ഹൈദരാബാദ്: തട്ടിപ്പിന് പുതുവഴികള്‍ തേടുന്നവര്‍ റിസര്‍വ് ബാങ്കിനേയും വെറുതെ വിടുന്നില്ല. റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച് ഉപഭോക്താവില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുക്കുന്നതാണ് പുതിയ രീതി. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സംഭവം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇത്തരം വഞ്ചനയ്ക്ക് ഇരയാവരുതെന്ന് ആര്‍ബിഐ മുന്നറിയിപ്പും നല്കി കഴിഞ്ഞു.
ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ സുരക്ഷിതമാക്കുക എന്ന രീതിയിലുള്ള ഇ-മെയില്‍ സന്ദേശമാണ് തട്ടിപ്പുകാര്‍ അയയ്ക്കുന്നത്. പുതിയ സുരക്ഷാ സംവിധാനം ആര്‍ബിഐ ആരംഭിച്ചതായി ഇ-മെയിലില്‍ പറയുന്നു. ആദ്യപടിയായി ഒരു ലിങ്കില്‍ ക്ലിക് ചെയ്യാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടും. ക്ലിക് ചെയ്താല്‍ അതാത് സ്ഥലങ്ങളിലുള്ള ബാങ്കുകളുടെ ഒരു പട്ടികയായിരിക്കും പേജിലുണ്ടായിരിക്കുക. ഇതില്‍ ഏതെങ്കിലും ഒരു ബാങ്ക് തെരഞ്ഞെടുത്താല്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ പിന്നിലുള്ള കാര്‍ഡ് വേരിഫിക്കേഷന് വാല്യു(സിവിവി) നമ്പര്‍ ഉള്‍പ്പെടെയുള്ള നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ നല്കുവാനായിരിക്കും ആവശ്യപ്പെടുക. ഇത്തരത്തില്‍ ലഭ്യമാകുന്ന അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിലൂടെ പണം ചോര്‍ത്തിയെടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.
പ്രഥമദൃഷ്ട്യാ ഇത്തരം മെയിലുകളില്‍ ഒളിഞ്ഞുകിടക്കുന്ന തട്ടിപ്പിന്റെ വശം ആര്‍ക്കും മനസ്സിലാകില്ല എന്നതാണ് പ്രത്യേകത. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്‍ബിഐ ഇത്ര വലിയ നടപടി സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെട്ടതായും സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് പോലീസിനെ സമീപിച്ചപ്പോഴാണ് തന്റെ സേവിംഗ്സ് ബാങ്ക് നിക്ഷേപം മുഴുവന്‍ നഷ്ടപ്പെട്ടതായി മനസ്സിലായതെന്നും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കെ.മനോജ് പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച അന്വേഷണം വരുന്നതെന്നും ദിവസവും ഇത്തരത്തിലുള്ള നാല് ഫോണ്‍ കോളുകള്ക്കെങ്കിലും മറുപടി പറയേണ്ടതായി വരുന്നുണ്ടെന്നും മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥന് പറയുന്നു.
ബാങ്ക് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്വെയറും വികസിപ്പിച്ചെടുത്തിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോക്താക്കളോട് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ പുതുക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് ഇമെയിലുകള്‍ അയച്ചിട്ടില്ലെന്നും ആര്‍ബിഐ അറിയിച്ചു.
ആര്‍ബിഐയുടെ പേരില്‍ ഇത്തരത്തിലുള്ള മെയില്‍ ലഭിച്ചാല്‍ അവ തുറക്കരുതെന്നും അറ്റാച്ച്മെന്റ് തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യരുതെന്നും ആര്‍ബിഐ മുന്നറിയിപ്പുതരുന്നു. ആര്‍ബിഐയുടെ ലോഗോ ഉപയോഗിക്കുന്നത് ജനങ്ങളെ വിശ്വസിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് വ്യാപകമായ രീതിയില്‍ അനുദിനം നടക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മാത്രമായി വര്‍ഷം 20-50 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷിടിക്കുകയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ മാര്‍ഗ്ഗമെന്നും ആര്‍ബിഐ വക്താവ് പറയുന്നു. ജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും ക്യാംപെയിന് നടത്തുന്നതിനാണ് ആര്‍ബിഐ പദ്ധതിയിടുന്നത്.
ആദായ നികുതി വകുപ്പ്, അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക് എന്നിവയുടെ പേരിലും ജോലി വാഗ്ദാനം ചെയ്തോ, ലോട്ടറി അടിച്ചെന്നോ ഒക്കെ പറഞ്ഞ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പുനടത്തുന്നതും വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: