െതരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിയുന്നത്ര ജനങ്ങളെ ആകര്‍ഷിക്കത്തക്ക ബജറ്റ് അവതരിപ്പിക്കാനുള്ള യുപിഎ ശ്രമം പാളിയിരിക്കുന്നു. അനുദിനം ആടിയുലഞ്ഞ് അപകടാവസ്ഥയിലെത്തിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ദയനീയ ചിത്രമാണ് ബഡ്ജറ്റ് വഴി വരച്ചുകാട്ടിയിട്ടുള്ളത്. 2013 ഫിബ്രുവരി 28 ന് പാര്‍ലമെന്റിലവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനവിരുദ്ധമാണ്. ഈ ബഡ്ജറ്റ് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് കാര്യവിചിന്തനശേഷിയുള്ള ആരും പറയാനിടയില്ല
വിദേശ നിക്ഷേപകര്‍ക്കുവേണ്ടി നാടിന്റെ കവാടം മലര്‍ക്കെ തുറന്നു നല്‍കുകയും അടിസ്ഥാനമൂല്യങ്ങള്‍ മറന്ന് നാണംകെട്ട രീതിയില്‍ അക്കൂട്ടരെ മാടിവിളിക്കുകയും ചെയ്യുന്ന ദു:സ്ഥിതിയാണ് ബജറ്റ് വിളിച്ചോതുന്നത്. വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്കാണ് യുപിഎ രാജ്യത്തെക്കൊണ്ടെത്തിക്കുന്നത്. 2004-2013 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ രാഹുകാലമായിട്ടാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്
സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ച ജനങ്ങള്‍ വിരസവും ദിശാബോധമില്ലാത്തതുമായ അറുബോറന്‍ ബജറ്റിനാണ് സാക്ഷ്യം വഹിച്ചത്. ഉല്പാദന മേഖലയോട് കടുത്ത അവഗണനയാണ് ബജറ്റ് കാണിച്ചിട്ടുള്ളത്. അനിശ്ചിതത്വത്തിലായ നികുതി പരിഷ്കരണങ്ങളും അടിസ്ഥാന പ്രശ്നങ്ങളോടുള്ള അവഗണനയും ബജറ്റിനെ ജനവിരുദ്ധമാക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനോ മന്മോഹന് ഭരണത്തിനാകില്ലെന്ന സത്യം ബജറ്റ്വഴി തെളിഞ്ഞിരിക്കുന്നു
2004 ല്‍ ഫിസിക്കല്‍ റെസ്പോണ്സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് (എഞആങ) ആക്ട് നടപ്പാക്കിയ അന്നത്തെ ധനകാര്യമന്ത്രിയാണ് ഇപ്പോഴും ആ വകുപ്പ് നിയന്ത്രിക്കുന്ന പി.ചിദംബരം. പ്രസ്തുത ആക്ട് അനുസരിച്ച് 2009 ആകുമ്പോഴേക്കും റവന്യൂ കമ്മിയും ധനകാര്യകമ്മിയും ജിഡിപിയുടെ 0.5 ശതമാനം തോതില്‍ ഓരോവര്‍ഷവും കുറച്ചുകൊണ്ടുവന്ന് ബഡ്ജറ്റ് മാനേജ്മെന്റ് പ്രക്രിയ സഫലമാക്കേണ്ടതുണ്ടായിരുന്നു. ഇതനുസരിച്ച് 2010 മുതല്‍ റവന്യൂകമ്മി സീറോ ശതമാനവും ധനക്കമ്മി മൂന്ന് ശതമാനത്തിലും താഴെക്കെത്തുകയും വേണമായിരുന്നു. എന്നാല്‍ നിലവിലുള്ള ധനക്കമ്മി 5.2 ശതമാനമുള്ളത് 4.8 ശതമാനത്തില്‍ എത്തിക്കും എന്നാണ് ബജറ്റിലെ പ്രതീക്ഷ. ഇതില്‍നിന്നുതന്നെ ബജറ്റ് മാനേജ്മെന്റ് പ്രക്രിയയില്‍ യുപിഎ ഭരണകൂടം പരാജയപ്പെട്ടതായി കാണാവുന്നതാണ്. സാമ്പത്തിക സമാഹരണത്തിന് കാര്യമായ നിര്‍ദ്ദേശങ്ങളൊന്നുമില്ല
ഗ്രാമീണ-കാര്‍ഷിക ഇന്ത്യയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു ബജറ്റാണ് ഗാന്ധിജിയുടെ ഇന്ത്യയ്ക്കാവശ്യം. കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും കൊടുക്കേണ്ടിവരുമ്പോള്‍ കൈവിറയ്ക്കുന്നവരാണ് ഇന്ദ്രപ്രസ്ഥത്തിലെ ഭരണക്കസേരകളിലുള്ളത്. കോര്‍പ്പറേറ്റ്-ഷെയര്‍ മേഖലകളിലുടെ പടച്ചുണ്ടാക്കപ്പെട്ട സാമ്പത്തിക വിദഗ്ദന്മാരും അക്കാഡമീഷ്യന്സുമാണ് സാമ്പത്തിക മേഖലയുടെ പ്രതിനിധികളായി ബഡ്ജറ്റിനെ വ്യാഖ്യാനിക്കുന്നതും സ്വാഗതം ചെയ്യുന്നതും. അവരുടെ അജണ്ടയില്‍ ഗ്രാമീണ ഭാരതം ഒരിക്കലും ഉള്‍പ്പെടുന്നില്ല. 58 ശതമാനം ജനങ്ങള്‍ ഇന്നും തൊഴില്‍ മേഖലയായി തിരഞ്ഞെടുത്തിട്ടുള്ള കാര്‍ഷികരംഗം തീര്‍ത്തും സാമ്പത്തിക ചര്‍ച്ചകളിലും പരിഗണനകളിലും അവഗണിക്കപ്പെടുന്നു.
ജിഡിപിയുടെ 18 ശതമാനം പ്രദാനം ചെയ്യുന്ന കാര്‍ഷിക മേഖലയെ അടുത്തറിയാനും അടുപ്പം കാട്ടാനും അക്കാഡമിക് സാമ്പത്തിക വിദഗ്ദന്മാര്ക്ക് ആവുന്നില്ല എന്നതാണ് ദു:ഖസത്യം. ബിജെപി അധികാരത്തില്‍ വരുന്നതുവരെ കാര്‍ഷിക രാജ്യമായ ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക കാര്‍ഷിക നയംതന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 1999-2004 കാലയളവില്‍ ഉണ്ടായ വളര്‍ച്ചയും നേട്ടങ്ങളും ഇപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ-മാധ്യമമേഖലകളില്‍ ചര്‍ച്ചയും സംവാദങ്ങളും വസ്തുനിഷ്ഠമായ ബോധവല്‍ക്കരണശ്രമങ്ങളും ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്
സാമ്പത്തിക ദൃഷ്ടിയില് ഒരു ഭരണകൂടത്തെ വിലയിരുത്തേണ്ടിവരുമ്പോള്‍ അളവുകോലായി സ്വീകരിക്കുന്ന ഒരു പ്രധാനഘടകം നാടിന്റെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാനിരക്കാണ്. ബിജെപി ഭരണകാലവും കോണ്‍ഗ്രസ് ഭരണകാലവും സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ തുലനം ചെയ്താല്‍ കോണ്‍ഗ്രസ് എങ്ങനെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു എന്നത് ആര്‍ക്കും ബോധ്യപ്പെടും. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനം മാത്രമാണ്. ഈ നിരക്ക് അപമാനകരമാണ്. ബജറ്റില്‍ തന്നെ അഞ്ച് ശതമാനമുള്ള സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം ആക്കുമെന്നാണ് ചിദംബരം അവകാശപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ തോതിലായ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണ് 2012-2013 സാമ്പത്തിക വര്‍ഷം വരച്ചുകാട്ടിയിട്ടുള്ളത്
1980 മുതല്‍ 96 വരെയുള്ള കാലഘട്ടത്തില്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 5 മുതല്‍ 6 വരെ ശതമാനമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ധനകാര്യമന്ത്രിയായിരുന്ന 90-91 കാലഘട്ടത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ നിരക്കിലായതിനാല്‍ അദ്ദേഹം അത്യധികം ആശങ്കപ്പെട്ടിരുന്നു. 91 ഡിസംബറില്‍ അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പ്രത്യേക സബ്മിഷനില്‍ സ്വതന്ത്ര ഇന്ത്യ 44 കൊല്ലം പിന്നിട്ട സാമ്പത്തികാസൂത്രണത്തില്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി കുമ്പസാരം നടത്തിയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാനാവുന്നില്ലെന്നും, നാണയപ്പെരുപ്പം ആശങ്കാജനകമാണെന്നും രണ്ടാഴ്ച പിടിച്ചു നില്‍ക്കാനുള്ള വിദേശനാണ്യശേഖരംപോലും ഖജനാവിലില്ലെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കരകയറാന്‍ വാജ്പേയിയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസും മറ്റും സഹായിക്കണമെന്നുമാണ് ധനകാര്യമന്ത്രി മന്‍മോഹന്‍സിംഗ് അന്നപേക്ഷിച്ചത്. മൂലധനം, ടെക്നോളജി, മാര്‍ക്കറ്റിംഗ് എന്നിവയിലേക്ക് പ്രത്യക്ഷ വിദേശനിക്ഷേപം വേണമെന്നും അന്നദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെയാണ് പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്ന് 91 മുതല്‍ ചിലര്‍ പാടിപ്പുകഴ്ത്തിവരുന്നത്. എന്നാല്‍ 98 ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമേറ്റെടുക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക ദു:സ്ഥിതി 91 ലേതുപോലെ തുടരുകയായിരുന്നു
1996 ല്‍ ഐക്യമുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു. അന്നത്തെ ധനകാര്യമന്ത്രി തമിഴ് മാനിലാ കോണ്‍ഗ്രസ്സ് നേതാവായ ഇതേ ചിദംബരം തന്നെയായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 6 ശതമാനമെന്ന കുറ്റിയില്‍ കെട്ടിയിട്ട് കറക്കുന്നതിനപ്പുറം മുന്നേറ്റമുണ്ടാക്കാന്‍ ഇടതുപക്ഷ-കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് സര്‍ക്കാരിനും അന്നത്തെ ചിദംബരത്തിനും കഴിഞ്ഞില്ല. 1996-98 കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്നാണ് അടല്‍ ബിഹാരി വാജ്പേയി അധികാരം ഏറ്റെടുത്തത്. 91 ല്‍ മന്‍മോഹന്‍സിംഗ് വിലപിച്ച അതേ സാമ്പത്തിക ദുരിതങ്ങളോടെയാണ് എന്‍ഡിഎ അധികാരമേറ്റെടുക്കാനിടയായത്.
എന്‍ഡിഎ ഭരണമേറ്റ് ഒരു കൊല്ലത്തിനുള്ളില്‍ വിലക്കയറ്റം ഇല്ലാതാക്കാനും ഭക്ഷ്യ ദൗര്‍ലഭ്യം ഇല്ലാതാക്കി സ്വയം പര്യാപ്തതനേടാനും സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിലെത്തിക്കാനും വിദേശ നാണ്യശേഖരം സര്‍വ്വകാല റിക്കാര്ഡാക്കാനും നാണയപ്പെരുപ്പം നിയന്ത്രിക്കാനും സാധിച്ചു.
2004 ല്‍ ബിജെപി അധികാരത്തില്‍നിന്ന് ഒഴിയുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 8.9 ശതമാനമായിരുന്നു. 2004 ല്‍ കന്നി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ചിദംബരം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുരക്ഷിതവും നല്ല വളര്‍ച്ചയുള്ളതുമാണെന്ന് ഉച്ചൈസ്ഥരം ഉദ്ഘോഷിച്ചിരുന്നു. ഒരു വ്യാഴവട്ടക്കാലം പഴക്കമുള്ള ലോക സാമ്പത്തിക പ്രതിസന്ധി വലിയൊരളവോളം എന്‍ഡിഎ ഭരണകാലത്തുമുണ്ടായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക ശക്തികളുടെ ഉപരോധവും ഇന്ത്യയ്ക്കെതിരെ നിലവിലുള്ള കാലമായിരുന്നു അത്. എന്നിട്ടും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും ജിഡിപി ഉയര്‍ത്താനും ഭക്ഷ്യഉല്പാദനം സര്‍വ്വകാല റിക്കാര്ഡാക്കാനുമൊക്കെ ബിജെപി ഭരണത്തിനു കഴിഞ്ഞിട്ടുള്ളതാണ്
ആഗോള സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് മുതലക്കൂപ്പു നടത്തിയതെന്ന് പറയുന്നവര്‍ അജ്ഞതയുടെ സന്തതികളാണ്. ജനങ്ങളെ ബോധപൂര്‍വ്വം ഇക്കൂട്ടര്‍ തെറ്റിദ്ധരിപ്പിക്കയാണ്. 2013 ല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമാണെങ്കില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിലും കൂടൂതലാണ്. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ്സുകാരും അവരുടെ കുഴലൂത്തുകാരും കുറ്റകരമായ മൗനം പാലിക്കുകയാണ്
ഇന്ത്യയ്ക്ക് ശാപവും ഭാരവുമായി മാറിയിട്ടുള്ള യുപിഎയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കൊണ്ടാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരുന്നത്. യുപിഎ സര്‍ക്കാര്‍ ശരാശരി 8.4 ശതമാനം വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥ ഏറ്റെടുത്ത 2004 മുതല്‍ 2010 വരെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിലധികം എത്തിക്കുമെന്ന് ബജറ്റ്, നയപ്രഖ്യാപനം, ആസൂത്രണ കമ്മീഷന് പ്രഖ്യാപനങ്ങള്‍ എന്നിവവഴി ഇന്ത്യന്‍ ജനതയ്ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ ബജറ്റില്‍ പ്രതീക്ഷതന്നെ 6.5 ശതമാനത്തില്‍ ഒതുക്കിയിരിക്കുന്നു. 4.5 ശതമാനത്തിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മൂക്കുകുത്തിച്ച മന്‍മോഹന്‍സിംഗ് ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ പരാജയമേറ്റെടുത്ത് രാജിവെയ്ക്കേണ്ടതാണ്
അമേരിക്ക ഉള്‍പ്പെടെ പ്രതിസന്ധി നേരിടുന്ന പലരാജ്യങ്ങളും ഗുരുതരമായ ബഡ്ജറ്റ് കമ്മി നേരിടാന്‍ അതിസമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഒരു കോടിയിലധികം ടാക്സബിള്‍ ഇന്കമുള്ള ആളുകള്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയ അതിസമ്പന്ന നികുതി കൊണ്ടുവന്നതില്‍ ചിദംബരം മേനി നടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അതിസമ്പന്ന നികുതി അട്ടിമറിച്ച കുറ്റത്തിലെ മുഖ്യപ്രതിയാണ് ചിദംബരം.
1996 ല്‍ ഇടതുപക്ഷ-കേന്ദ്രമന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായി സമ്പന്നരുടെമേലുണ്ടായിരുന്ന ഷെയര്‍ പ്രോഫിറ്റ് ടാക്സ് എടുത്തുകളയുകയാണുണ്ടായത്. ഇന്ത്യന്‍ ജനസംഖ്യയുടെ അരശതമാനംവരുന്ന അതിസമ്പന്നരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പ്രധാന വരുമാന സ്രോതസ്സ് കമ്പനി ഷെയറുകളില്‍നിന്ന് ലഭിക്കുന്ന ലാഭമാണ്. ഇതെടുത്ത് കളഞ്ഞ ചിദംബരം ഇപ്പോള്‍ ഒരു കോടിയിലധികമുള്ള 42,800 പേര്‍ക്ക് 10 ശതമാനം അധികനികുതി ഏര്‍പ്പെടുത്തി കൈയ്യടി വാങ്ങുകയാണ്.
ഇവരില്‍നിന്ന് കിട്ടുന്ന ഈ അധിക വരുമാനംകൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാനാകുമോ ? എന്തുകൊണ്ട് ഭൂരിപക്ഷം സമ്പന്നരെ ഒഴിവാക്കി ? കള്ളപ്പണം നിയന്ത്രിക്കാനോ സമാന്തര സമ്പദ്വ്യവസ്ഥ തടയാനോ വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരാനോ, അഴിമതി തടയാനോ യാതൊരുവിധ നിര്‍ദ്ദേശങ്ങളുമില്ലാതെ ചിദംബരത്തിന്റെ ബഡ്ജറ്റ് നാടിന് യാതൊരുവിധ ഗുണവും ചെയ്യാന്‍ പോകുന്നില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരടി മുന്നോട്ടുപോയാല്‍ രണ്ടടി പിന്നോട്ടെന്ന നിലയില്‍ കാര്‍ഷികരംഗം മുതല്‍ കായികരംഗം വരെ പരാജയത്തിലേക്ക് നീങ്ങുക എന്നതായിരിക്കും ഈ ബജറ്റിന്റെ ഫലം.
അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: