വ്യാഴാഴ്ച ഹൈദരാബാദില്‍ ഇരട്ടസ്ഫോടനം നടന്ന സ്ഥലങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പറഞ്ഞ കാര്യങ്ങള്‍ പരിഹാസ്യതയോടെ മാത്രമേ ശ്രവിക്കാനാകൂ. മരണപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും കണ്ടപ്പോള്‍ ഡോ.മന്‍മോഹന്‍സിംഗ് പറഞ്ഞു “നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എപ്പോഴും ഞങ്ങളുണ്ടാകും.” ഉത്തരവാദിത്വത്തെക്കുറിച്ച് അല്പമെങ്കിലും ബോധമുള്ളയാളാണ് പ്രധാനമന്ത്രിസ്ഥാനത്തെന്ന് ബോധ്യമാകുന്ന ഒരുകാര്യവും മന്‍മോഹന്‍സിംഗിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ജനങ്ങളെ രക്ഷിക്കാല്ല, ശിക്ഷിക്കാനാണ് പദവി ഉപയോഗപ്പെടുത്തുന്നതെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ഹൈദരാബാദ് സംഭവം സംബന്ധിച്ച് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചിരുന്നത്. എന്നിട്ടും ഒരു മുന്‍കരുതലുമെടുക്കാതെ ഉറക്കം തൂങ്ങിയിരുന്നവര്‍ സ്ഫോടനങ്ങളുണ്ടാവുകയും നിരവധി മരണങ്ങള് സംഭവിക്കുകയും ചെയ്തശേഷം ജനങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറയുന്നത് ലജ്ജാകരമാണ്. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടവര്‍ ജല്പ്പനങ്ങളുടെ കെട്ടഴിക്കുന്നതിനു പകരം അധികാരം ഒഴിയുകയായിരുന്നു വേണ്ടത്. പ്രധാനമന്ത്രി ഹൈദരാബാദില്‍ ചെല്ലാനും ദുഃഖത്തില്‍ പങ്കുചേരുന്നതായി പറയാനും വഴിവച്ചത് ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നില്ലെങ്കില്‍ സ്ഫോടനം കേട്ടഭാവം നടിക്കുമായിരുന്നില്ല. മരിച്ചവരെപ്പറ്റി ഓര്‍ക്കുകപോലും ചെയ്യുമായിരുന്നില്ല. കാരണം സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദിയാരെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. അവരെ കുറ്റപ്പെടുത്താനോ ശക്തമായ നടപടി സ്വീകരിക്കാനോ തന്റേടമില്ലാത്ത ഭരണകൂടവും നേതൃത്വവുമാണല്ലൊ ഇപ്പോഴുള്ളത്.
യഥാര്‍ത്ഥ കുറ്റവാളികളെ തോളേറ്റി നടക്കുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ അഹോരാത്രം യത്നിക്കുന്നവരെ തള്ളിപ്പറയാനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും യത്നിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ വിവാദ പ്രസ്താവന അതിന് മതിയായ തെളിവാണ്. ഹിന്ദുസംഘടനകളെ ഭീകരവാദികളെന്നാക്ഷേപിച്ച ഷിന്‍ഡെയാകട്ടെ പ്രതിഷേധത്തെതുടര്‍ന്ന് ദുഃഖം പ്രകടിപ്പിച്ചതല്ലാതെ അത് പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഷിന്‍ഡെയുടെ പ്രസ്താവന സന്തോഷിപ്പിച്ചത് പാക്കിസ്ഥാനെയും അവരുടെ ചോറ്റുപട്ടികളായ ഭീകരന്മാരെയുമാണ്. പാക് ഭീകരസംഘടനയായലഷ്കര് ഇ തോയ്ബ , ജയ്ഷ ഇ മുഹമ്മദ് , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ സ്ഫോടനത്തിന് പദ്ധതി ഇടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു എന്നാണ് പറയുന്നത്. അഫ്സല് ഗുരുവിന്റേയും കസബിന്റേയും തൂക്കിക്കൊലയ്ക്ക് പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഫോടനം നടത്തിയേക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ ബുധനാഴ്ച വീണ്ടും മുന്നറിയിപ്പ് നല്കി. ഹൈദരാബാദ്, ബംഗളൂരു, കോയമ്പത്തൂര്‍, ഹൂബ്ലി എന്നീനഗരങ്ങളിലാണ് സ്ഫോടന സാധ്യതയെന്ന് വ്യാഴാഴ്ച രാവിലെ സൂചിപ്പിച്ചു. എന്നാല്‍ ഇതൊന്നും അതിന്റേതായ ഗൗരവത്തിലല്ല കേന്ദ്രം കൈകാര്യം ചെയ്തത്. മുന്നറിയിപ്പ് വിവരം സംസ്ഥാനങ്ങളെ സാധാരണ നടപടിക്രമം എന്ന നിലയില്‍ അറിയിക്കുക മാത്രമാണ് ഉണ്ടായത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ തുടര്‍ച്ചയായ മുന്നറിയിപ്പ് അതിന്റെ ഗൗരവത്തില്‍ എടുത്തില്ല.സ്ഫോടന മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു എന്നുമാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പറഞ്ഞത്.
പതിവ് അറിയിപ്പിലുപരി ഗൗരവം അറിയിപ്പുകള്ക്കില്ലായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. ഇരു സര്‍ക്കാരുകളും ഗുരുതരമായ വീഴ്ച വരുത്തി എന്നാണിത് തെളിയിക്കുന്നത്. അതില്‍ ഒന്നാംപ്രതി കേന്ദ്രസര്‍ക്കാരുമാണ്. ഹൈദരാബാദ്സ്ഫോടനത്തിനു പിന്നില്‍ ഭീകരവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സൂചനയുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് ഭട്കലാണ് ആസൂത്രണത്തിന് പിന്നിലെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. കൂടാതെ ദില്‍സുഖ് നഗറില്‍ സ്ഫോടനം നടത്തിയ രീതിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണ ശൈലിയുമായി സാമ്യമുണ്ട്. . 2007 ആഗസ്റ്റ് 25 ന് സ്ഫോടനം നടന്ന അതേ സ്ഥലത്താണ് ഇപ്പോഴത്തെ സ്ഫോടനം നടന്നത്. എന്നിട്ടും ആ വഴിക്കുള്ള അന്വേഷണത്തിന് ശക്തമായ നടപടി ഇനിയും തുടങ്ങിയിട്ടില്ല. നിരോധിച്ച സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമായി സര്‍ക്കാരിന് അറിയുകയും ചെയ്യാം. ഭീകരന്മാരുടെ നിലപാടുകളും നീക്കങ്ങളുമെല്ലാം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി വിവരം നല്കുന്നു. പക്ഷേ ഭരണനേതൃത്വം നടപടി സ്വീകരിക്കാന്‍ അറച്ചുനില്ക്കുന്നതുമൂലം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. എന്നിട്ടും ‘ഞങ്ങളുണ്ട് നിങ്ങളെ രക്ഷിക്കാന്‍’ എന്ന് പറയുമ്പോള്‍ അപ്പടി വിസ്വസിക്കുന്ന മണ്ടന്മാരാണ് ജനങ്ങളെന്ന് ധരിച്ചേക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: