ചോറ്റാനിക്കര: സര്‍വ്വാഭരണവിഭൂഷിതയായി തങ്കഗോളക ചാര്‍ത്തിയ ചോറ്റാനിക്കരദേവിയെ തൊഴുത് ദര്‍ശനപുണ്യം നേടാന്‍ പതിനായിരങ്ങള്‍ തിങ്കളാഴ്ച ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തി. കുംഭമാസത്തിലെ മകം നാളായ തിങ്കളാഴ്ച ഉച്ചയ്ക്ക് കൃത്യം 2ന് മിഥുനം ലഗ്നത്തില്‍ ക്ഷേത്രം മേല്‍ശാന്തി ടി.പി.കൃഷ്ണന് നമ്പൂതിരി ശ്രീകോവിലിന്റെ അഷ്ടലക്ഷ്മി മുദ്രാങ്കിതമായ നടവാതില്‍ തുറന്നപ്പോള്‍ അക്ഷമരായി കാത്തുനിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ‘അമ്മേ നാരായണ, ദേവീ നാരായണ’ മന്ത്രം ക്ഷേത്രാങ്കണമാകെ ഉയര്‍ന്നുപൊങ്ങി. അതോടെ മകം തൊഴലും ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെ ചോറ്റാനിക്കര ദേവി ശാസ്താസമേതയായി ഓണക്കുറ്റിച്ചിറയില്‍ ആറാട്ട്, ഇറക്കിപൂജ എന്നിവ നടത്തി. തുടര്‍ന്ന് പറയെടുപ്പ് കഴിഞ്ഞ് ഏഴ് ആനപ്പുറത്ത് വടക്കെ പൂരപ്പറമ്പില്‍ ശീവേലി എഴുന്നള്ളിപ്പ് തുടങ്ങി. മുളങ്കുന്നത്തുകാവ് ഭാസ്ക്കരക്കുറുപ്പിന്റെ പാണ്ടിമേളം ശീവേലി കാണാനെത്തിയ ജനങ്ങള്‍ക്ക് ഹരം പകര്‍ന്നതോടെ കുംഭച്ചൂടും അകന്നുമാറി. ശീവേലി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഇറക്കി എഴുന്നള്ളിച്ചതോടെ ക്ഷേത്രത്തിനകത്ത് വലിയമ്പലത്തിലെ പ്രത്യേക വേദിയില്‍ ഇന്ദിര ചാക്യാരുടെ നേതൃത്വത്തില്‍ നങ്ങ്യാര്‍ക്കൂത്ത് നടന്നു. ആചാരപ്രകാരം കൂത്ത് ശ്രവിച്ചുകൊണ്ടുവേണം ദേവിയെ ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കേണ്ടത്. കലാമണ്ഡലം രാമചന്ദ്രന് നമ്പ്യാരുടെ മിഴാവും കുഴൂര്‍ ദാമോദരന്‍ നമ്പ്യാര്‍, ഉഷ നങ്ങ്യാര്‍ എന്നിവരുടെ പക്കമേളവും കൂത്തിന് അകമ്പടിയായി.
ക്ഷേത്രത്തിലെ പതിവ് പൂജകളും പന്തീരടി, ഉച്ചശീവേലി എന്നിവക്കുശേഷം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ശ്രീഭൂതബലിക്കുശേഷം ഒന്നര മണിയോടെ ചോറ്റാനിക്കര ദേവിയുടെ ശ്രീകോവില്‍ അലങ്കാരത്തിനായി അടക്കുമ്പോള്‍ മുന്‍ പതിവിലും അരമണിക്കൂര്‍ വൈകിയിരുന്നു. ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ടി.പി.കൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ദേവി വിഗ്രഹത്തെ സര്‍വ്വാഭരണ വിഭൂഷിതയാക്കി അണിയിച്ചൊരുക്കി.
മകം നാളില്‍ ഭഗവതിക്ക് ചാര്‍ത്തുന്ന പ്രത്യേക തങ്ക ഗോളകയാണ് ചാര്‍ത്തിയത്. ശംഖ്, ചക്രം, അഭയവരമുദ്രകളോടെയുള്ളതാണ് ഗോളക. വിശേഷമായ രുദ്രാക്ഷമാല, കാശുമാല, സഹസ്രനാമ മാല, അഞ്ച് താലി, ആയുധമാല, മണിമാല, അരപ്പട്ട, രത്നങ്ങള്‍ പതിച്ച കിരീടം, കേശാദിപാദം താമരമാല, തുളസി-ചെത്തിപ്പൂ മാലകള്‍, മുല്ലപ്പൂ മാല, തിരുമുടി മാല എന്നിവയെല്ലാം പട്ടുടയാടകള്ക്കുമേല് ചാര്‍ത്തിയപ്പോള്‍ നെയ്തിരി ദീപങ്ങളില്‍ പ്രശോഭിതമായ ദേവി വിഗ്രഹം ശ്രീകോവിലിനുള്ളില്‍ തിളങ്ങിനില്‍ക്കുന്ന ദര്‍ശന പുണ്യമാണ് ഭക്തജനങ്ങള്‍ക്ക് നിര്‍വൃതി പകര്‍ന്നത്. നാദസ്വരമേളവും നാമജപവും നടപ്പുരയില്‍ ഉയര്‍ന്നതോടെ ക്ഷേത്രവും പരിസരങ്ങളുമാകെ ഭക്തിയുടെ പരിവേഷമായി. ദര്‍ശനത്തിന് നട തുറന്നതോടെ എങ്ങും ദേവീമന്ത്രങ്ങള്‍ മാത്രമായി.
ഒരു കൊല്ലക്കാലത്തെ കാത്തിരിപ്പിനുശേഷം ചോറ്റാനിക്കര ദേവിയെ മകം തൊഴുത് സായൂജ്യം നേടി മടങ്ങുന്ന ഭക്തജനങ്ങള്‍ ചോറ്റാനിക്കരയിലെ വീഥികള്‍പോലും ഭക്തിസാന്ദ്രമാക്കി. നാനാ ദേശങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ചോറ്റാനിക്കരയില്‍ എത്തിച്ചേര്‍ന്നു. മകം തൊഴാനുള്ള മുഹൂര്‍ത്തം സമാഗതമായതോടെ ക്ഷേത്രവും പരിസരങ്ങളും ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു. കുംഭമാസത്തിലെ കടുത്ത ചൂടിനെ ചെറുക്കാന്‍ പന്തലൊരുക്കിയും സംഭാരവും ലഘുഭക്ഷണവും കുടിവെള്ളവും ഭക്തര്‍ക്ക് വിതരണം ചെയ്തും സൗകര്യമൊരുക്കിയാണ് ദര്‍ശനത്തിനായി കാത്തുനിന്നവര്‍ക്ക് ആശ്വാസം പകര്‍ന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിരുന്നു. ചോറ്റാനിക്കര ഹൈസ്കൂളില്‍ സ്ത്രീകള്‍ക്കും വടക്കെ പൂരപ്പറമ്പില്‍ പുരുഷന്മാരുള്പ്പെടെയുള്ള കുടുംബങ്ങള്‍ക്കുമാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഇവിടെനിന്ന് നിയന്ത്രിച്ച് ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടു. നിരീക്ഷണ ക്യാമറകളും വനിതാ പോലീസുമടക്കം 700ഓളം പോലീസുകാരും ദേവസ്വം അധികൃതരും വളണ്ടിയര്‍മാരും ചേര്‍ന്ന് ഭക്തജനങ്ങളെ നിയന്ത്രിച്ചു. ഉച്ചയ്ക്ക് 2ന് ആരംഭിച്ച മകംതൊഴല്‍ രാത്രി 9 വരെ ഇടതടവില്ലാതെ തുടര്‍ന്നു. രാത്രി മകം വിളക്കിനെഴുന്നള്ളിപ്പ് നടന്നു. ഏഴ് ദേവീദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന അപൂര്‍വ്വമായ പൂരം എഴുന്നള്ളിപ്പ് നടക്കും. ബുധനാഴ്ച ഉത്സവം കൊടിയിറങ്ങും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: