ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.കെ.കമലന് വിടപറഞ്ഞിട്ട് മാര്‍ച്ച് 15ന് ഒരുവര്‍ഷം തികയുകയാണ്. കേരളത്തിലെ ബിഎംഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് അമൂല്യ സംഭാവന നല്കിയ വ്യക്തിത്വമായിരുന്നു കമലന്റേത്. ഒരു തൊഴിലാളി പ്രവര്ത്തകന് വേണ്ടതായ എല്ലാ വിശുദ്ധിയും സത്യസന്ധതയും സമര്‍പ്പണവും ജീവിതത്തില്‍ പകര്‍ത്തി അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയും ആവേശവും ആത്മവിശ്വാസവും പകര്‍ന്നു.
അതുല്യ സംഘാടകന്‍ ഉജ്ജ്വലനായ വാഗ്മി, ചിന്തകന്‍, എഴുത്തുകാരന്, കവി, പാട്ടുകാരന് എന്നീ നിലകളില്‍ ബഹുമുഖപ്രതിഭയായിരുന്നു. സ്വദേശി ആശയത്തിന്റെ സൈദ്ധാന്തികനും പ്രയോക്താവുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ കമലന്റെ ആകാരവും ശബ്ദവും വേറിട്ടതായിരുന്നു. ചെറുപ്പം മുതലെ സ്വയംസേവകനായിരുന്നു. നിരവധി പ്രാദേശിക ചുമതലകള്‍ക്കുശേഷം 1980ലാണ് ബിഎംഎസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളിയായിരിക്കുമ്പോഴാണ് ബിഎംഎസില്‍ ചേര്‍ന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിയായ കമലന് ജില്ലയിലെ ബിഎംഎസിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ച് ജില്ലാ സെക്രട്ടറി ചുമതലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലയില്‍ ബിഎംഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായി മുന്നോട്ട് നയിക്കാനും എല്ലാ തൊഴില്‍ മേഖലകളിലും എല്ലാ പ്രദേശങ്ങളിലും ബിഎംഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമലന്റെ അക്ഷീണമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പഞ്ചായത്ത് തലത്തിലുള്ള പ്രവര്ത്തനകേന്ദ്രീകരണം കമലന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലായിരുന്നു ആദ്യം നടന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി സംഘടനാ സംവിധാനത്തിന്റെ ഭാഗമായി മാറി.
2001 മുതല്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും നിരന്തരമായി യാത്രകള്‍ ചെയ്ത് പുതിയ തൊഴില്‍ മേഖലകളില്‍ യൂണിയന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നേതൃത്വം നല്കി. അസംഘടിത മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് കമലനെ ചുമതലപ്പെടുത്തിയത്. കേരളത്തിലെ നിര്മ്മാണത്തൊഴിലാളികള്ക്കിടയില് ബിഎംഎസിന്റെ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതില്‍ കമലന്റെ സംഭാവനകള്‍ അസാധാരണമാണ്. കേരളാ പ്രദേശ് നിര്‍മ്മാണത്തൊഴിലാളി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് അദ്ദേഹത്തെ കണ്‍സ്ട്രക്ഷന്‍ മസ്ദൂള് മഹാസംഘിന്റെ അഖിലേന്ത്യാ പ്രസിഡന്റായി നിയോഗിച്ചത്. അസംഘടിത മേഖലയിലെ തമിഴ്നാട് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനവും നോക്കിയിരുന്നു.
മത്സ്യ മസ്ദൂര്‍ മഹാസംഘിന്റെ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, കേരളാ വൈദ്യുതി മസ്ദൂര്‍ സംഘത്തിന്റെ പ്രസിഡന്റ്, കേരളാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൂടാതെ വഴിയോരക്കച്ചവടക്കാര്‍, ലോട്ടറി ജീവനക്കാര്‍, കേബിള്‍ ടിവി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ എന്നിവരുടെ സംസ്ഥാനതല യൂണിയന് രൂപീകരിക്കുന്നതിന് കമലന് നേതൃത്വം നല്കി. കുറച്ചുകാലം ജന്മഭൂമി പത്രത്തിന്റെ ഡയറക്ട് ബോര്‍ഡ് അംഗമായിരുന്നു. ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ കേന്ദ്രബോര്‍ഡ് അംഗമായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും കഠിനമായ പ്രയത്നത്തിലൂടെ സംസ്കൃതവും ഇംഗ്ലീഷും ഹിന്ദിയും തമിഴും കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നു. പുരാണ ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലും അഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് മേഖലയെക്കുറിച്ചും ആഴത്തിലുള്ള പഠനം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സംഘടനയെ സമരാത്കമാക്കുന്നതിനും തൊഴിലാളികളില്‍ പോരാട്ടവീര്യം വര്‍ധിപ്പിക്കുന്നതിനും നിതാന്ത ശ്രദ്ധ നല്‍കിയിരുന്നു. ശക്തമായ സംഘടന, ചലിക്കുന്ന സംഘടന, പ്രതികരണശേഷിയുള്ള സംഘടന, മൂല്യബോധമുള്ള പ്രവര്‍ത്തകര്‍, വ്യവസ്ഥാപിതവും കാര്യക്ഷമവുമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്ക്കരിച്ചു. സംസ്ഥാന വ്യാപകമായും സംസ്ഥാനത്തിന് പുറത്തുമുള്ള നിരന്തരമായ യാത്രകള്‍ സംഘടനക്ക് കരുത്ത് പകരാന്‍ കഴിഞ്ഞിട്ടുണ്ട്.
അകാലത്തില്‍ പൊലിഞ്ഞ കര്മ്മതേജസാണ് എം.കെ.കമലന്. അദ്ദേഹം ഉയര്‍ത്തിവിട്ട ചിന്തകള്‍, ശൈലികള്‍, നന്മകള് ആയിരക്കണക്കിന് വരുന്ന ബിഎംഎസ് പ്രവര്‍ത്തകരുടെ മനസ്സില്‍ കെടാവിളക്കുപോലെ പ്രകാശപൂരിതമാണ്. സാധാരണക്കാരനായി ജനിക്കുകയും സാധാരണക്കാരനായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും സാധാരണക്കാരനായി മരിക്കുകയും ചെയ്തു കമലന്. പ്രിയപ്പെട്ട കമല്‍ജിയുടെ ആത്മാവിനും ചിന്തകള്‍ക്കും മുന്നില്‍ പ്രണാമം.
വി.രാധാകൃഷ്ണന്
(ബിഎംഎസ് സംസ്ഥാന ഖജാന്‍ജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: