പള്ളുരുത്തി: കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാ ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര നടന്നു. ഉത്സവത്തിന്റെ എട്ടാംദിവസമായ ഇന്നലെ പൂയമഹോത്സവത്തോടനുബന്ധിച്ചായിരുന്നു തെക്കും വടക്കും ദേശങ്ങള്‍ മത്സരിച്ചണിനിരത്തിയ ഘോഷയാത്ര അരങ്ങേറിയത്. വൈകിട്ട് 4ന് ഇടക്കൊച്ചി ശ്രീകൃഷ്ണ ധര്‍മ്മപരിപാലനയോഗം ക്ഷേത്രത്തില്‍നിന്നും തെക്കുംഭാഗം കാവടിഘോഷയാത്രകള്‍ ചെയര്മാന് എം.എസ്.രാജേഷ് കുമാര്‍, കണ്‍വീനര്‍ രവീന്ദ്രന് മണ്ണാളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വ്യത്യസ്തങ്ങളായ വേഷങ്ങളും രൂപങ്ങളും തെക്കുംഭാഗം കാവടിഘോഷയാത്രക്ക് മിഴിവേകി.
പൂക്കാവടി, കൊട്ടക്കാവടി, കരകാട്ടം, കരക മയിലാട്ടം, പമ്പമേളം, ശിങ്കാരിമേളം, നാദസ്വരം, പഞ്ചവര്ണ്ണക്കിളിനൃത്തം, ദേവനൃത്തം, രാധാകൃഷ്ണനൃത്തം, അര്‍ജുനനൃത്തം, തെയ്യം, തിറ, വിവിധ നിശ്ചലദൃശ്യങ്ങള്‍ എന്നിവയും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. വടക്കുംഭാഗം കാവടിഘോഷയാത്രകള്‍ തോപ്പുംപടി വരമ്പത്ത് ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍നിന്നും ചെയര്മാന് പി.വി.സംഗീത്, ജനറല്‍ കണ്‍വീനര്‍ ടി.വി.ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ആട്ടക്കാവടി, കൊട്ടക്കാവടി, പീലിക്കാവടി, നിലക്കാവടികള്‍ വിവിധ ദൈവവേഷങ്ങള്, തെയ്യം, നാരീനൃത്തം, ദേവദാസിനൃത്തം, തമിഴ്നാട്ടിലെ കലാകാരന്മാര് അവതരിപ്പിച്ച മുടിയാട്ടം കാവടിഘോഷയാത്രയിലെ വേറിട്ട കാഴ്ചയായി. പൊയ്ക്കാല്നൃത്തം, വിവിധ മേളങ്ങള്‍ എന്നിവ വടക്കുംഭാഗം ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്തായി.
ഗുരുദേവനും അഞ്ച് ശിഷ്യന്മാരും ഉള്‍പ്പെട്ട ‘വയല്‍വാരം’ ടാബ്ലോ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. രാത്രി 7മണിയോടെ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. 25ന് പള്ളിവേട്ട മഹോത്സവവും 26ന് ആറാട്ട് മഹോത്സവവും നടക്കും. കാവടി ആഘോഷത്തില്‍ മികച്ച രീതിയില്‍ കാവടി ഒരുക്കിയതിന് വടക്കുംഭാഗത്തിന് ശ്രീ ഭവാനീശ്വര എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: