ശ്രീനഗറില്‍ പാക് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം അടിവരയിടുന്നത് ഇന്ത്യ ഇപ്പോഴും മതതീവ്രവാദികളുടെ ലക്ഷ്യമായി തുടരുന്നുവെന്ന വസ്തുതക്കാണ്. അതിര്‍ത്തി കടന്നുള്ള ഈ അപ്രതീക്ഷിത ആക്രമണത്തില്‍ സിആര്‍പിഎഫ് ക്യാമ്പിലെ അഞ്ച് ധീരസൈനികരാണ് രക്തസാക്ഷികളായത്. ക്യാമ്പ് ആക്രമിച്ച അഞ്ച് ഭീകരരില്‍ രണ്ടുപേരെ വധിക്കാന്‍ സാധിച്ചു. ക്രിക്കറ്റ് കളിക്കാരെന്ന വ്യാജേന വെള്ള ട്രാക്ക്സ്യൂട്ടും ആയുധങ്ങളടങ്ങിയ സ്പോര്‍ട്ട്സ് ബാഗുകളും തൂക്കിയാണ് പതിവായി ആളുകള്‍ ക്രിക്കറ്റ് കളി കാണാനെത്തുന്ന മൈതാനത്തില്‍ ഭീകരര്‍ എത്തിയതും ചാവേറാക്രമണം നടത്തിയതും.
ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15 സൈനികര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എ.കെ-47 തോക്കുകളുപയോഗിച്ച് വെടിവച്ചാണ് ഭീകരര്‍ അഞ്ച് സൈനികരെ വധിച്ചത്. പാക് അനുകൂല ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരരുടെ പക്കല്‍നിന്നും പാക്കിസ്ഥാന് ഫോണ്‍നമ്പറുകളും കണ്ടെടുത്തു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന വിഘടനവാദികളുടെ ആവശ്യം നിരസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമെന്ന് പറയപ്പെടുന്നു. മൃതദേഹം വിട്ടുകൊടുക്കാത്തതിനുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്ത് പണിമുടക്ക് നടക്കുന്നതിനാലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാലും കൂടുതല്‍ അപകടം ഒഴിവായി. ഭീകരരായ രണ്ട് ചാവേറുകള്‍ കൊല്ലപ്പെട്ടെങ്കിലും കൂടുതല്‍ പേര് സംഘത്തിലുണ്ടായിരുന്നിരിക്കണമെന്ന അഭ്യൂഹം നിലനില്ക്കുന്നു.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ഹൈദരാബാദിലും വന്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഈ ആക്രമണം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണെങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന പ്രതീതിയാണ് നിലനില്‍ക്കുന്നത്. ഭീകരര്‍ ഏത് വേഷത്തിലും ഏത് കോണിലും ആക്രമണം നടത്തിയേക്കാമെന്നതിന്റെ മുന്നറിയിപ്പുകൂടിയായിട്ടുവേണം ഈ ഭീകരാക്രമണത്തെ നിരീക്ഷിക്കേണ്ടത്.
കേരളത്തിലും ഭീകരവാദി സാന്നിധ്യമുണ്ടെന്നും വാഗമണ്‍ ക്യാമ്പ് നടത്തിയത് ഭീകരരാണെന്നും ഇതിനകം തെളിഞ്ഞതാണ്. മുംബൈ ആക്രമണത്തില്‍ അറസ്റ്റിലായ ഏകപ്രതി അജ്മല്‍ കസബിന്റെയും അതിനുശേഷം അഫ്സല് ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയത് സൃഷ്ടിച്ച പ്രകോപനമാണ് ഭീകരരെ ഇതിന് പ്രേരിപ്പിച്ചതത്രെ. ഇത് ഒരു അവസാന ആക്രമണമായിട്ടല്ല, ആക്രമണപരമ്പരയുടെ തുടക്കമായിട്ടുവേണം ഇന്ത്യ കാണേണ്ടത്. ഭീകരരുടെ മിന്നല്‍ ആക്രമണം ഉണ്ടാകുമെന്ന് ഐബി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ ശൈലിയിലുള്ള ഒരു ആക്രമണമാണ് ഇപ്പോള്‍ കാശ്മീരിലും നടന്നത്. ഗ്രനേഡുകള്‍ എറിയുകയും എ.കെ-47 തോക്കുകള്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയും ചെയ്തത് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടിലായിരുന്നതിനാലാണ് കാവലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്ക്ക് ഇടപെടാന്‍ കഴിഞ്ഞത്. ഈ ആക്രമണം തെളിയിക്കുന്നത് ഭീകരരുടെ ഉന്നത്തില്‍ തന്നെയാണ് ഇന്ത്യ എന്നാണ്. പ്രതിരോധമന്ത്രി ആവര്‍ത്തിക്കുന്നതുപോലെ ഭീകരാക്രമണങ്ങള്‍ നേരിടാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ദേശീയ ഭീകരവിരുദ്ധ കേന്ദ്ര ഏജന്‍സി സ്ഥാപിക്കുമെന്ന വാഗ്ദാനം മറ്റുപല വാഗ്ദാനങ്ങളുംപോലെ പാഴ്വാഗ്ദാനമാക്കാതെ കേന്ദ്രം ഇതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭീകരര്‍ കടലില്‍ കൂടിയും വന്ന് ആക്രമണങ്ങള്‍ നടത്താമെന്നതിനാല്‍ തീരദേശ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. കാശ്മീരില്‍ 2010 ജനുവരിയിലും ചാവേറാക്രമണം നടന്നിരുന്നു. കസബിന്റെ വധശിക്ഷക്കുശേഷം കാശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര് തയ്യാറായിരുന്നതിനാലാണ് ദുരന്തത്തിന്റെ ആഘാതം കുറഞ്ഞത്. പക്ഷേ കാശ്മീരില്‍ അഫ്സല്‍ഗുരു വധത്തെ തുടര്‍ന്ന് എരിയുന്ന രോഷം ഏത് തരത്തില്‍ പ്രകടമാകുമെന്നത് നിരീക്ഷണവിധേയമാകേണ്ടതാണ്.
പാക്കിസ്ഥാന് പ്രധാനമന്ത്രി അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചശേഷവും ഇന്ത്യ-പാക് ബന്ധത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നുകൂടിയാണ് ഈ ഭീകരാക്രമണം തെളിയിക്കുന്നത്. ഇന്ത്യക്ക് ജാഗ്രത കൈവിടാന്‍ സമയമായില്ല എന്ന മുന്നറിയിപ്പുകൂടി ഈ ആക്രമണത്തില്‍ അടങ്ങിയിരിക്കുന്നു. ഭീകരാക്രമണത്തെ നേരിടുന്നതില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ശ്രീനഗറില്‍ അഞ്ച് സൈനികരുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികന്റെ ശിരസ്സ് വെട്ടിക്കൊണ്ടുപോയിട്ടും പാക്കിസ്ഥാനുനേര്ക്ക് മൃദുസമീപനം സ്വീകരിക്കുകയും പാക് പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി വിരുന്നുസല്ക്കാരം നടത്തുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന് എങ്ങനെയാണ് പാക് സര്‍ക്കാര്‍ ആയുധമണിയിച്ചുവിടുന്ന ഭീകരരെ ഫലപ്രദമായി നേരിടാനാവുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: