തിരുവനന്തപുരം: സിവില്‍ സപ്ലൈസ് പമ്പുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്കിയ ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.
രൊക്കം പണം കൊടുത്ത് ഡീസല്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വഴി കെഎസ്ആര്‍ടിസി പമ്പുകളില്‍ ഡീസല്‍ ലോഡ് ചെയ്യുന്നതിനാണു നീക്കം.
ഭാരത് പെട്രോളിയം കോര്‍പറേഷനുമായും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായും ഇത് സംബന്ധിച്ച് ധാരണയായിരുന്നു. വന്‍കിട ഡീസല്‍ ഉപയോക്താക്കള്‍ വാങ്ങുന്ന ഡീസലിനു വിപണിവില ഈടാക്കാന്‍ തുടങ്ങിയതോടെയാണു കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലായത്. വന്‍കിട ഉപയോക്താക്കള്‍ക്കു നല്കുന്ന ഡീസലിനു പൊതുവിപണിയിലേതിനെക്കാള്‍ 14 രൂപയിലധികം കൂടുതലാണ് ഈടാക്കുന്നത്.
കുട്ടമ്പുഴയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അധ്യാപികയുടെ കുടുംബത്തിന് സാധാരണ പോലെ മൂന്നു ലക്ഷം രൂപ സഹായം നല്‍കും. ഇതു കൂടാതെ രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ അധികമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വന്യമൃഗങ്ങളുടെ അക്രമം കൊണ്ട് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കന്നുകാലികളെ നഷ്ടമാവുക, കൃഷി, കുടില്‍ എന്നിവയും തകര്‍ന്നാല്‍ നഷ്ടപരിഹാരമായി നല്കിക്കൊണ്ടിരുന്ന തുക 5000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി.
പരുക്ക് പറ്റുന്നവര്‍ക്ക് ചികിത്സയുടെയും പരുക്കിന്റെയും ഗൗരവമനുസരിച്ച് 75,000 രൂപ വരെ നല്‍കാമെന്നും ഇത്തരത്തിലുള്ള നഷ്ടപരിഹാര തുകകള്‍ നല്‍കുന്നത് വര്‍ഷത്തില്‍ ഒന്ന് എന്നുള്ളതില്‍ നിന്നും ഒരു വര്‍ഷത്തില്‍ നാലുതവണ വരെ നല്‍കാനും തീരുമാനിച്ചു. പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണ്ണമായും നശിച്ച എറണാകുളത്തെ റോഡ് പുനരുദ്ധാരണത്തിന് 126 കോടി രൂപ അനുവദിച്ചു.
ആലപ്പുഴയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കയര്‍ ഫാക്ടറിയ്ക്ക് 34 തസ്തികകള്‍ അനുവദിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും. ഇതിനായി 36 തസ്തികകള്‍ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ റെയില്‍വേ സംബന്ധമായ മൂന്ന് ജോലികള്‍ക്ക് തുക അനുവദിക്കും. തളിപ്പറമ്പില്‍ 1.2145 ഹെക്ടര്‍ ഭൂമി സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കലാഗ്രാമത്തിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: