കൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് മൂവായിരം ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ കൂടി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കേണ്ടത്. നഗരത്തില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം ഏഴായിരമാക്കാനും അനധികൃത ഓട്ടോകളെ ഒഴിവാക്കാനും ഇതു മൂലം കഴിയുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. 15000ലേറെ ഓട്ടോറിക്ഷകള്‍ ഇപ്പോള്‍ നഗരത്തില്‍ ഓടുന്നുണ്ടെന്നാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ടെത്തിയിട്ടുള്ളത്.
നിലവില്‍ നാലായിരം പെര്‍മിറ്റുകളാണ് കൊച്ചി നഗരത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 1500 പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. മൂവായിരം പെര്‍മിറ്റുകള്‍ക്ക് കൂടി അനുമതി ലഭിച്ചാല്‍ പുതുതായി 5500 ഓട്ടോകളെ പെര്മിറ്റുള്ളവയാക്കി മാറ്റാനാകും. ഇതിന് മുന്നോടിയായി നിലവിലുള്ള സ്റ്റാന്റുകളുടെ എണ്ണം ക്രമപ്പെടുത്തി പുതിയ സ്റ്റാന്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സ്ഥലപരിമിതിയും ട്രിപ്പുകളുടെ സാധ്യതയും കണക്കിലെടുത്ത് ഓരോ സ്റ്റാന്റിലും അനുവദിക്കാവുന്ന ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിക്കും. സ്റ്റാന്റുകളെ അടിസ്ഥാനമാക്കി പെര്‍മിറ്റുകള്‍ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു.
പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് മുമ്പ് നിലവിലുള്ള ഓട്ടോറിക്ഷകളുടെ മീറ്റര്‍ സീലിങ് പൂര്‍ത്തിയാക്കും. മീറ്റര്‍ സീലിങ് സംബന്ധിച്ച് കോര്പ്പറേഷന് മേഖലയിലെ ഓട്ടോറിക്ഷകള്‍ക്കുള്ള അദാലത്ത് 13,14,15,16 തീയതികളില്‍ നടത്തും. പശ്ചിമകൊച്ചി മേഖലയിലെ അദാലത്ത് 20, 21 തീയതികളിലാണ്. കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ 13 മുതല്‍ 16 വരെ നടക്കുന്ന അദാലത്തിലേക്കുള്ള അപേക്ഷകള്‍ ആറിനകം സമര്‍പ്പിക്കണം. പരാതി കേള്‍ക്കാന്‍ മാര്‍ച്ചില്‍ തീയതി ലഭിച്ചിട്ടുള്ളവര്‍ 13നും ഏപ്രിലില്‍ തീയതി ലഭിച്ചിട്ടുള്ളവര്‍ 14നും മെയില്‍ തീയതി ലഭിച്ചവര്‍ 15നും ജൂണില്‍ തീയതി ലഭിച്ചവര്‍ 16നും ഹാജരാകണം.
പുതുതായി അനുവദിക്കേണ്ട ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ സംബന്ധിച്ച കോര്‍പ്പറേഷന്റെ പ്രമേയം അടുത്ത ആര്.ടി.എ യോഗം പരിഗണിക്കും. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. റോഡിന് കുറഞ്ഞ വീതി ആറ് മീറ്ററെങ്കിലും ഉള്ള സ്ഥലങ്ങളില്‍ മാത്രമേ സ്റ്റാന്റുകള്‍ അനുവദിക്കാന്‍ കഴിയൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. സോഹന്‍, ആര്.ടി.ഒ ബി.ജെ. ആന്റണി, ജോയിന്റ് ആര്.ടി.ഒമാരായ പി.എച്ച്. സാദിഖലി, വി. സജിത്ത്, ജി.സി.ഡി.എ സീനിയര്‍ ടൗണ്‍ പ്ലാനര്‍ ഗോപാലകൃഷ്ണപിള്ള, ലീഗല്‍ മെട്രോളജി വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സുജ ജോസഫ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ അനന്തകൃഷ്ണന്, ട്രാഫിക് പോലീസ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: