറ്റ് നികുതി 1 ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി പല ഉല്പന്നങ്ങളുടെയും വില ഉയരാന്‍ പോകുകയാണ്. പെന്ഷന് പ്രായത്തിന്റെ കാര്യത്തില്‍പോലും നട്ടെല്ല് നിവര്‍ത്തിനിന്ന് പരസ്യപ്രഖ്യാപനം നടത്താന്‍ ധനമന്ത്രിക്കായിട്ടില്ല. വരവും ചിലവും തമ്മില്‍ ഒത്തുപോകാത്ത മറ്റൊരു കമ്മി ബഡ്ജറ്റാണ് മാണി അവതരിപ്പിച്ചിട്ടുള്ളത്. 58057.88 കോടി രൂപ റവന്യൂ വരവ് കണക്കാക്കുന്ന ബജറ്റാണിത്. എന്നാല്‍ അതിലും കൂടിയ തുക വ്യഭിചാരം, ഹവാല, മദ്യം, വാഹനം, കെട്ടിട നിര്‍മ്മാണം, മണ്ണ് എന്നീ മേഖലകളിലെ മാഫിയകള്‍ കൈകാര്യം ചെയ്യുന്നതായി ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് തന്നെ തുറന്നുകാട്ടിയിട്ടുണ്ട്.
ഇതുകൂടാതെ സമാന്തര കള്ളപ്പണ സംവിധാനങ്ങളും കേരളത്തിലരങ്ങുതകര്ക്കുന്നു. കേരള ബജറ്റിലെ വരവ് ചിലവ് തുകയേക്കാള്‍ കൂടുതല്‍തുക പ്രവാസികളില്‍നിന്നും, അന്യസംസ്ഥാനക്കാരില്നിന്നും ഇവിടേക്കൊഴുകിയെത്തുന്നു. 2008 ല്‍ വിദേശത്തുള്ള 22 ലക്ഷം മലയാളികള്‍ കേരളത്തിലേക്കയച്ചത് 43,288 കോടി രൂപയായിരുന്നു. അനധികൃതമായി വരുന്ന തുക ഇതിലും കൂടുതലാണ്. ചുരുക്കത്തില്‍ ബജറ്റ് അവതരിപ്പിച്ച കെ.എം. മാണിയുടെയോ ഭരണകൂടത്തിന്റെയോ കാര്യമായ പിടിയിലല്ല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുള്ളത്. വിദേശത്തുനിന്നുംവരുന്ന കണക്കില്പ്പെട്ടതോ അല്ലാത്തതോ ആയ പണം പ്രത്യുത്പാദനമേഖലകളിലേക്ക് തിരിച്ചുവിടാന്‍ എല്‍ഡിഎഫ് – യുഡിഎഫ് ഭരണകൂടങ്ങള്‍ക്കായിട്ടില്ല. ചുരുക്കത്തില്‍ മനുഷ്യമുഖമുള്ള വികസനം എന്നൊക്കെ ഭരണക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും നമ്മുടെ ബജറ്റ് വികസനോന്മുഖമെന്നോ പ്രയോഗികമെന്നോ പറയാനായിട്ടില്ല. ഇത് ഒരു കേവല വാര്ഷികവഴിപാട് മാത്രമാകുന്നു. ജനപക്ഷത്തുനിന്നുകൊണ്ട് ഈ ബജറ്റിനെ ആര്‍ക്കും സ്വാഗതം ചെയ്യാനാവില്ല.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: