ഏറെ നാളത്തെ സമ്മര്‍ദ്ദത്തിന്റെ ഫലമായി മലയാള ഭാഷ ശ്രേഷ്ഠഭാഷാ പദവിയുടെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. മലയാളിയുടെ ഇംഗിതത്തിന് അനുസരിച്ച് ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസാംസ്കാരിക മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറിക്കഴിഞ്ഞു. കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിയും ഇതിന് അംഗീകാരം നല്‍കിയിരുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയും കുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് അക്കാദമി മലയാളത്തിന് ശേഷ്ര്ഠഭാഷാ പദവി നല്‍കുന്നതിന് അംഗീകാരം നല്‍കിയത്. ശ്രേഷ്ഠഭാഷാ പദവി ലഭിക്കണമെങ്കില്‍ ഭാഷക്ക് 1500നും 2000നും മധ്യേ വര്‍ഷം പഴക്കം വേണമെന്നാണ് കേന്ദ്രനിയമം. മലയാള ഭാഷയ്ക്ക് ഇത്രയ്ക്കു പഴക്കമില്ലെന്ന വാദമുന്നയിച്ചാണ് പദവി നിരാകരിച്ചിരുന്നത്.
ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം 26-ാം സ്ഥാനത്താണ്. ജ്ഞാനപീഠമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയവര്‍ മലയാളത്തില്‍ നിന്നുണ്ട്. അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ കേരളം എന്ന വാക്ക് ഉപയോഗിച്ചതും സംഘകാല സാഹിത്യ കൃതികളില്‍ തമിഴിനൊപ്പം 40 ശതമാനം മലയാള വ്യാകരണം ഉപയോഗിച്ചതും സംസ്ഥാനം ശ്രേഷ്ഠഭാഷാപദവി നേടാനുള്ള വാദങ്ങളായി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട്ടിലെ ഇടക്കല്‍ ഗുഹകളിലെ പ്രാചീന രേഖാചിത്രങ്ങളിലെയും പ്രാചീന സംഘകാല കൃതികളായ ചിലപ്പതികാരം, തോല്‍ക്കാവ്യം എന്നിവകളിലെ മലയാളം സാന്നിദ്ധ്യവും ശ്രേഷ്ഠഭാഷാ പദവിക്കുള്ള ശുപാര്‍ശക്ക് ശക്തമായ പിന്തുണയേകി.
ഇപ്പോള്‍ കടമ്പകളെല്ലാം മറികടന്ന് മലയാളം ശ്രേഷ്ഠമാണെന്ന വിലയിരുത്തലില്‍ കേന്ദ്രസാഹിത്യ അക്കാദമിയും കേന്ദ്ര സാംസ്കാരിക വകുപ്പും എത്തുമ്പോള്‍ മലയാളഭാഷാ സ്നേഹികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ടാകുന്നു. ശ്രേഷ്ഠഭാഷ എന്ന പദവി ലഭിക്കുന്നതോടെ മലയാളം കൂടുതല്‍ മെച്ചപ്പെടുമെന്നും കേരളത്തിലെല്ലാവരും നല്ല മലയാളം സംസാരിച്ചു തുടങ്ങുമെന്നുമുള്ള ആഹ്ലാദത്താലല്ല അഭിമാനം വാനോളം ഉയരുന്നത്. ഭാഷയുടെ ഉന്നതിക്കായി പദ്ധതികളാവിഷ്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് കുറേ പണം എത്തിക്കുമെന്നതാണ് കാര്യം. ഗ്രാന്റായി ആദ്യഘട്ടം നൂറുകോടിരൂപയാണ് ലഭിക്കുക. യുജിസിയില്‍ ഭാഷാപഠനത്തിന് പ്രത്യേക ചെയറും ലഭിക്കും. കേന്ദ്രത്തില്‍ നിന്ന് ഗ്രാന്റായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് ഇനിയറിയേണ്ടത്. തുക ചെലവഴിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കണം. നിരവധി കോടികള്‍ മലയാളത്തിന്റെ പരിപോഷണത്തിനായി കേരളത്തിലേക്കൊഴുകിക്കൊണ്ടിരിക്കും. ഇതൊക്കെ എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് ഇനി കാണേണ്ടത്. കേന്ദ്രത്തില്‍ നന്ന് കയ്യയച്ച് കിട്ടാന്‍ പോകുന്ന സഹായങ്ങളുടെ പേരില്‍ ആരോപണങ്ങളും വാഗ്ദാനങ്ങളുമെല്ലാം നിരവധി ഉണ്ടാകുമെന്ന് തീര്‍ച്ച. ഇതു കൈകാര്യം ചെയ്യുന്നവരുടെ സ്വഭാവവും കാര്യശേഷിയുമനുസരിച്ച് പണത്തിന്റെ ചെലവഴിക്കലില്‍ ഏറ്റക്കുറച്ചിലും ആര്‍ഭാടവും അവിമതിയുമൊക്കെ ഉണ്ടാകാം.
ഇതെല്ലാം സാധാരണമായി സംഭവിക്കുന്ന കാര്യങ്ങളാണ്. മലയാള ഭാഷ അന്യം നിന്നുപോകാതിരിക്കാന്‍ ‘മലയാളം… മലയാളം…. മലയാളം’ എന്ന് നിരന്തരം വിലപിക്കുന്ന ചിലര്‍ കേരളത്തിലുണ്ട്. അവരുടെ കൂടി ആഗ്രഹവും ശ്രമവുമുണ്ട് ശ്രേഷ്ഠ ഭാഷാപദവി നേടിയെടുക്കുന്നതിന്റെയും പിന്നില്‍. അവരുടെ ആഗ്രഹമായിരുന്നു മലയാള സര്‍വ്വകലാശാല. അവരുടെ ആഗ്രഹമാണ് ഭരണ ഭാഷ മലയാളമാക്കല്‍. അവരുടെ ആഗ്രഹവും മലയാളം മാത്രം അറിയുന്ന പാവപ്പെട്ടവന്റെ ആവശ്യവുമാണ് കോടതിഭാഷ മലയാളമാക്കല്‍. ഭാഷയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ് പഠനഭാഷ നിര്‍ബന്ധമായും മലയാളമാക്കുന്നത്. ഇതെല്ലാം ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനത്തിലെത്തിയത്. ഇനി സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കണമെങ്കില്‍ മലയാളം പഠിച്ച് പത്താം തരമോ പന്ത്രണ്ടാം തരമോ ജയിച്ചിരിക്കണമെന്ന തീരുമാനം നല്ലതു തന്നെ. എന്നാല്‍ ആ തീരുമാനത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഉചിതമാകില്ല. എന്ത് ഉദ്ദേശ്യത്തോടെയാണോ സര്‍ക്കാര്‍ ജോലിക്ക് മലയാള പഠനം നിര്‍ബന്ധമാക്കിയത്, ആ ഉദ്ദേശ്യത്തെ ഇല്ലായ്മ ചെയ്യുന്ന തീരുമാനമാണ് അതിനൊപ്പം എടുത്തിട്ടുള്ളത്. മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടി പബ്ലിക് സര്‍വീസ് കമ്മീഷന് പ്രത്യേക മലയാള പരീക്ഷ നടത്തുമെന്നത്. ആ പരീക്ഷ വെറും വഴിപാട് കഴിക്കലാകുമെന്ന് ആര്‍ക്കാണറിയാത്തത്?.
കേന്ദ്ര സിലബസില്‍ വിദ്യാഭ്യാസം നടത്തുന്ന ആയിരക്കണക്കിന് സ്കൂളുകളുള്ള സംസ്ഥാനമാണ് കേരളം. ഈ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വലിയ അഭിമാനമായി കരുതുന്ന സമൂഹത്തില്‍ മലയാളം പഠിപ്പിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നഷ്ടക്കണക്കുകള്‍ നിരത്തി പൂട്ടിക്കൊണ്ടിരിക്കുന്നു. മലയാളം പ്രൊഫസര്‍മാരുടെ മുതല്‍ പാടത്തു പണിചെയ്യുന്നവരുടെ വരെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയങ്ങളിലേക്കാണ് പഠിക്കാന്‍ പോകുന്നത്. സാംസ്കാരിക നായകരും, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന കമ്മീഷനുകളുമെല്ലാം മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോഴും ഈ സാഹചര്യത്തിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് മാതൃഭാഷ സംസാരിച്ചതിന് പിഴയീടാക്കിയ സംഭവം നമ്മുടെ കേരളത്തിലാണ് സംഭവിച്ചത്.
കേരളത്തിലെ ഭരണ ഭാഷ മലയാളമാക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇ. എം എസ്സ് മന്ത്രിസഭ തന്നെ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോന് അധ്യക്ഷനായ ആ സമിതി 1958 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. പക്ഷേ കേരളത്തിലെ ഭരണ ഭാഷ എന്തു കൊണ്ടോ ഇന്നും പൂര്‍ണ്ണമായി മലയാളമായില്ല. അതിനുശേഷം ഈ വിഷയം പല പല സര്‍ക്കാരുകള്‍ക്കു കീഴില്‍ നിരവധി കമ്മറ്റികള്‍ പഠിച്ചു. എല്ലാവരും പറഞ്ഞു, ഭരണഭാഷ മലയാളമാകണമെന്ന്. പക്ഷേ, നടന്നില്ലെന്ന് മാത്രം. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ‘സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാളം’ എന്ന പ്രഖ്യാപനം പോലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കെത്തുന്നതല്ലാത്തതിനാല് ഭരണഭാഷ മലയാളമാകുന്നത് വെറും സ്വപ്നമായിത്തന്നെ ശേഷിക്കും.
കോടതികള്‍ മലയാളം ‘സംസാരിക്കാത്തത്’ സാധാരണക്കാരനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. 1987ല്‍ ജസ്റ്റിസ് നരേന്ദ്രന് അധ്യക്ഷനായ സമിതി കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് ഗവണ്മെന്റിനു നല്കിയ റിപ്പോര്‍ട്ടില്‍ കോടതികളിലെ ഇംഗ്ലീഷ് ഉപയോഗം പാവപ്പെട്ടവനുമുന്നിലെ ഇരുമ്പുമറയാണെന്നാണ് അഭിപ്രായപ്പെട്ടത്. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1973 ല്‍ കോടതി ഭാഷ ഇംഗ്ലീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്ണ്ണല് പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് നരേന്ദ്രന്റെ പേരിലുള്ള സമിതി നിര്‍ദ്ദേശിച്ചിരുന്നു. നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കപ്പെടുകയുണ്ടായില്ല.
ഈ അവസ്ഥയ്ക്കെല്ലാം മാറ്റമുണ്ടാകണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്നതാണ് സത്യം. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടികളെല്ലാം കതിരില്‍ വളം വയ്ക്കുന്നതുപോലെ മാത്രമാണ്. പ്രാഥമികമായി ചെയ്യേണ്ടകാര്യങ്ങളൊന്നും ചെയ്യാതെയാണ് സര്‍ക്കാര്‍ നടപടികള്‍. ഏതു സിലബസ് പഠിപ്പിക്കുന്ന വിദ്യാലയമായാലും മലയാള പഠനം നിര്‍ബന്ധമാക്കാനുള്ള നടപടികളുണ്ടാകണം. സ്വകാര്യ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലുമെല്ലാം മലയാളം പഠിപ്പിച്ചേ പറ്റൂ എന്ന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മലയാളത്തിലുള്ള അഭിമാനം വളര്‍ത്തിക്കൊണ്ടുതന്നെ ഇംഗ്ലീഷിന്റെ നിലവാരം ഉയര്‍ത്തുന്നതിലാവണം പൊതുവിദ്യാഭ്യാസം ശ്രദ്ധവയ്ക്കേണ്ടത്. ലോകഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം നാം കുറച്ചു കണ്ടുകൂടാ. എല്ലാം ഇംഗ്ലീഷിലൂടെ പഠിക്കുന്ന ഇന്നത്തെ ശൈലിക്കാണ് മാറ്റമുണ്ടാകേണ്ടത്. ഇന്നത്തെ പഠനസമ്പ്രദായത്തില്‍ ഇംഗ്ലീഷുമില്ല, മലയാളവുമില്ല എന്നതാണ് അവസ്ഥ. ഇതുമാറാന്‍ തരത്തില്‍ പഠനപ്രക്രിയ പുനഃക്രമീകരിക്കണം.
മലയാളത്തെ പരിപോഷിപ്പിക്കാന്‍ കേരളത്തിലേക്കൊഴുകിയെത്തുന്ന കോടികള്‍ ഉപയോഗിച്ച് സെമിനാറുകളും പ്രദര്‍ശനങ്ങളും നടത്താനാണ് പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. പണം ചെലവവിക്കാനുള്ള വഴി അന്വേഷിക്കാതെ അതുഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. മലയാളത്തിലേക്കു മടങ്ങാനുള്ള പദ്ധതികള്‍!
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: