മരട്: റെയില്‍വേയുടെ അവഗണനയെ തുടര്‍ന്ന് പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന തിരുനെട്ടൂര്‍ സ്റ്റേഷന് വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് നെട്ടൂര്‍ കരുണ റെസിഡെന്സ് അസോസിയേഷന് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും, റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതിനല്‍കി. ടിക്കറ്റ് വില്പനക്കുള്ള കൗണ്ടര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നത് മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതോടെ ഇവിടെ നിന്നും ദിനം പ്രതിയാത്രചെയ്യുന്ന നിരവധിപേര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
എറണാകുളം- കായംകുളം തീരദേശ പാതയിലെ ആദ്യ സ്റ്റേഷനാണ് നെട്ടൂര്‍ പ്രതിദിനം ആറ് ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. ഇരുഭാഗത്തുനിന്നും നിരവധിയാത്രക്കാര്‍ ഈ സ്റ്റേഷനില്‍ ഇറങ്ങി തൃപ്പൂണിത്തുറ, കൊച്ചി ഭാഗങ്ങളിലേക്കും മറ്റും ജോലിക്കെത്തുന്നുണ്ട്. കൗണ്ടര്‍ തുറക്കാത്തതുകാരണം മറ്റിടങ്ങളില്‍ നിന്നും ടിക്കേറ്റ്ടുത്തവര്ക്കും സീസണ് ടിക്കറ്റ് എടുത്തവര്‍ക്കും മാത്രമെ നെട്ടൂര്‍ സ്റ്റേഷനില്‍നിന്നും ട്രെയിനുകളില്‍ കയറി യാത്രചെയ്യാന്‍ കഴിയുകയുള്ള എന്നതാണവസ്ഥ. വരുമാനം കുറഞ്ഞ സ്റ്റേഷനാണെന്ന കാരണത്താല്‍ സ്ഥിരം ജീവനക്കാരെ നെട്ടൂര്‍ സ്റ്റേഷനില്‍ നിയമിച്ചിട്ടില്ല. കാലങ്ങളായി ഇവിടെ കരാര്‍ അടിസ്ഥാനത്തിലാണ് ടിക്കറ്റ് കൗണ്ടര്‍ തുറന്നുപ്രവര്ത്തിച്ചുവന്നിരുന്നത്. എന്നാല്‍ ടിക്കറ്റ് വില്പനയില് നിന്നും വരുമാനം ലഭിക്കാത്തതിനാല്‍ കരാറുകാരന് പിന്മാറിയതിനാലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൗണ്ടര്‍ തുറക്കാതായത്.
ജീവനക്കാരില്ലാത്തതിനാല്‍ വൈദ്യുതി ബന്ധം കാലങ്ങളായി വിഛേദിച്ചനിലയിലാണ്. ഇതിനുപുറമെ ഇരിപ്പിടങ്ങളോ, മൂത്രപ്പുരയോ സ്റ്റേഷനിലില്ല. വണ്ടികള്‍ നിര്‍ത്തുകയും പുറപ്പെടുകയും ചെയ്യുമ്പോള്‍ കൊടിവീശുവാന്പോലും ഒരാളെ റെയില്‍വേ ഇവിടെ നിയോഗിച്ചിട്ടില്ല. നെട്ടൂരിനു പുറമെ തീരദേശ പാതയിലെ അഞ്ചോളം മറ്റുസ്റ്റേഷനുകളിലെ സ്ഥിതിയും ഇതിനുസമാനമാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി മിക്കസ്റ്റേഷനുകളും നിര്‍ത്തലാക്കലിന്റെ വക്കിലാണെന്ന് യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: