വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 465 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്ത് വന്‍ തകര്‍ച്ചയെ നേരിടുകയാണ്. 32 റണ്‍സോടെ വില്ല്യംസണും എട്ട് റണ്‍സോടെ ബ്രൗണ്ലിയുമാണ് ക്രീസില്‍. സെഞ്ച്വറി നേടിയ കോമ്പ്ടന്റെയും (100), ട്രോട്ടിന്റെയും (121), അര്‍ദ്ധസെഞ്ച്വറി നേടിയ പീറ്റേഴ്സന്റെയും (73), മാറ്റ് പ്രയറിന്റെയും (82) മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന് നല്ല സ്കോര്‍ സമ്മാനിച്ചത്.
267ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് അതേ സ്കോറില്‍ മൂന്നാം വിക്കറ്റ് നഷ്ടമായി. 121 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ട്രോട്ടിനെയാണ് അതേ സ്കോറില്‍ നഷ്ടമായത്. ബൗള്‍ട്ടിന്റെ പന്തില്‍ വാറ്റ്ലിംഗിന് പിടിനല്‍കിയാണ് ട്രോട്ട് മടങ്ങിയത്. പിന്നീടെത്തിയ ബെല്ലിനും റൂട്ടിനും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 11 റണ്‍സെടുത്ത ബെല്ലിനെ മാര്‍ട്ടിന്റെ പന്തില്‍ ഫുള്‍ടണ്‍ പിടികൂടിയപ്പോള്‍ 10 റണ്‍സെടുത്ത റൂട്ടിനെ മാര്‍ട്ടിന്റെ പന്തില്‍ വാറ്റ്ലിംഗ് കയ്യിലൊതുക്കി. സ്കോര്‍: 5ന് 325. പിന്നീട് പീറ്റേഴ്സണും പ്രയറും ചേര്‍ന്ന് സ്കോര്‍ 366-ല്‍ എത്തിച്ചു. എന്നാല്‍ 73 റണ്‍സെടുത്ത പീറ്റേഴ്സണെ മാര്‍ട്ടിന്റെ പന്തില്‍ ഫുള്‍ടണ്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. സ്കോര്‍ 374-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത ബ്രോഡിനെ ബൗള്‍ട്ട് വാറ്റ്ലിംഗിന്റെ കൈകളിലെത്തിച്ചു. പിന്നീട് ബ്രോഡും ഫിനും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 457-ല്‍ എത്തിച്ചു. എന്നാല്‍ 24 റണ്‍സെടുത്ത ഫിന്നിനെ വാഗ്നറുടെ പന്തില്‍ മക്കുല്ലം പിടികൂടി. സ്കോര്‍ 465-ല്‍ എത്തിയപ്പോള്‍ 82 റണ്‍സെടുത്ത പ്രയറും മടങ്ങി. വില്ല്യംസന്റെ പന്തില്‍ വാഗ്നര്‍ക്ക് ക്യാച്ച് നല്‍കിയാണ് പ്രയര്‍ മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന പനേസറിനെ വില്ല്യംസണ് ടെയ്ലറുടെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീണു. ന്യൂസിലാന്റിന് വേണ്ടി ബൗള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്റിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ വെറും ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത ഫുള്‍ടണെ ആന്‍ഡേഴ്സന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടികൂടി. പിന്നീട് ആദ്യ ടെസ്റ്റിലെ ഹീറോ റൂഥര്‍ഫോര്‍ഡും വില്ല്യംസണും ചേര്‍ന്ന് ന്യൂസിലാന്റിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 23 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡിനെ ബ്രോഡ് കുക്കിന്റെ കൈകളിലെത്തിച്ചു. റോസ് ടെയ്ലര് വന്നതും പോയതും ഒരുമിച്ചായിരുന്നു. ബ്രോഡിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായാണ് ടെയ്ലര് മടങ്ങിയത്. പിന്നീട് വില്ല്യംസണും ബ്രൗണ്‍ലിയും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: