കേന്ദ്രത്തില്‍ പത്ത് ബജറ്റവതരിപ്പിച്ച് ഒന്നാംസ്ഥാനത്ത് മൊറാര്‍ജി ദേശായിയായിരുന്നു. സംസ്ഥാന ബജറ്റവതരിപ്പിച്ച കെ.എം.മാണി ഇപ്പോഴിതാ മൊറാര്‍ജിയെയും കടത്തിവെട്ടി. പതിനൊന്നാമത്തെ ബജറ്റവതരിപ്പിച്ച മാണി, ദീര്‍ഘസമയമെടുത്ത് വായിച്ചതും റിക്കാഡായി. പതിനൊന്നാമത്തെ ബജറ്റവതരണത്തിന് മൂന്ന് മണിക്കൂറിലേറെ സമയം. 477 ഇനംതിരിച്ച് 128 പേജുകളിലൊതുക്കിയ ബജറ്റിന്റെ പോരായ്മകളായി ആദ്യം പുറത്തുവന്നത് വനിതകള്‍ക്ക് ആശ്വാസം നല്കുന്നവാഗ്ദാനങ്ങള് അധികമില്ലെന്നാണ്. ജനസംഖ്യയില്‍ പകുതിയിലധികമാണ് കേരളത്തില്‍ സ്ത്രീകളുടെ എണ്ണം. 1957 മുതല്‍ ചരിത്രം പരിശോധിച്ചാല്‍ ബജറ്റവതരണം ആണുങ്ങളുടെ പണിയാണെന്ന് തോന്നും. ഒരിക്കല്‍പ്പോലും ഒരു വനിതാമന്ത്രിക്ക് ബജറ്റവതരണത്തിന് അവസരം ലഭിച്ചിട്ടില്ല. അങ്ങിനെ ഒരാവശ്യം പോലും ഉയര്‍ന്നു വന്നിട്ടില്ലെന്നതാണ് ആശ്ചര്യം.
ആദ്യബജറ്റ് സി.അച്യുതമേനോന്റെ വക. ഇഎംഎസ് മന്ത്രിസഭയില്‍ മേനോനായിരുന്നു ധനമന്ത്രി. 1957 ജൂണ്‍ ഏഴിനായിരുന്നു ബജറ്റവതരണം. അന്നിറങ്ങിയ ‘കൗമുദി’ പത്രത്തില്‍ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ വാര്‍ത്തയായി. പത്രാധിപര്‍ക്കും ലേഖകനുമെതിരെ കേസെടുത്തു. ആര്‍എസ്പിയെ പിന്തുണയ്ക്കുന്ന പത്രമായിരുന്നു അന്ന് കൗമുദി. ബജറ്റ് അച്ചടിച്ച സര്‍ക്കാര്‍ പ്രസ്സില്‍ നിന്നുതന്നെ യൂണിയന്‍നേതാവ് പി.സി.പിള്ളയാണ് പ്രൂഫ് നോക്കി ചവറ്റുകുട്ടയിലിട്ട കടലാസ് പുറത്തെറിഞ്ഞത്. പ്രസില്‍ ജോലിതീര്‍ന്ന് പോകുന്നവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കും. പിള്ള യൂണിയന് നേതാവായതിനാല്‍ അതുണ്ടായില്ല. കൗമുദിയുടെ അന്നത്തെ തിരുവനന്തപുരം ലേഖകന്‍ ജി.വേണുഗോപാലാണ് പിള്ള നല്കിയ കടലാസ് വാര്‍ത്തയാക്കിയത്. പത്രാധിപരായ കെ.ബാലകൃഷ്ണനെയും കൈനികര പത്മനാഭപിള്ളയെയും ജി.വേണുഗോപാല്‍, പി.സി.പിള്ള എന്നിവരെയും പ്രതിചേര്‍ത്താണ് കേസെടുത്തത്. തെളിവില്ലാത്തതിനാല്‍ പി.സി.പിള്ളയെ വിട്ടയച്ചു. മറ്റ് മൂന്നുപേര്‍ക്കും 45 രൂപാവീതം പിഴചുമത്തി ഹൈക്കോടതി ശിക്ഷിച്ചു.
1988-89 ലെ ബജറ്റും ചോര്‍ത്തി. മനോരമയിലെ ജോയി ശാസ്താംപടിക്കലാണ് അന്ന് പണിയൊപ്പിച്ചത്. മാര്‍ച്ച് 18നായിരുന്നു ബജറ്റ് അവതരണം. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 15ന്റെ മനോരമയില്‍ പ്രസിദ്ധീകരിച്ചു. ചോര്‍ത്തിയില്ലെന്ന് അന്ന് ധനമന്ത്രി വിശ്വനാഥമേനോന് ആണയിട്ടെങ്കിലും ചോര്‍ന്ന സത്യം പിന്നീട് മേനോന് തന്നെ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയില്‍ സമ്മതിച്ചിട്ടുണ്ട്. ധൃതിപിടിച്ച് അക്കങ്ങളും വാക്യങ്ങളും മാറ്റിയെഴുതി പുതിയ പുസ്തകം അച്ചടിച്ചാണ് അന്ന് രക്ഷപ്പെട്ടത്. പഴയവ കത്തിക്കേണ്ടി വന്നു.
മുപ്പത് വര്‍ഷത്തിനുശേഷമാണ് മറ്റൊരു ചോര്‍ച്ച. കെ.എം.മാണി അവതരിപ്പിച്ച പതിനൊന്ന് ബജറ്റുകളില്‍ നിന്ന് ഒന്നുപോലും ചോര്‍ത്തിക്കൊടുക്കുകയോ ചോര്‍ത്തിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആശ്വസിക്കാം. ഇത്തവണ കോവളത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലിരുന്നാണ് മാണിയും ഉദ്യോഗസ്ഥരും ബജറ്റിന്റെ മിനുക്കു പണികള്‍ നടത്തിയത്.
‘തടവറ’യിലാണ് കേന്ദ്രബജറ്റിന്റെ നിര്‍ണായകമായ ഭാഗങ്ങള്‍ രൂപപ്പെടുത്തുന്നത്. രാജ്യത്തിന്റെ അധികാരകേന്ദ്രമായ ‘റെയ്സിന ഹില്‍സി’ലെ നോര്‍ത്ത് ബ്ലോക്കിലാണിത്. ഭൂഗര്‍ഭ അറയിലാണ് തടവറ ഒരുക്കിയിട്ടുള്ളത്. ബജറ്റ് അവതരണത്തിന് ഒരാഴ്ച മുമ്പ് ഈ തടവറയില്‍ അതീവ രഹസ്യമായി കേന്ദ്രബജറ്റിന് അന്തിമരൂപം നല്‍കും. കേരളത്തിലെപ്പോലെയല്ല കേന്ദ്രബജറ്റവതരിപ്പിക്കാന് ഒരു വനിതയ്ക്ക് അവസരം ലഭിച്ചിരുന്നു. മൂന്നുതവണ ഇന്ദിരാഗാന്ധി കേന്ദ്രബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ബജറ്റ് രൂപംകൊള്ളുന്നത് ഗസ്തൗസുകളിലോ മന്ത്രിമന്ദിരങ്ങളിലോ തന്നെയാണ്. അച്ചടി ഗവണ്മെന്റ് പ്രസ്സിലും.
ബജറ്റില്‍ രാഷ്ട്രീയമില്ല. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയവും പ്രതിപക്ഷത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നാണ് കെ.എം.മാണി ബജറ്റവതരിപ്പിച്ചത്. അന്നും ഇടതുസര്‍ക്കാരിനെ നന്നായി കുടയാന്‍ മാണി സമയവും സന്ദര്‍ഭവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തവണ, ഇന്നലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മാണിയുടെ കടക്കണ്ണില്‍ ഒരു കാമുകന് തെളിഞ്ഞുകണ്ടു. കടക്കണ്ണിന് മുനകൊണ്ട് പ്രതിപക്ഷ കാമുകിയെ കണ്ണെറിഞ്ഞില്ലേ എന്ന സംശയവും ശക്തം. മാണിയെ പിടിക്കാന്‍ പ്രതിപക്ഷം അണിയറയില്‍ നീക്കം നടത്തുന്നു എന്ന മര്‍മ്മരത്തില്‍ കഴമ്പുണ്ടെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു ബജറ്റ് വായനയുടെ അവസാന നിമിഷങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും ശത്രുക്കളല്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു മാണിയുടെ പ്രയത്നം.
……………”വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ് കാലിടറുമായിരുന്ന സാമ്പത്തികചുറ്റുപാടില് ആലസ്യം ബാധിച്ചും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയും പരാജയപ്പെടാതെ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി വികസനരംഗത്ത് ഒരു കുതിച്ചുചാട്ടം നടത്തുന്നതിനും സാമ്പത്തിക സുസ്ഥിതി കൈവരുത്തുന്നതിനും ഗവണ്മെന്റിന് കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം നിങ്ങളോട് പങ്കുവയ്ക്കുമ്പോള്‍, കുരുക്ഷേത്ര യുദ്ധക്കളത്തില്‍വെച്ച് ഭഗവാന് ശ്രീകൃഷ്ണന് അര്ജ്ജുന് നല്കിയ ഉപദേശരൂപേണയുള്ള മുന്നറിയിപ്പാണ് എന്റെ സ്മരണയില്‍ ഓടിയെത്തുന്നതെന്ന് പറഞ്ഞ ധനമന്ത്രി ഗീതയിലെ മന്ത്രവും ഉദ്ധരിക്കാന്‍ ധൈര്യം കാട്ടി.
ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവ ഹൃാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മനഃ
(വിവേകശാലികളായ) നമ്മള് നമ്മളെത്തന്നെ ഉദ്ധരിക്കണം. നമ്മള് നമ്മളെത്തന്നെ ക്ഷീണിപ്പിക്കരുത്. നമ്മുടെ ബന്ധു നമ്മള് തന്നെയാണ്. നമ്മുടെ ശത്രുവും നമ്മള്‍തന്നെ.
ബാഹ്യസഹായം വേണ്ടെന്നല്ല. എന്നാല്‍, അവയെമാത്രം ആശ്രയിക്കാന്‍ ശ്രമിക്കരുത്. നമുക്ക് നമ്മുടെ വിഭവശേഷി തിരിച്ചറിയാന്‍ കഴിയണം. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. നമുക്ക് നമ്മുടെ കര്‍മശേഷി തിരിച്ചറിയാന്‍ കഴിയണം. അത് പൊതുക്ഷേമത്തിനായി വിനിയോഗിക്കാന്‍ കഴിയണം.
ക്രിയാത്മകമല്ലാത്ത സമരപരിപാടികളിലൂടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കരുത്. അത് നമ്മള് നമ്മളെത്തന്നെ ക്ഷീണിപ്പിക്കലാണ്, നമ്മളെത്തന്നെ നമ്മുടെ ശത്രുക്കളാക്കലാണ്. ഭരണപക്ഷവും പ്രതിപക്ഷവും ശത്രുക്കളല്ല, വികസന യാത്രയിലെ പരസ്പരബന്ധുക്കളായിരിക്കണം. ഇതാണ് കേരളത്തിന്റെ ഭാവി ഭാസുരമാക്കാനുള്ള വിജയമന്ത്രം. അത് നമുക്കെല്ലാം പ്രചോദനമാവട്ടെ, ചൈതന്യമാവട്ടെ” ധനമന്ത്രി വായിച്ച് തീര്‍ത്തിരുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: