ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രഹസ്യ നടപടികളില്‍ 54 രാജ്യങ്ങള്‍ പങ്കാളികളാകുന്നതായി റിപ്പോര്‍ട്ട്. സിഐഎയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ പങ്ക് സംബന്ധിച്ച് ഒരു മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെ ചോദ്യംചെയ്യുന്നതിനും തടവുകാരെ ഒരു രാജ്യത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും മറ്റും ഈ രാജ്യങ്ങളുടെ സഹായം സിഐഎ സ്വീകരിക്കുന്നു. ഈ രീതിയില്‍ 136 പേരെ തടവുകാരാക്കുകയോ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കും സിഐഎ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.
എന്നാല്‍ തടവുകാരുടെ മേല്‍ സിഐഎ നടത്തിയ ക്രൂരമായ പീഡനങ്ങള്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കാലത്ത് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. യാതൊരു രേഖകളുമില്ലാതെ തടവുകാരെ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് മാറ്റാനും സിഐഎ ഈ സംവിധാനം ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷക്ക് ക്രൂരമായ ചോദ്യം ചെയ്യല്‍ രീതി ആവശ്യമാണെന്ന നിലപാടിലായിരുന്നു മുന്‍ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥര്‍.
എന്നാല്‍ ക്രൂരമായ ചോദ്യംചെയ്യല്‍ രീതികളും പീഡനവും നിയമവിരുദ്ധവും പ്രയോജനമില്ലാത്തതുമാണെന്ന് വിമര്‍ശനം മുമ്പുതന്നെ ഉയര്‍ന്നിരുന്നു. പുതുതായി പുറത്തിറങ്ങിയ ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’ എന്ന സിനിമ ഈ വിഷയത്തെ വീണ്ടും ചര്ച്ചകളിലേക്കെത്തിക്കുകയാണ്. ലാദന് വേട്ടയില്‍ ഉപയോഗിച്ച ക്രൂരമായ മുറകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. 2009 ല്‍ ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്ന കാര്യം പ്രസിഡന്റ് ഒബാമ തള്ളിക്കളഞ്ഞിരുന്നു. പിന്തിരിഞ്ഞുനോക്കാന് താല്പര്യമില്ലെന്നായിരുന്നു അദ്ദേഹം ഇതിന് നല്കിയ വിശദീകരണം.
അമൃത്സിംഗാണ് ഇതുസംബന്ധിച്ച ഓപ്പണ്‍ സൊസൈറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പീഡനത്തിന്റെ ആഗോളവല്ക്കരണമായാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. യൂറോപ്പില്‍ 25ഉം ഏഷ്യയില്‍ 14 ഉം ആഫ്രിക്കയില്‍ 13 ഉം രാജ്യങ്ങള്‍ സിഐഎയെ സഹായിക്കുന്നതിന്റെ തെളിവുകള്‍ അമൃത്സിംഗ് നിരത്തുന്നു. ഇതുകൂടാതെ കാനഡയും ഓസ്ട്രേലിയയും സിഐഎക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: