അതിഗുരുതരമായ വരള്‍ച്ച, കാര്‍ഷിക മേഖലയിലെ തളര്‍ച്ച, രൂക്ഷമായ ഭക്ഷ്യ വിലക്കയറ്റം, പെരുകുന്ന തൊഴിലില്ലായ്മ, അനുദിനം വര്‍ദ്ധിക്കുന്ന പൊതുകടം, നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനത്തിന് പ്രതീക്ഷിക്കാന്‍ ഏറെയൊന്നുമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ചവയും പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടവയുമായ ചെറുതും വലുതുമായ പരിപാടികളെക്കുറിച്ച് വിശദമായി വിവരിച്ച് രണ്ടര മണിക്കൂറിലധികം ബജറ്റ് പ്രസംഗത്തിനെടുത്ത ധനമന്ത്രി ബജറ്റിന്റെ ഫോക്കസ് നഷ്ടപ്പെടുത്തുകയാണുണ്ടായത്. എല്ലാവര്ക്കും ഭക്ഷണം, പാര്‍പ്പിടം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെല്ലാം ബജറ്റിന്റെ ലക്ഷ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും അവക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളൊന്നും തുലോം കുറവാണ്.
എല്ലാ തരം ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിച്ചത് ആ വിഭാഗങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസകരമായിരിക്കും. അതോടൊപ്പം ജനപ്രതിനിധികളുടെ ഓണറേറിയവും ആയിരം രൂപ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം 2014ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. കേരളത്തെ യാചക വിമുക്തമാക്കാനുള്ള പദ്ധതിക്കായി പത്തരകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുറമെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മുന്നോക്ക സമുദായങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും ചില്ലറ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂനപക്ഷ വികസന ഫൈനാന്‍സിങ്ങ് കോര്പ്പറേഷന് 8.67 കോടി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറേഴ് വര്‍ഷമായി കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. പതിനൊന്നാം പദ്ധതിക്കാലത്ത് കാര്‍ഷിക മേഖലയുടെ വാര്‍ഷിക ഉത്പാദനം 1.33 ശതമാനം ഇടിഞ്ഞതായിരുന്നു. 2010-11 ല്‍ 4.5 ശതമാനം തളര്‍ച്ചയും 2011-2012ല്‍ 1.6 ശതമാനം തളര്‍ച്ചയും അനുഭവപ്പെട്ടു.
കാര്‍ഷിക മേഖല സംസ്ഥാന ഉത്പാദനത്തിന്റെ (എസ്ഡിപി) വെറും 9.1 ശതമാനമായി കുറയുകയും ചെയ്തു. രൂക്ഷമായ വരള്‍ച്ച മൂലം നടപ്പുവര്‍ഷം കാര്‍ഷികോത്പാദനം വീണ്ടും കുറഞ്ഞേക്കും. എന്നിരുന്നാലും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പര്യാപ്തമല്ല. 7000 തടയണകള്‍ക്കായി 400 കോടിയും വയനാട്ടിലും അട്ടപ്പാടിയിലും പുതിയ ഡാമുകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വരള്‍ച്ചാ ദുരിതാശ്വാസമെന്ന നിലക്ക് ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളാനും ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ സഹകരണ സംഘങ്ങളിലൂടെ ലഭ്യമാക്കാനും വിളനഷ്ടം തടയുന്നതിന് കര്‍ഷകരെ സഹായിക്കാനായി പരിമിതമായ തോതില്‍ എല്ലാവിളകളെയും എല്ലാതരം കര്‍ഷകരേയും ഉള്‍ക്കൊള്ളിച്ച “സമഗ്ര റിസ്ക് ഇന്‍ഷൂറന്‍സ്” പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. എന്നാലിതിന് വെറും 20 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. അതോടൊപ്പം തമിഴ്നാട്ടിലെപ്പോലെ വ്യക്തികളുടെ കാര്‍ഷികാദായ നികുതി എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാനായി.
കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച റെയ്സ് പാര്‍ക്കുകള്‍, നാളികേര ബയോ പാര്‍ക്കുകള്‍ പഞ്ചായത്തുകളിലെ ഗ്രീന്‍ ഹൗസുകള്‍ എന്നിവ വിപുലമാക്കുന്നതോടൊപ്പം ചില പുതിയ നിര്‍ദ്ദേശങ്ങളുമുണ്ട്. നെല്‍ സംഭരണ സമയത്ത് കര്‍ഷകര്‍ക്ക് റൊക്കം പണം നല്‍കുന്നതിന് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും റിവോള്‍വിങ്ങ് ഫണ്ട് ഏര്‍പ്പെടുത്തുക വഴി കര്‍ഷകര്‍ക്ക് റൊക്കം പണം ലഭിക്കുവാനുള്ള അവസരം നല്‍കും. കര്ഷകമാളുകളും കോള്‍ഡ് സ്റ്റോറേജുകളും തുടങ്ങി മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവ കൃഷി വികസനം പതിനായിരം ഹെക്ടര്‍ കൃഷിത്തോട്ടങ്ങള്‍ എന്നിവയും ഹൈടെക് കൃഷിക്ക് ഏക്കര്‍ ഒന്നിന് പതിനായിരം രൂപ ധനസഹായവും ലഭ്യമാക്കും. തെങ്ങുകര്‍ഷകരുടെ വരുമാനവര്‍ദ്ധനവിനായി പത്തുജില്ലകളില്‍ നീര ഉത്പാദിപ്പിക്കാന്‍ പതിനഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തടയണകള്‍ക്ക് പുറമെ മഴവെള്ള സംഭരണവും വ്യാപകമാക്കും. വിദ്യാലയങ്ങളില്‍ മഴവെള്ള സംഭരണത്തിന് അമ്പതിനായിരം രൂപ വീതം ലഭ്യമാക്കും. കട്ടപ്പന കൃഷിഭവനില്‍ ആരംഭിച്ച കാര്‍ഷിക കര്‍മ്മസേനയുടെ സേവനം എല്ലാ കൃഷിഭവനിലേക്കും വ്യാപിപ്പിച്ച് തൊഴിലാളി ക്ഷേമം പരിഹരിക്കാനും നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധന മേഖലയിലും ഗുണമേന്മ ഉറപ്പാക്കാന്‍ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും ചില നിര്‍ദ്ദേശങ്ങളുണ്ട്. രണ്ട് ആധുനിക മത്സ്യമാളുകളും അമ്പത് ആധുനിക മാര്‍ക്കറ്റുകളും സ്ഥാപിക്കും. തീരദേശ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പത്ത് മത്സ്യ സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കും.
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി എന്നിവക്കുള്ള ചില നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. കയര്‍ കയറ്റുമതി സംസ്കരണ പ്ലാന്റ് ആലപ്പുഴയില്‍ സ്ഥാപിക്കും. പാറ്റന്റുകള്ക്കും അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കി വ്യാവസായിക ഇന്നോവേഷന്‍ പ്രേരിപ്പിക്കും. സംസ്ഥാനത്ത് ഇന്നോവേഷന്‍ മീറ്റ് സംഘടിപ്പിക്കും. സൃഷ്ടിക്കപ്പെടുന്ന ഓരോ തൊഴിലിലും ആയിരം രൂപ സ്റ്റാര്‍ട്ടപ്പ് സബ്സിഡി ലഭിക്കും. അടിസ്ഥാന മേഖലയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര തുക മാറ്റിവെച്ചിട്ടില്ല. റോഡുകളുടെ അറ്റകുറ്റപണികള്‍ക്കും അപ്ഗ്രഡേഷനും അതുമതിയാകില്ല. ഗുണനിലവാരമില്ലാത്ത റോഡുകള്‍ ശാപമായി തുടരും. ശബരിമല പാതയുടെ പ്രവര്‍ത്തനം ഈ വര്‍ഷം തുടങ്ങുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ശബരിമല മാസ്റ്റര്‍ പ്ലാനിന് ഈ വര്‍ഷവും 25 കോടി രൂപയും സീറോ വേസ്റ്റ് പദ്ധതിക്ക് അഞ്ച് കോടിയും ലഭ്യമാക്കും.
ഊര്‍ജ്ജമേഖലക്കും പ്രത്യേകിച്ച് സൗരോര്‍ജ്ജ മേഖലക്ക് കുറച്ചെങ്കിലും പ്രാധാന്യം നല്‍കിയിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. ജലനിരപ്പില്‍ ഒഴുകിക്കിടക്കുന്ന സൗരോര്ജ്ജപാനലുകള്ക്ക് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അറുപത് മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജത്തില്‍ നിന്നും ലക്ഷ്യമിട്ടിട്ടുള്ളത്. ഡീസല്‍ വിലവര്‍ദ്ധനവ് മൂലം പ്രതിസന്ധിയിലായ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പ്രത്യേക ഗ്രാന്റായി നൂറുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒരാഴ്ചത്തെ നഷ്ടം നികത്താന്‍ പോലും പര്യാപ്തമല്ല. പകരം കെഎസ്ആര്‍ടിസിയെ സമഗ്രമായ ഒരു പുനരധിവാസത്തിനുള്ള ബൃഹത് പദ്ധതിയായിരുന്നു വേണ്ടിയിരുന്നത്.
2012ലെ സാമ്പത്തിക റിവ്യൂ അനുസരിച്ച് തൊഴിലില്ലായ്മയില്‍ നാലാം സ്ഥാനത്താണ് കേരളം. 2012 സെപ്തംബര്‍ വരെ 45 ലക്ഷം പേര് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 27.4ലക്ഷവും സ്ത്രീകളാണ്. കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച രണ്ട് സ്കില്‍ വികസന പരിപാടികള്‍ തുടരുന്നതല്ലാതെ പുതിയ വലിയ പദ്ധതികളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. എല്ലാ കോളേജുകളിലും പ്ലേസ് മെന്റ് സെല്‍ രൂപീകരിക്കാനും നല്ല പ്രവര്‍ത്തന പാരമ്പര്യമുള്ള സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പ്രതിഭ പുരസ്കാരങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി തൊഴില്‍ മേഖല ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ല. തൊഴില്‍ ദായകര്‍ക്ക് നാമമാത്രമായ ചില പ്രോത്സാഹനങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതേ സമയം 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്ക് അപകടം, മരണം, തുടങ്ങിയവ ഉണ്ടായാല്‍ നല്‍കാനുള്ള ക്ഷേമനിധിയായി അമ്പത് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.
സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ക്ക് സ്വയം പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാന്‍ അവസരം നല്‍കും. റീജ്യണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവിയും നാല് ജില്ലാകേന്ദ്രങ്ങളില്‍ സംസ്ഥാന പദവിയോടെ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. ഭൂമിയുടെ ന്യായവില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും രജിസ്രേഷന്‍ ഫീസില്‍ രണ്ട് ശതമാനം കുറവു വരുത്തിയത് തുടക്കമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. 1938 കോടി രൂപയുടെ അധികവരുമാനമാണ് നികുതി നിര്‍ദ്ദേശത്തിലൂടെ ധനമന്ത്രി ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം കേന്ദ്ര നികുതികളുടെ പങ്ക് പതിമൂന്നാം ധനകാര്യ കമ്മീഷന് 2.3 ശതമാനമായി വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. പതിനൊന്നാം ധനകാര്യ കമ്മീഷന് കേരളത്തിന് 3.1 ശതമാനവും പന്ത്രണ്ടാം ധനകാര്യ കമ്മീഷന് 2.7 ശതമാനവും തന്നിരുന്നതാണ് പതിമൂന്നാം കമ്മീഷന് വെട്ടിക്കുറച്ചത്.
കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അനുദിനം പെരുകുന്ന പൊതു കടമാണ്. 2001 – 2002ല്‍ 26950 കോടിയും 2009-10ല്‍ 70969 കോടി രൂപയുമായിരുന്ന പൊതുകടം 2011-12 ല്‍ 89418 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നടപ്പുവര്ഷത്തോടെ ഇത് ഒരു ലക്ഷം കോടിയിലധികമാകും. പ്രതിശീര്‍ഷകടം 2009-10ല്‍ 19900 രൂപയായിരുന്നത് 2011-12ല്‍ 24600 കോടിയായി ഉയര്‍ന്നു. 2011-12 വര്‍ഷത്തില്‍ മൊത്തം കടമെടുത്ത 32781 കോടി രൂപയില്‍ 28330 കോടിയും പഴയ കടം തിരിച്ചടക്കാനും പലിശ ബാധ്യതക്കും മാത്രമായി ചിലവാക്കേണ്ടിവന്നു. അതായത് വെറും 13.6ശതമാനം കടമെടുത്ത തുകമാത്രമേ ആ വര്‍ഷത്തെ ആവശ്യത്തിന് ലഭിച്ചുള്ളൂ. ഇത് അപകടകരമായ അവസ്ഥയാണ്. ഇതിനെ ചെറിയ തോതിലെങ്കിലും പരിഹരിക്കാനുള്ള നീക്കമൊന്നും ബജറ്റിലില്ലാത്തത് നിരാശാജനകമാണ്.
ഡോ. എം. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: