കിഴക്കമ്പലം: ഇന്‍ഫോപാര്‍ക്ക് പദ്ധതി പ്രദേശത്ത് ഐഎന്‍ടിയുസി, സിഐടിയു, എസ്ടിയു യൂണിയനുകളില്‍ പെട്ടവരുടെ അതിക്രമം. ആക്രമണത്തില്‍ പരിക്കേറ്റ ബിഎംഎസ്, എഐടിയുസി, എസ്ഡിടിയു യുണിയനുകളില്‍ പെട്ട 25 തൊഴിലാളികളെ കടയിരുപ്പ് സര്‍ക്കാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ഇരയായ തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പോലീസ് ശ്രമിക്കുന്നതായും പരാതിഉയര്‍ന്നു.
ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട പദ്ധതി പ്രദേശത്ത് പണിയെടുക്കാനെത്തിയ ബിഎംഎസ്, എഐടിയുസി, എസ്ഡിടിയു യൂണിയനുകളില്‍പെട്ട 27 തൊഴിലാളികള്ക്കുനേരെയായിരുന്നു ഇന്നലെ രാവിലെ ഗുണ്ടാ ആക്രമണം നടന്നത്. ജില്ലാകളക്ടറും ജില്ലാലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ കാര്‍ഡുള്ള 27 തൊഴിലാളികള്‍ ഇന്നലെ പണിയെടുക്കാനെത്തിയത്. തൊഴിലെടുക്കാനുള്ള അനുമതിക്കുവേണ്ടി 35 ദിവസത്തോളം കളക്ടറേറ്റ് പടിക്കല്‍ നിരാഹാരം കിടന്നതിനെത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നതും പണിക്കുകയറാന് നിര്‍ദ്ദേശം കിട്ടിയതും. തുടര്‍ന്ന് ഐഎന്‍ടിയുസി, സിഐടിയു എസ്ടിയു വിഭാഗത്തില്‍പെട്ട 75 പേരെ പണിക്കുകയറ്റി. ബിഎംഎസ് അടക്കുള്ള മറ്റുയൂണിയനുകളില് പെട്ട 5 പേരെ വീതവും ജോലിക്കുകയറ്റാന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ യടിസ്ഥാനത്തില്‍ ഇന്നലെ ജോലിക്കുചെന്നതൊഴിലാളികളെയാണ് സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു ഗുണ്ടകള്‍ തല്ലിച്ചതച്ചത്. സംഘടിതമായുണ്ടായ ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈ ഒടിഞ്ഞ നിലയിലാണ് എസ്ഡിടിയു പ്രവര്‍ത്തകരായ നിഷാദ്, അജാസ്, സൈനുദ്ദീന്‍ എന്നിവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിഎംഎസ് കുന്നത്തുനാട് മേഖലാ പ്രസിഡന്റ് വിനോദ് സി.വി, സംയുക്തസമരസമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് മനക്കേക്കര, സമരസമിതി ചെയര്മാന് പി.കെ.ഉസ്മാന്, ജനറല്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. പദ്ധതി പ്രദേശത്തെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് പതിമൂന്ന് തവണ ജില്ലാകളക്ടറും, ജില്ലാ ലേബര്‍ ഓഫീസറും ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, തൊഴിലാളിയൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുകയോ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയോ ചെയ്തിട്ടില്ലത്രെ ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവസാനഘട്ട ചര്‍ച്ചയിലാണ് ലേബര്കാര്ഡ് കിട്ടിയ എല്ലാവര്ക്കും തൊഴിലെടുക്കുന്നതിന് അനുമതി ഉണ്ടെന്ന് പദ്ധതി പ്രദേശത്തു തൊഴില്‍ ചെയ്യുന്നതിന് യാതൊരു തടസ്സവും നിലനില്ക്കുന്നില്ല എന്ന് അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ തൊഴിലെടുക്കുന്നതിനായി എഐടിയുസി, ബിഎംഎസ്, എസ്ഡിടിയു തൊഴിലാളികള്‍ എത്തിയത്. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു എന്നീ യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തിലും തൊഴില്‍ നിഷേധത്തിലൂം പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് പദ്ധതി പ്രദേശത്തേക്ക് വന്‍ പ്രതിഷേധമാര്‍ച്ച് നടത്താന്‍ സംയുക്തസമരസമിതി തീരുമാനിച്ചു. തൊഴിലാളികളെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് സമരസമിതി നേതാക്കളായ ജോയ്ജോസഫ്, എ.ഡി.ഉണ്ണികൃഷ്ണന്, സുള്‍ഫിക്കര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: