ധനമന്ത്രി കെ.എം. മാണിയുടെ പതിനാലാമത് ബജറ്റില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും പ്രായോഗികവശം കണക്കിലെടുക്കുമ്പോള്‍ നിരാശയാണ് ബാക്കിയാവുക. ബജറ്റ് കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും കേരളത്തിന്റെ കാര്‍ഷികമേഖലയുടെ രക്ഷക്കും വളര്‍ച്ചക്കും ഉതകുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. 45 ലക്ഷത്തിലധികം തൊഴില്‍രഹിതരുള്ള കേരളത്തില്‍ തൊഴില്‍ എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമല്ല, കാര്‍ഷിക മേഖലയിലെ ജോലിയും ഉള്‍പ്പെടും എന്ന ഒരു സന്ദേശം നല്‍കുന്നുണ്ട് എന്നുമാത്രം. പെന്ഷന് പ്രായം അറുപത് വയസായി ഉയര്‍ത്തിയ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിക്കാതെ മാധ്യമങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചതും മാണിയുടെ പൊടിക്കൈകളില്പ്പെടുന്നു. സാമ്പത്തികമാന്ദ്യത്തിനിടയിലും കേരളം 9.5 ശതമാനം വളര്‍ച്ച നേടി എന്ന ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച ബജറ്റ് തളര്‍ന്ന കാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കാനും പരിസ്ഥിതിസൗഹൃദ നടപടികള്‍ക്കും ശ്രദ്ധിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ പ്ലോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് നികുതിയില്‍ ഇളവും സൗരോര്‍ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടിയും സോളാര്‍ വ്യവസായത്തിന് രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്ക്കരണത്തിനും ഊന്നല്‍ ലഭിക്കുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ ഊന്നല്‍നല്‍കിയിട്ടുണ്ട്. വിവാഹസഹായനിധി 30 കോടിയാക്കിയതും മാംഗല്യനിധി, ആഡംബരവിവാഹം നടത്തുന്നവരില്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് വിവാഹസഹായം നല്‍കാനും പദ്ധതിയിടുന്നു.
നിര്‍ധന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുക കൂട്ടുന്നതും മൂന്നര ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള മുന്നോക്കക്കാരുടെ മക്കള്‍ക്കും ഈ സഹായം ലഭിക്കുന്നതുമായ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. സാമൂഹ്യ സുരക്ഷാ പെന്ഷന് വര്‍ധന, കാര്‍ഷിക തൊഴിലാളികളുടെ പെന്ഷന് 500 രൂപയാക്കിയതും വിധവ വികലാംഗ പെന്ഷന് 700 രൂപയാക്കിയതും ഈ വിഭാഗത്തിന് ആശ്വാസകരമായിരിക്കും. പത്രപ്രവര്‍ത്തകരുടെ പെന്ഷന് 7000 രൂപയാക്കിയതും പത്രപ്രവര്‍ത്തകര്‍ക്ക് ഭവനവായ്പാ സബ്സിഡി ഒരു ലക്ഷം രൂപയാക്കിയതും ഈ മേഖലക്ക് ഊര്‍ജം നല്‍കും. നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക വായ്പാ പലിശ കുറച്ചത്, കര്‍ഷകര്‍ക്ക് റിസ്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്, കാര്‍ഷികാദായ നികുതി കമ്പനികള്‍ക്ക് മാത്രമാക്കിയത്, പലിശരഹിത വായ്പ 30 കോടിയാക്കിയത്, നാളികേരത്തില്‍നിന്നും നീര ഉല്പാദനം മുതലായ നടപടി ശ്രദ്ധേയമാണ്. തൃപ്തി ന്യായവില ഷോപ്പുകള്‍, മഴവെള്ള സംഭരണത്തിന് വരള്‍ച്ചാ പ്രതിരോധത്തിനും 40 കോടി, ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ലഹരിവിമുക്ത കേന്ദ്രം, ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ മുതലായവ ജനോപകാരപ്രദ നടപടികളാണ്. പ്രത്യേകിച്ച് അന്യദേശതൊഴിലാളികള്ക്ക് ക്ഷേമപദ്ധതി, ചികിത്സാസൗകര്യം, തൊഴില്‍ വകുപ്പ് വഴി രജിസ്ട്രേഷന് മുതലായ നടപടികള്‍ അത്യന്താപേക്ഷിതംതന്നെയാണ്. ഏറ്റവും ശോചനീയമായ റോഡുകളുള്ള കേരളത്തില്‍ റോഡുകളില്‍ പ്രത്യേക സംവിധാനം ആസൂത്രണം ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതു ബയോമെഡിക്കല്‍ മാലിന്യസംസ്ക്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും സ്വാഗതാര്‍ഹമാണ്. അധികനികുതിയില്ലാതെ അടിസ്ഥാന മേഖലക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും നയപ്രഖ്യാപനത്തില്‍ ഒരു പുകമറയുണ്ടെന്ന നിരീക്ഷണം ഉയരുന്നുണ്ട്. സിഗററ്റ്, ബീഡി ഒഴികെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ നികുതിവര്‍ധന, വിദേശമദ്യ വിലവര്‍ധന, ആഡംബരകാറുകള്‍ക്കും വസ്തുക്കള്‍ക്കുമുള്ള വിലവര്‍ധന മുതലായ നടപടികള്‍ നികുതി വര്‍ധിപ്പിക്കും. പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വെറും 100 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സമഗ്ര ആരോഗ്യവികസനം അന്യസംസ്ഥാന തൊഴിലാളി ക്ഷേമപദ്ധതി, അനാഥ-വൃദ്ധ-യാചക മന്ദിരങ്ങളിലെ അന്തേവാസികളുടെ ഗ്രാന്റ് 525 രൂപയില്‍നിന്ന് 700 രൂപയാക്കിയതും ക്ഷയരോഗികളുടെയും കുഷ്ഠരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും ധനസഹായം വര്‍ധിപ്പിച്ചതും ആശ്വാസകരമായ നടപടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ കൊച്ചി മെട്രോ, ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, മോണോറെയില്‍, മൊബിലിറ്റി ഹബ്ബുകള്‍ മുതലായവ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. കൊച്ചി മെട്രോ നടപ്പാക്കുന്നതിന് എറണാകുളം ടൗണ്‍ സ്റ്റേഷന് വികസനത്തിനും മറ്റും ബജറ്റില്‍ 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്.
വികസനോന്മുഖമെന്നും കാര്‍ഷിക ഊന്നല്‍ എന്നും മറ്റും പ്രഖ്യാപിക്കുമ്പോഴും ഇവയില്‍ പലതും പ്രഖ്യാപനങ്ങളായി ഒതുങ്ങുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിശ്ചലാവസ്ഥ തെളിയിക്കുന്നു. തൊഴിലില്ലായ്മക്ക് കാര്യമായ പ്രതിവിധി ബജറ്റിലില്ല. ബജറ്റ് വന്നു എന്നല്ലാതെ പ്രചാരണം ഉണ്ടാകില്ല എന്ന വിശ്വാസംതന്നെയാണ് ജനങ്ങള്‍ക്ക്. റോഡ്, പാലങ്ങള്‍ മുതലായ 181 പദ്ധതികള്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതില്‍ ഒന്നും പ്രായോഗികതലത്തിലെത്തിയില്ല. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിന്റെ ഈ പ്രതിസന്ധിയെപ്പറ്റിയും ബജറ്റ് നിശ്ശബ്ദമാണ്. മന്ത്രി മാണി വിപ്ലവ ബജറ്റ് എന്ന് പ്രഖ്യാപിച്ച് 28 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പല പദ്ധതികളും കാലഹരണപ്പെട്ടുപോയി. പ്രഖ്യാപിച്ചിരിക്കുന്ന പലതും ആവര്‍ത്തനവിരസവുമാണ്. വ്യാപാര-വ്യവസായികളും ബജറ്റ് പ്രഖ്യാപനങ്ങളില്‍ അതൃപ്തരാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണം വാക്കുകളില്‍ ഒതുങ്ങുമ്പോള്‍ ഇവ നിരന്തരം നശിപ്പിക്കപ്പെടുന്നു.
വ്യാപാരമേഖലയെ അവഗണിച്ചിരിക്കുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് കൂടുതല്‍ നികുതി നല്കേണ്ടതായും വരുന്നു എന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. ബജറ്റ് ചുരുക്കത്തില്‍ ഒരു വാചകക്കസര്‍ത്ത് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: