കാലം മാറുമ്പോള്‍ കോലം മാറുമെന്നത് വെറുമൊരു ശൈലിയല്ല. യഥാര്‍ത്ഥത്തില്‍ വസ്തുതതന്നെയാണ്. അല്ലെങ്കില്‍ നോക്കിന്, അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിയോടുന്ന നാട്ടുകാരുടെ പ്രിയങ്കരന്‍ ഇപ്പോള്‍ അതത്രകാര്യമാക്കുന്നില്ല. നേരത്തെ പഞ്ചസാരകുംഭകോണം എന്ന് ആരോ പറഞ്ഞവാറെ ഇരിപ്പിടത്തില്‍നിന്ന് പിടഞ്ഞെണീറ്റ് ഒറ്റയോട്ടമായിരുന്നു. ഇന്ത്യയുടെ തെക്കെയറ്റത്തെ സുരക്ഷിതകേന്ദ്രത്തില്‍ എത്തിയിട്ടേ ടിയാന്നിന്നുള്ളൂ. അത്രമാത്രം അഴിമതി വിരുദ്ധനാണ് അദ്യം. അങ്ങനെയുള്ളയാളെയല്ലാതെ മറ്റാരെയാണ് നാം മാതൃകയാക്കേണ്ടത്. മാതൃകയാകുന്നവര്‍ പക്ഷേ, എന്നും അങ്ങനെ തന്നെ ആവണമെന്ന് ആരും ശഠിക്കരുത്. ലക്ഷങ്ങളുടെ അഴിമതി തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്തതായതിനാല്‍ പറ്റിയ അവസരം വരട്ടെ എന്നു കരുതിയാവുമോ അന്ന് ഇറങ്ങിയോടിയത്?
ഇപ്പോള്‍ കോടികളുടെ തിരിമറിനടന്നിരിക്കുന്ന അഗസ്റ്റവെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് അഴിമതിവിരുദ്ധന് ഒരു കുളിരുമില്ല. അതില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനാല്‍ പ്രശ്നമില്ലെന്നുമുള്ള നിലപാടാണ് അദ്യത്തിന്റേത്. കൂടുതല്‍ ഒന്നും പറയാതെ ഇടപാട് റദ്ദാക്കുകയുംചെയ്തു. വാസ്തവത്തില്‍ ഓരോരോ ആരോപണത്തിന്റെ പേരില്‍ ഇങ്ങനെ രാജിവെക്കാന്‍ പോയാല്‍ പിന്നത്തെ കാര്യം പറയാനുണ്ടോ? ആയതിനാല്‍ അഴിമതിയുടെ കാര്യത്തില്‍ ചില പുതുസമീപനങ്ങള്‍ ആവശ്യമാണ്. നാട് ഓടുമ്പോള്‍ നടുവെ എന്നല്ലേ ചൊല്ല്. അത് ഇവിടെയും പ്രസക്തം. അല്ലെങ്കിലും ആലോചിച്ച് നോക്കിന്. ഒരു തവളയെ ചൂടുവെള്ളത്തിലേക്കിടുന്നുവെന്ന് കരുതുക. ഉടനടി രക്ഷപ്പെടും. എന്നാല്‍ പാത്രത്തിലെ പച്ചവെള്ളത്തില്‍ ഇട്ട് പതിയെ ചൂടാക്കിയാലോ? തവള അതില്‍ ക്കിടന്ന് സിദ്ധികൂടും. അഴിമതിയുടെ കാര്യവും ഇങ്ങനെതന്നെ. നാലുപുറത്തുമുള്ള അഴിമതിച്ചൂടില്‍ രസിച്ചു നില്ക്കുന്ന അവസ്ഥ. കുളിരുകാലത്തെ ന്യൂദല്‍ഹിയില്‍ ആരാണിങ്ങനെ തീകായാത്തത്. ആയതിനാല്‍ അറയ്ക്കപ്പറമ്പിലെ ആ ആത്മസുഹൃത്തിന് ഒരു നല്ലനമസ്കാരം പറയുക.
കാര്യം ശരിയാണ്, സ്ത്രീകള്‍ക്കുവേണ്ടി ഒട്ടേറെ നിയമങ്ങള്‍ കാവല്‍ മാലാഖമാരായി ഒപ്പംകൂടിയിട്ടുണ്ട്. പുരുഷപ്രജകള്‍ ചുമ്മാനോക്കിയാല് പോലും മുക്കാലിയില്‍ കെട്ടി അടി ഉറപ്പാണ്. അങ്ങനെ സംരക്ഷണത്തിന്റെ വേലിക്കെട്ടിനുളളില്നിന്ന് ആശ്വാസത്തോടെ നോക്കിനില്ക്കുന്ന അമ്മപെങ്ങന്മാര് ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്ന്. യാത്രക്കിടയില്‍ സേഫ്റ്റിപിന്‍, കുട, കൊച്ചു പിച്ചാത്തി എന്നിവയ്ക്കൊപ്പം ഒരു നിയമപുസ്തകം കൂടി കരുതിക്കൊള്ളുക. ഇല്ലെങ്കില്‍ സംഗതി കുളമാകും. പുരുഷ പ്രജകളെനേരിട്ടതിന്റെ ത്രില്ലില്‍ കഴിയാമെന്നുവെച്ചാല് നടപ്പില്ല. തിരുവനന്തപുരത്ത് അപമാനിക്കാന്‍ തുനിഞ്ഞ രണ്ട് പുരുഷപ്രജകളെ ബ്ലാക്ക് ബെല്‍റ്റിന്റെ ബലത്തില്‍ നിലം പരിശാക്കിയ അമൃത വനിതകള്‍ക്ക് ഹീറോ ആണെങ്കിലും നിയമത്തിന്റെ മുമ്പില്‍ സീറോ ആയിരിക്കുന്നു.
പൊതുസ്ഥലത്ത് നിയമം കൈയിലെടുത്തുകൊണ്ടുള്ള കരകാട്ടം വേണ്ടെന്ന് കോടതി പറഞ്ഞിരിക്കുന്നു. അമൃതയെ അപമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സമൂഹദ്രോഹികളുടെ പ്രവൃത്തിരേഖപ്പെടുത്തിവെച്ചിട്ടില്ല. അത് അമൃതയും അവരുടെ രക്ഷിതാക്കളും മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ അമൃതയുടെ വിളയാട്ടത്തില്‍ (ദേഷ്യപ്പെട്ടേക്കല്ലേ സഹോദരിമാരെ) മൂക്കിന്റെ പാലം തകരുകയും മറ്റുക്ഷതങ്ങള്പറ്റുകയും ചെയ്ത വിദ്വാന്മാര് രേഖാമൂലം കോടതിക്കു മുമ്പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു. നീതിന്യായ മേഖലസജീവമായ ഒരുരാജ്യത്ത് അങ്ങനെ തന്നെയാണ് വേണ്ടതെന്ന് ഒരുവിധപ്പെട്ടവരൊക്കെ പറയും. പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍, അല്ലെങ്കില്‍ അതിന്റെ സാധ്യത അറിഞ്ഞാല്‍ നിയമപ്രകാരമേ എന്തും ചെയ്തുകൂടു. പൊലീസിനെ വിളിക്കുക, അവര്‍ എന്താണോ നിര്‍ദ്ദേശിക്കുന്നത് അത് ചെയ്യുക. ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് അറിയില്ലെങ്കില്‍ കൈയില്‍ സൂക്ഷിച്ചുവെച്ച പുസ്തകം മറിച്ചുനോക്കുക. അതിനനുസരിച്ചേ എന്തും ആകാവൂ. വെറുതെ ഇറങ്ങിപ്പുറപ്പെട്ട് ഹീറോ ആകാന്‍ ശ്രമിച്ചാല്‍ വെറും സീറോ ആയിപ്പോകും. നിയമത്തിന്റെ വഴിയിലൂടെ പോവുമ്പോള്‍ അതിന്റേതായചില പ്രശ്നങ്ങള്‍ സ്വാഭാവികം. കോടതിക്ക് തെളിവാണ് ആവശ്യം. മറ്റൊന്നും അതിന് പരിഗണിക്കേണ്ടതില്ല. നാളത്തെ അമൃതമാര്ക്കായി പഠിക്കുന്ന എല്ലാ ടിയാളുകളും ഇക്കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചേക്കണേ. (ഒരു നല്ല കാര്യം : അമൃതക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്ട്രേറ്റിനെ സ്ഥലംമാറ്റിയിരിക്കുന്നു)
ഇത്തവത്തെ കലാകൗമുദി (ഫെബ്രു. 24) യുടെ കവര്‍ ഉഗ്രന്‍. വനിതകള്‍ക്കെതിരെ പരാമര്‍ശം നടത്തി വീരകേസരികളായ രണ്ടുപേരുടെ ചിത്രവും അവര്‍ പറഞ്ഞതിന്റെ മര്‍മവും രേഖപ്പെടുത്തി ക്കൊണ്ടുള്ളതാണത്. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സ്വകാര്യ സംഭാഷണത്തില്‍ ചിലപരാമര്ശങ്ങള് നടത്തി വിവാദനായകനായ റിട്ട. ജസ്റ്റിസാണ് ഒരാള്‍. സ്റ്റുഡന്റ്സ് കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട ഡോക്ടറേറ്റുള്ള വിദ്വാനാണ് മേറ്റ്യാള്‍. ഇരുവരും അവരുടെതനിമ എന്താണെന്ന് അധികം വിശദീകരിക്കാതെ തന്നെ വ്യക്തമാക്കിത്തരുന്നു. ഒരുപക്ഷേ, മനുഷ്യന് പല മുഖങ്ങള്‍, പല ഭാവങ്ങള്‍ ഉണ്ടാവാം. സൂര്യനെല്ലിയിലെ 17 വര്‍ഷം മുമ്പത്തെ പെണ്‍കുട്ടി പക്വതയാര്‍ന്ന പ്രൗഢയായ സ്ത്രീയായിക്കഴിഞ്ഞിട്ടുണ്ട്. അന്ന് പലര്‍ചേര്‍ന്ന് നടത്തിയ പീഡനം ഒരു നിമിഷംകൊണ്ട് വിദ്യാസമ്പന്നനായ ഒരാള്‍ നടത്തുമ്പോള്‍ നീചമായ പീഡനത്തിന് മുകളില്‍ സംസ്കാരത്തിന്റെ ഒരു പുതപ്പ് വലിച്ചിടുകയാണോ? നിസ്സഹായയായ ഒരു പെണ്മനസ്സ് അദ്യം കാണാതെ പോകുന്നതെന്തുകൊണ്ട്?. ധാര്‍മികതയുടെയും അഭിമാനത്തിന്റെയും വഴികള്‍ കാണിച്ചുകൊടുക്കേണ്ട ഒരധ്യാപകന് അശ്ലീലത്തിന്റെ അകംകാഴ്ചകളില്‍ രമിക്കുന്നതെന്തുകൊണ്ട്? പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തില്‍ രണ്ട് കിട്ടാത്തുകൊണ്ടാവുമോ? അമ്മയെ തല്ലിയാലും രണ്ടു ന്യായം എന്നു പറയുന്നത് ഇതിനെയാണോ?
ഏതായാലും വിശകലനം പംക്തിയില്‍ എസ്. ജഗദീഷ്ബാബു കാര്യങ്ങള്‍ ചികഞ്ഞെടുത്ത് നിരത്തുന്നുണ്ട്. പെണ്ണിനെപ്പറ്റി എന്തൊക്കെപ്പറയാം? എന്ന മൂന്നുപേജ് കുറിപ്പില്‍ സ്ത്രീകള്‍ രക്ഷപ്പെടാന്‍ വേണ്ടതെന്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുസാമ്പിള്‍ കണ്ടാലും: സ്ത്രീസമത്വം അംഗീകരിച്ചുകൊണ്ട് നിയമനിര്‍മാണ സഭകളിലും ഭരണസംവിധാനത്തിലും ഭരണത്തിന്റെ എല്ലാ തട്ടിലും മാറ്റമുണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ക്കു രക്ഷയുള്ളൂ. ഇല്ലെങ്കില്‍ കുര്യന്മാരും ബസന്തുമാരും രജത്കുമാര്മാരും സ്ത്രീയെ രഹസ്യമായും പരസ്യമായും വസ്ത്രാക്ഷേപം ചെയ്യും. അത് കണ്ടു നില്‍ക്കണോ, കണ്ണുപൊത്തണോ, കരണത്തടിക്കണോ എന്ന് തീരുമാനിക്കേണ്ടത് സമൂഹംതന്നെ.
മേഘങ്ങളെ കീഴടക്കാന്‍ കഴിവുണ്ടായിരുന്ന അനശ്വരകവി വയലാറിന്റെ പിതൃസ്നേഹം അനുഭവിപ്പിക്കുന്നു അദ്ദേഹത്തിന്റെ പ്രിയപുത്രന് ശരത്ചന്ദ്രവര്‍മ്മ. അകലങ്ങളിലെ അച്ഛന് എന്ന ഭാഷാപോഷിണി (ഫെബ്രു)യിലെ കുറിപ്പ് ഹൃദയാവര്ജകമാണ്. വയലാറിലെ കവിത്വം എങ്ങനെ ശരത്ചന്ദ്രവര്‍മയില്‍ ആര്‍ദ്രമായി നിറയുന്നുവെന്ന് മനസ്സിലാക്കാന്‍ ആ കുറിപ്പ് ധാരാളം.
വയലാറിന്റെ മകന് എന്ന വികാരം ജീവിതത്തിലുടനീളം തുണയായി കിട്ടിയ ഭാഗ്യശാലിയാണ് ഞാന്‍. കളങ്കമോ ക്ലാവോ പിടിക്കാത്ത ഒരുപിടി അനുഭവങ്ങള്‍. അതിലൂടെയാണ് എന്റെ സഞ്ചാരം എന്നാണ് ശരത് പറയുന്നത്. ഓര്‍മയുടെ തേരില്‍ നമുക്കും വയലാറിനെ കാണാം, അനുഭവിക്കാം. ആ ഗന്ധര്‍വ സൗന്ദര്യം കണ്‍കുളുര്‍ക്കെ കണ്ടിരിക്കാം.
കവിയും കവിതയും ഇഴപിരിയാതെ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? ഇനിഏതായാലും അതിന് അവസരമില്ല. ഡി.വിനയചന്ദ്രന്റെ യാത്രാമൊഴിയോടെ അതവസാനിച്ചു. കവിതയെ പ്രണയിക്കുകയും സ്വന്തം ജീവിതം അതിനായിസമര്പ്പിക്കുകയും ചെയ്ത വിനയചന്ദ്രനെ ആനുകാലികങ്ങളെല്ലാം അനുസ്മരിക്കുന്നു. കാവ്യജീവിതത്തിന്റെ ശാദ്വലഭൂമികയില്‍ തന്റെ സ്വപ്നങ്ങള്‍ വിതറുകയും അത് മുളപൊട്ടി വളര്‍ന്ന് പുഷ്പിക്കുന്നത് ആനന്ദത്തോടെ ആസ്വദിക്കുകയും ചെയ്തു വിനയചന്ദ്രന്. അദ്ദേഹം ഒടുവില്‍ എഴുതിയ കവിത പെയ്യുന്നു ഞാനെന്ന ഭാവം കലാകൗമുദിയില്‍ വായിക്കാം
മഴ എന്തൊരുധിക്കാരി?
ആദ്യം ഒന്നും ഉടുത്തിരുന്നില്ല
കടലില്‍ പോയവരെകാത്തിരിക്കുന്നവര്
കത്തിച്ചമെഴുകുതിരിവെളിച്ചത്തിന്റെ
പരിവേഷങ്ങള്‍ കോര്‍ത്ത്
പാവാടയുടുത്തു എന്നാണ് വിനയചന്ദ്രന് പറയുന്നത്. ആ പാവാടഞ്ഞൊറികളുടെ സൗന്ദര്യം കാണിച്ചുതരാന്‍ ഇനികവിയില്ല. നമുക്കിനി സ്വപ്നത്തില്‍ വിനയന് ഇരിപ്പിടം കൊടുക്കാം.
നാമിപ്പോള്‍ ഏതു ലോകത്തിലാണ്? ജാതി-ലിംഗവിവേചനങ്ങളെ ചോദ്യം ചെയ്ത ചലച്ചിത്രകാരന് ഗിരീഷ് കാസറവള്ളി പറയുന്നത് ഇങ്ങനെ: ഗാന്ധി ചെറിയകാര്യങ്ങളില്‍ വിശ്വസിച്ചു, നമ്മള് വലിയ കാര്യങ്ങളില്‍ മാത്രമേ ഇന്നു വിശ്വസിക്കുന്നുള്ളൂ. നുണപറഞ്ഞും എന്തനീതി കാണിച്ചും വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുക എന്ന ഒരൊറ്റ മൂല്യത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ഇപ്പോള്‍. കാസറവള്ളിയുമായി സി.എസ്. വെങ്കിടേശ്വരന് നടത്തുന്ന അഭിമുഖം കോര്‍പ്പറേറ്റ് ലോകത്ത് ഗാന്ധിജി എന്തു ചെയ്യും? പച്ചക്കുതിര (ഫെബ്രു)യില്‍ സമഗ്രം, ശക്തം.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: