സ്ത്രീ എന്ന വാക്കിന് കൂടുതല്‍ അര്ത്ഥതലങ്ങളുണ്ടെന്ന് കൂടിയാട്ടത്തിലൂടെ നമ്മെ തിരിച്ചറിയിപ്പിക്കുകയാണ് കപില. സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും തുടര്‍ക്കഥകളാകുമ്പോള്‍, നിസംഗതയോടെ നോക്കിനില്‍ക്കുകയാണ് സ്ത്രീ സമൂഹമെന്നാണ് കപിലയുടെ വിലയിരുത്തല്‍. സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളിലും ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രീകള്‍ എങ്ങനെയായിരിക്കണമെന്നും ഈ കലാകാരിക്ക് വ്യക്തമായ ധാരണയുണ്ട്.
സ്ത്രീക്ക് ഉന്നതസ്ഥാനമുള്ള സമൂഹം ആരോഗ്യപരമായി ഉയര്‍ന്ന അവസ്ഥയിലായിരിക്കും. ഇന്ന് സ്ത്രീക്ക് പലപ്പോഴും പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ല. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവര്‍ പരിതപിക്കുകയാണ് ചെയ്യുന്നത്. അസത്യത്തിനോടും അധര്മത്തിനോടും നിരന്തരം പ്രതികരിക്കുകയും പോരാടുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് കപില ചൂണ്ടിക്കാട്ടുന്നു.
തന്റെ തട്ടകമായ കൂടിയാട്ട വേദിയില്‍ പോലും സ്ത്രീപുരുഷ സമത്വം ഇല്ലെന്ന് കപില അഭിപ്രായപ്പെടുന്നു. പുരുഷമേധാവിത്വത്താല്‍ പല സ്ത്രീ കഥാപാത്രങ്ങളെയും ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്നില്ല. ഇതു തന്നെയാണ് കൂടിയാട്ടത്തില്‍ സ്ത്രീകള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. വിദേത്ത് സ്ത്രീകള്‍ക്ക് അവരുടേതായ സ്ഥാനമുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ ഒട്ടേറെ കൂടിയാട്ട വേദികളില്‍ പ്രതിഭ തെളിയിച്ച കപില സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക മേഖലയിലുള്‍പ്പെടെ സ്ത്രീകള്‍ അവിടെ സ്വയംപര്യാപ്തരാണ്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ചില സമ്പ്രദായങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ല. നിരന്തരമായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരത്തില്‍ ഒരുമാറ്റം കൈവരിക്കാന്‍ സാധിക്കുമെന്നും കപില വ്യക്തമാക്കി.
കലാപാരമ്പര്യവുമായി സമൂഹത്തിലെ വിവിധ വേദികളെ അഭിമുഖീകരിക്കേണ്ടി വന്ന കപില അവരുടെ കഥാപാത്രങ്ങളിലൂടെ സ്ത്രീകളെ ആദരിക്കുക കൂടിയാണ് ചെയ്യുന്നത്. സീതയുടെയും സുഭദ്രയുടെയും നിസ്സഹായാവസ്ഥ പുനരാഖ്യാനം ചെയ്ത് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം പങ്കാളിത്തം നല്‍കുകയാണ് കപിലയുടെ ലക്ഷ്യം. സാമൂഹിക-സാംസ്കാരിക-കലാ മേഖലകളിലൂടെ സ്ത്രീകള്‍ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കപില കൂട്ടിച്ചേര്‍ത്തു. കൂടിയാട്ടം കലാകാരന് വേണുജിയുടെയും നര്‍ത്തകിയും അധ്യാപികയുമായ അമ്മ നിര്‍മ്മല പണിക്കരുടെയും മകളാണ് കപില. ഏഴാമത്തെ വയസ്സില്‍ കൂടിയാട്ടത്തില്‍ വിദ്യാരംഭം കുറിച്ച കപില ഈ രംഗത്തെ അതുല്യപ്രതിഭയായി വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
ശ്യാമ. യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: