പറവൂര്‍: ദേശീയ ജലപാതയായ പറവൂര്‍ പുഴയില്‍ പൊക്കം കുറച്ച് പാലം നിര്‍മ്മിച്ച് ജലഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫും വി.ഡി.സതീശന് എംഎല്‍എയും കൊമ്പുകോര്‍ക്കുന്നു. ചിറ്റാറ്റുകര പഞ്ചായത്തിലെ ചെറിയപല്ലംതുരുത്തിനെയും നഗരസഭ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുറ്റിച്ചിറ പാലം നിര്‍മ്മാണത്തെ സംബന്ധിച്ചാണ് തര്‍ക്കം. പാലം നിര്‍മ്മാണസമയത്ത് മിണ്ടാതിരിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചശേഷം പാലം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നാണ് സതീശന്റെ ആരോപണം.
മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ അവ കമ്മീഷന് പറ്റുന്നതിനുള്ളവ മാത്രമാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. താന്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് വിറളിപിടിച്ച എല്‍ഡിഎഫ് നേതാക്കള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ജനങ്ങളില്‍നിന്ന് അകന്നുപോയവരും ജനങ്ങള്‍ അകറ്റിനിര്ത്തിയവരുമായ ചില എല്‍ഡിഎഫ് നേതാക്കള്‍ തങ്ങള്‍ ഇവിടെയുണ്ടെന്ന് അറിയിക്കാനായി നടത്തുന്ന അധരവ്യായാമമായിട്ടെ ഇതിനെ കാണുന്നുള്ളൂവെന്ന് എംഎല്‍എയും പറയുന്നു. എംഎല്‍എയുടെയും എല്‍ഡിഎഫ് നേതാക്കളുടെയും പരസ്പരമുള്ള ചെളിവാരി എറിയല്‍ കണ്ട് മൂക്കത്ത് വിരല്‍വെക്കുകയാണ് പൊതുജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: