എഴുത്തച്ഛന്റെ കൃതി മുതല്‍ കണക്കാക്കിയാല്‍ മലയാളത്തിന് 500 കൊല്ലമേ പഴക്കമുള്ളൂ. അതുപോലെ കുണ്ടറ വിളംബരം മുതല്‍ കണക്കാക്കിയാല്‍ മലയാള ഗദ്യത്തിന് 300 വര്‍ഷം പഴക്കമേയുള്ളൂ. 150 കൊല്ലം മുമ്പുള്ള സി.വി. രാമന്‍പിള്ളയുടെ ഗദ്യമല്ല ഇന്നത്തേത്. ഭാഷയുടെ പഴക്കം ഇതിലേതെങ്കിലും ഒരു ഘട്ടത്തില്‍ നിന്ന് കണക്കാക്കുന്നത് എത്ര ഭീമമായ തെറ്റായിരിക്കും. പിറകോട്ട് യഥാക്രമം കോവളം കവി, നിരണം കവി, ആഴ്വാരന്മാര്, ഇളങ്കോവടികള്‍ ഇങ്ങനെ ചിന്തിക്കുമ്പോള്‍ മാത്രമേ മലയാളത്തിന് 1000 കൊല്ലത്തിലേറെ പഴക്കം ഉണ്ടെന്ന് അറിയൂ.
ഇനി അതിന് മുമ്പ് ഗുഹകളിലുള്ള ശിലാലിഖിതങ്ങള്‍ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തകാലത്ത് പുതുശ്ശേരി രാമചന്ദ്രന്, നടുവട്ടം ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ തെളിവുകളോടെ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെ പ്രധാനകാര്യം സംഘകാലത്തെ സാഹിത്യമാണ്. ഇത് മലയാളത്തിനും തമിഴിനും ഒരുപോലെ അവകാശപ്പെട്ട പശ്ചാത്തലമാണ്. തമിഴന്മാര് അത് സ്വീകരിച്ചു. മലയാളികള്‍ സ്വീകരിച്ചില്ല. എന്തുകൊണ്ട് സ്വീകരിച്ചില്ലായെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്.
പാലക്കാട്ടും തിരുവനന്തപുരത്തും തമിഴ് പഠിക്കേണ്ട കുട്ടികള്‍ക്ക് സ്കൂളില്‍ അതിന് സൗകര്യമുണ്ട്. അവര്‍ അത് പഠിക്കുകയും ചെയ്യുന്നു. കേരളത്തിലാകെ മലയാളം പഠിക്കാന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞുകൂടാ. അത് പഠിക്കാന്‍ കുട്ടികള്‍ക്ക് താല്പര്യം എത്രയോ കുറഞ്ഞുപോയി. ഇതാണ് തമിഴും മലയാളവും തമ്മിലുള്ള വ്യത്യാസം. ഭാഷാഭിമാനമാണ് അവിടെ സ്വാധീനശക്തി.
നമുക്ക് ഭാഷയോടുള്ള പ്രതിപത്തി കുറഞ്ഞുവരുന്നത് പ്രകൃതിയോടുള്ള സമീപനം പോലെതന്നെയാണ്. വൃക്ഷം, നദി, കായല്‍ ഇവ അടങ്ങിയ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നമ്മള് കാട്ടുന്ന കടുത്ത അനാസ്ഥപോലെതന്നെയാണ്, പ്രകൃതിയുടെ തന്നെ ഹൃദയമിടിപ്പായ മാതൃഭാഷയോട് നമ്മള് കാട്ടുന്ന അനാസ്ഥ. ഈ ചുറ്റുപാടില്‍ ഔദ്യോഗികമായ ശ്രേഷ്ഠഭാഷാ പദവി വെറുമൊരു അലങ്കാരവസ്തു മാത്രമാണ്. അതിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ ആ ശ്രേഷ്ഠത നമ്മള് സംഭാഷണത്തിലും വിദ്യാഭ്യാസരംഗത്തും പ്രയോഗത്തില്‍ വരുത്തണം. നമ്മുടെ ഭാഷക്ക് അതിന് അര്‍ഹതയുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍ ഈ അര്‍ഹത നാംതന്നെ ബോധ്യപ്പെടുകയും ഭാവിയെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ മലയാളത്തിന്റെ നെടുനാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് മുന്നില്‍ മറ്റ് തടസ്സങ്ങളില്ലെന്നാണ് ഭാഷാപണ്ഡിതന്മാരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം. തീരുമാനം വൈകാതെയുണ്ടാകുമെന്നും കരുതപ്പെടുന്നു. വിയോജിപ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര സാഹിത്യ അക്കാദമിക്ക് കീഴിലുള്ള വിദഗ്ധസമിതി കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചതാണ് മലയാളത്തിന് ഗുണകരമായത്. മലയാളം തമിഴിന്റെ സഹോദരഭാഷയാണെന്ന വാദമുയര്‍ത്തി ശ്രേഷ്ഠഭാഷാപദവി ലഭിക്കാന്‍ മാത്രം പഴക്കം മലയാളത്തിനില്ലെന്ന സമിതിയുടെ വിലയിരുത്തലാണ് ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നത്.
മലയാളം ഒഴികെ തെന്നിന്ത്യന്‍ ഭാഷകളായ തമിഴിനും തെലുങ്കിനും കന്നഡക്കും നേരത്തെ ഈ പദവി ലഭിച്ചപ്പോള്‍ മലയാളത്തെ മാത്രം അവഗണിക്കുന്നതിനെതിരെ ഭാഷാപ്രേമികളും ഭാഷാപണ്ഡിതരും കടുത്ത അമര്‍ഷമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ സംഘകാല സാഹിത്യത്തിന്റെ പൈതൃകത്തില്‍ അവകാശമുറപ്പിക്കാന്‍ മലയാളത്തിലെ ഭാഷാപണ്ഡിതന്മാരും സാഹിത്യകാരന്മാരും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നത് ശ്രേഷ്ഠഭാഷാപദവി വൈകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കേണ്ടിവരും. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം ഇരുപത്തിയാറാം സ്ഥാനത്താണ്.
നേരത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ കീഴിലുള്ള വിദഗ്ധസമിതി ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനുള്ള പാരമ്പര്യം മലയാളത്തിനില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. 2300 വര്‍ഷത്തെ പാരമ്പര്യം മലയാളത്തിനുണ്ടെന്ന കേരളത്തിന്റെ വാദം കേള്‍ക്കാതെയാണ് വിദഗ്ധസമിതി തീരുമാനമെടുത്തതെന്ന് പരാതിയുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വാദങ്ങള്‍ അറിയിക്കാന്‍ മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
തുടര്‍ന്ന് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്കാന് സാഹിത്യ അക്കാദമി ശുപാര്‍ശ ചെയ്തു. ശ്രേഷ്ഠഭാഷാപദവി കൈവരിക്കുന്നതോടെ മലയാളഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവക്കെല്ലാം നേരത്തെതന്നെ ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ മലയാളത്തിന്റേത് വൈകിവന്ന അംഗീകാരമാണെന്ന് പറയേണ്ടിവരും.
പി. നാരായണക്കുറുപ്പ് (‘ജന്മഭൂമി’യോട് പറഞ്ഞത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: