മലയാളം അറിയുന്നവര്‍ക്കു മാത്രമേ മേലില്‍ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്നത് വൈകി വന്ന സ്വാഗതാര്‍ഹമായ ഒരു സംഗതിയാണ്. സര്‍ക്കാര്‍ ജോലിക്ക് നിലവിലുള്ള എല്ലായോഗ്യതകള്ക്കും പുറമെയാണ് മലയാളം പരീക്ഷ ജയിക്കുക എന്നത്. മലയാളിയായിരിക്കാന് എന്തുകൊണ്ടും യോഗ്യത മലയാളംഅറിയുക എന്നതുതന്നെയാണ്. അത് വെറുതെ അറിഞ്ഞാലും പോര. യുക്തിസഹമായും ഭാഷയുടെ സൗന്ദര്യവും ചാരുതയും അറിഞ്ഞുകൊണ്ട് പ്രയോഗിക്കുക കൂടി വേണം എങ്കില്‍ മാത്രമേ ഭാഷയുടെ ശക്തി മനസ്സിലാക്കാനും അതിന്റെ ആത്യന്തികാനുഭൂതിയില് ലയിക്കാനും കഴിയൂ.
മാതൃഭാഷയെ തികച്ചും അവജ്ഞയോടെ കാണുകയും മറ്റു ഭാഷകളെ അങ്ങേയറ്റം നെഞ്ചേറ്റുകയും ചെയ്യുന്ന പ്രവണത ഈ രാജ്യത്ത് മലയാളികളില്‍ മാത്രമേ പ്രകടമാവൂ. അതും ഇംഗ്ലീഷ് ഭാഷയ്ക്ക് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. കുട്ടി ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാന്‍ ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കുന്നതിനെക്കുറിച്ച് കവിതയിലൂടെ മലയാളിയെ പരിഹസിച്ച കുഞ്ഞുണ്ണിമാഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വേളയില്‍ അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടിക്ക് മാതൃവാത്സല്യം എങ്ങനെ ലഭ്യമാകുന്നുവോ അതേ പോലെതന്നെയാണ് മാതൃഭാഷ കൈകാര്യംചെയ്ത് വളരുന്ന തലമുറയും. എത്രഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുണ്ടായാലും അവയൊക്കെ ധാത്രിമാരുടെ പ്രയോജനമേ ചെയ്യുകയുള്ളൂവെന്നും മാതൃഭാഷ മാത്രമേ പെറ്റമ്മയുടെ സാന്ത്വനം പകര്‍ന്നു തരികയുള്ളൂവെന്നും മഹാകവി വള്ളത്തോള്‍ പറഞ്ഞത് അതുകൊണ്ടാണ്.
മാതൃഭാഷയുടെ ചൂടും ചൂരും അനുഭവിക്കുന്നവര്‍ക്ക് കിട്ടുന്ന സംരക്ഷണവും ശാന്തിയും സ്വാതന്ത്ര്യവും മറ്റൊരു ഭാഷയ്ക്കും നല്‍കാനാവില്ല എന്നത് എക്കാലത്തേയും സത്യമത്രേ. സംഗതിവശാല്‍ ഈ വസ്തുതയാണ് മലയാളി മറന്നുപോകുന്നത്. സ്വന്തം ഭാഷയെ സ്നേഹിക്കാതെ എങ്ങനെയാണ് മറ്റ് ഭാഷകളെ സ്നേഹിക്കാന്‍ കഴിയുക? സ്വന്തം ചിന്താധാരകളിലേക്ക് ഒഴുകിനിറയുന്ന വിജ്ഞാനത്തിന്റെയും മറ്റും അളവ് സമൃദ്ധസംസ്കാരമായി ഒരാളെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം വിലമതിക്കാനാവാത്തതാണ്. എന്നാല്‍ അതിനനുസരിച്ചുള്ള പ്രാധാന്യവും പരിഗണനയും എന്തുകൊണ്ടോ മലയാളത്തിന് മലയാളികള്‍ കൊടുക്കുന്നില്ല.
ഏതായാലും ഔദ്യോഗിക തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷയ്ക്ക് നവചൈതന്യവും കരുത്തും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തൊക്കെ നടപടികള്‍ ഉണ്ടായാലും. ഔദ്യോഗിക തലത്തില്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ ഗൗരവതരമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ ആളുകള്‍ തയാറാവൂ. പിഎസ്സി വഴി ജോലി കിട്ടിയാല്‍ അത് സ്ഥിരപ്പെടണമെങ്കില്‍ മലയാളം പരീക്ഷ പാസ്സായേ മതിയാവൂ എന്നുവരുമ്പോള്‍ ഗുണപരമായ മാറ്റം സുസാധ്യമാവും. വാസ്തവത്തില്‍ മാതൃഭാഷയ്ക്ക് കൊടുക്കേണ്ട പ്രാധാന്യത്തിന് നിയമവും നടപടികളും വേണമെന്ന് വരുന്നത് ഒരര്‍ത്ഥത്തില്‍ ലജ്ജാകരമാണ്. എന്നാല്‍ മലയാളിയുടെ പൊങ്ങച്ച സംസ്കാരം അതിന് അവനെ അനുവദിക്കുന്നില്ല എന്നതാണ് ഖേദകരം. അങ്ങനെയുള്ളപ്പോള്‍ നിയമനടപടികളും മറ്റും കൊണ്ടേ മാറ്റം വരുത്താനാവൂ.
ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷയ്ക്ക് കീഴാളസ്ഥാനമാണുള്ളത്. മേറ്റ്ല്ലാ സംസ്ഥാനങ്ങളിലും മാതൃഭാഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുമ്പോള്‍ ഇവിടെഅത് രണ്ടാം ഭാഷയായി അവഗണനയുടെ പുറമ്പോക്കിലാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മലയാള ഭാഷയ്ക്ക് അഭിമാനത്തോടെ നില്ക്കാന് കഴിഞ്ഞിട്ടില്ല എന്ന ദുര്യോഗത്തിന് വാസ്തവത്തില്‍ ഓരോ മലയാളിയും കുറ്റക്കാരനാണ്. ഭരണത്തില്‍ കഴിവും കരുത്തും പാണ്ഡിത്യവുമുള്ള പ്രഗല്ഭന്മാര് എത്രയെത്രവന്നു. എന്തൊക്കെ നിയമനിര്‍മാണങ്ങള്‍ നടന്നു. എന്നിട്ടും സ്വന്തം ഭാഷയെ ചളിക്കുണ്ടില്‍ നിന്ന് കൈകൊടുത്ത് ഉയര്‍ത്താന്‍ എളിയ ശ്രമം പോലുമുണ്ടായില്ല. ലോകത്തെ ഏത് മൂലയില്‍ പോയാലും അവിടെ ഒരു മലയാളിയുണ്ടാവുമെന്ന് പറഞ്ഞ് നാം അഭിമാനിക്കുമ്പോഴും മലയാളത്തിന്റേത് അധോഗതിയെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കുന്നു.
മലയാളത്തെ ശ്രേഷ്ഠഭാഷാപദവിയിലേക്ക് ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഏതാണ്ട് പരിസമാപ്തിയിലേക്ക് കടക്കുകയാണ്. വൈകാതെ തന്നെ ആ ബഹുമതി മലയാളിയുടെ അഭിമാനമാവും. മലയാളത്തിന് മാത്രമായി ഒരു സര്‍വകലാശാലയും ഉത്തരമലബാറില്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. മാതൃഭാഷയുടെ മഹനീയ സാധ്യതകള്‍ അറിയാനും അത് യുക്തമായ തരത്തില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അങ്ങനെയിരിക്കെയാണ് സ്വാഗതാര്‍ഹമായി മറ്റൊരു നടപടികൂടി വന്നിരിക്കുന്നത്. മലയാളം പഠിച്ചവര്‍ക്കേ സ്ഥിരനിയമനമുള്ളൂ എന്നു വരുമ്പോള്‍ മാതൃഭാഷയുടെ കാര്യത്തില്‍ ഇന്നത്തെ തലമുറ പുലര്‍ത്തുന്ന അവഗണനയ്ക്ക് ഒരു പരിധിവരെ അറുതിയാവും. വെറുതെ മലയാളം പഠിച്ചതുകൊണ്ട് മാത്രം കാര്യമാവുന്നില്ല. നല്ല രീതിയില്‍ തന്നെ ഭാഷ സ്വായത്തമാക്കണം. അതിന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അടിയന്തരമായി മാറ്റാനുള്ള നടപടിക്രമങ്ങളുണ്ടാവണം. മലയാളത്തിന്റെ സൗന്ദര്യവും സാധ്യതയും കണ്ടറിഞ്ഞ് സിലബസ്സ് പരിഷ്കരിക്കണം. പ്രോത്സാഹജനകമായ കാര്യങ്ങള്‍ മാതൃഭാഷാപഠനത്തിനുണ്ടാവണം. അങ്ങനെ മലയാളം മലയാളിയുടെ അഭിമാനമായിമാറണം.
മാതൃഭാഷയോടുള്ള സ്നേഹമാണ് മാതൃസംസ്ഥാനത്തോടുമുണ്ടാവുന്നത്. ലോകത്തിന്റെ ഏതു കോണില്‍ ഏത് ജോലിയില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കും സ്വന്തം നാട് പ്രിയപ്പെട്ടതാവുന്നത് അവന്റെ ഭാഷയിലൂടെയാണ്. എല്ലാ ഭാഷയേയും സ്നേഹിക്കുകയും മാതൃഭാഷയെ സേവിക്കുകയും ചെയ്യുന്ന മനോഭാവത്തിലേക്ക് ഉയരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്യാനാവും. ഭാഷാ ഭ്രാന്തിന്റെ തലത്തിലേക്കല്ല ഭാഷാ സ്നേഹത്തിന്റെ വാത്സല്യത്തിലേക്കാണ് ആണ്ടിറങ്ങേണ്ടത്. പിഎസ്സിക്ക് സര്‍ക്കാറിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിഞ്ഞതും ഈയൊരു മനോഭാവം കൊണ്ടായിരിക്കുമെന്ന് കരുതുന്നു. ഇനിയുള്ള നടപടികള്‍ ആത്മാര്‍ത്ഥതയോടേയും ഇച്ഛാശക്തിയോടെയും ബന്ധപ്പെട്ടവര്‍ മുന്നോട്ടു കൊണ്ടുപോവുമെന്ന് പ്രത്യാശിക്കുകയാണ്. മലയാളം, മലയാളി, മാനവികത എന്നതാവട്ടെ മുദ്രാവാക്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: