കൊച്ചി: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ലീഗില്‍ ആതിഥേയരായ കേരളത്തിന് വിജയത്തുടക്കം. ഈ ടുര്‍ണമെന്റ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തില്‍ കണ്ണന് നേടിയ രണ്ട് ഗോളുകള്‍ക്ക് ജമ്മുകാശ്മീരിനെ കേരളം പരാജയപ്പെടുത്തി. നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ കേരള മുന്നേറ്റനിരയുടെ ലക്ഷ്യബോധമില്ലായ്മയാണ് വിജയമാര്‍ജിന്‍ ഉയരാതിരുന്നതിന് കാരണം. ഗോളെന്നുറച്ച അരഡസനോളം അവസരങ്ങളാണ് ഉസ്മാനും കണ്ണനും സുമേഷും ഉള്‍പ്പെട്ട കേരള താരങ്ങള്‍ കളഞ്ഞുകുളിച്ചത്. കളംനിറഞ്ഞുകളിച്ച ടി. സജിത്താണ് മത്സരത്തിലെ താരം.
കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ കേരളം ഉജജ്വലമായ ഒരു മുന്നേറ്റം നടത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയ കണ്ണന് തള്ളിക്കൊടുത്ത പന്ത് ഉസ്മാന് പിടിച്ചെടുത്ത് ഗോളിനെ ലക്ഷ്യംവെച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ഏറെ വൈകാതെ ജമ്മു മികച്ച മുന്നേറ്റങ്ങളുമായി മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ മത്സരം ആവേശകരമായി. ഇരുടീമുകളും ചടുലമായ മുന്നേറ്റങ്ങള്‍ നടത്തിയത് കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടത്തിന് മികച്ച വിരുന്നായി. മത്സരം അഞ്ച് മിനിറ്റ് പിന്നിട്ടപ്പോഴേക്കും കേരളത്തിന് ആദ്യ ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ മുന്നേറ്റനിര താരം കണ്ണനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക് എന്നാല്‍ സുര്‍ജിത്ത് എടുത്ത കിക്കിന് ജമ്മുഗോള്മുഖത്ത് അപകടം വിതയ്ക്കാന്‍ കഴിഞ്ഞില്ല.
പത്താം മിനിറ്റില്‍ പരിക്കേറ്റ രാകേഷിന് പകരം കേരളം സലീലിനെ കളത്തിലിറക്കി. 29-ാം മിനിറ്റില്‍ കേരളം ലീഡ് നേടാനുള്ള ഒരു സുവര്‍ണാവസരം പാഴാക്കി. കണ്ണനും സലീലും ഉസ്മാനും ചേര്‍ന്ന നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച സുമേഷ് ബോക്സിനുള്ളില്‍ പ്രവേശിച്ചശേഷം തൊടുത്ത ഷോട്ട് ജമ്മുകാശ്മീര്‍ ഗോളി രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനുശേഷം ജമ്മുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ ജമ്മുവിന്റെ ആസിഫ് മജീദിന്റെ മികച്ചൊരു ഷോട്ടും പുറത്തേക്ക് പോയി. 36-ാം മിനിറ്റില്‍ ഒരു അവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെ കേരളം ലീഡ് നേടി.
ജോണ്സണ് ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയശേഷം പന്ത് കണ്ണന് കൈമാറി. പന്ത് കിട്ടിയ കണ്ണന് ജമ്മുവിന്റെ രണ്ട് പ്രതിരോധനിരക്കാരെ ഡ്രിബിള്‍ ചെയ്്ത് കബളിപ്പിച്ചശേഷം ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ജമ്മു ഗോളിയും ക്യാപ്റ്റനുമായ വിക്രംജിത്ത് സിംഗിനെ മറികടന്ന് വലയില്‍ പതിച്ചു (1-0). കേരളത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയിലും ജമ്മു ചില ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും കരുത്തുറ്റ കേരള പ്രതിരോധം ഭേദിക്കാനായില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ കേരളം രണ്ട് അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തി. ആദ്യം സലീലിന്റെ പാസില്‍ നിന്ന് ഗോളി മാത്രം മുന്നില്‍നില്‍ക്കേ സുമേഷ് ഉതിര്‍ത്ത കനത്ത ഷോട്ട് പുറത്തേക്ക് പാഞ്ഞു. ഇഞ്ച്വറി സുമേഷ് നല്കിയ അളന്നുമുറിച്ച ക്രോസ് കണക്ട് ചെയ്യാന്‍ സലീലിന് കഴിഞ്ഞില്ല. ആദ്യപകുതിയില്‍ മാത്രം ഗോളെന്നുറപ്പായ നാലോളം അവസരങ്ങളാണ് കേരള മുന്നേറ്റനിര തുലച്ചുകളഞ്ഞത്.
രണ്ടാം പകുതി ആരംഭിച്ചതും കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു. 49-ാം മിനിറ്റില്‍ ജോണ്‍സന്റെ മികച്ചൊരു ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. നാല് മിനിറ്റിനുശേഷം കണ്ണന് തൊടുത്ത ലോംഗ് ഷോട്ടും പുറത്തേക്കാണ് പാഞ്ഞത്. പിന്നാലെ സുര്‍ജിത്തിന്റെ ഒരു ലോംഗ് ഷോട്ട് ക്രോസ് ബാറിന് മുകളിലുടെ പാഞ്ഞു. 60-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി കേരളം നഷ്ടപ്പെടുത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തിനെ ലക്ഷ്യമാക്കി ഉസ്മാന് കുതിച്ചെങ്കിലും അഡ്വാന്‍സ് ചെയ്ത് കയറിയ ജമ്മു ഗോളി അപകടം ഒഴിവാക്കി. 65-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. വലതുവിംഗില്‍ നിന്ന് സലീല്‍ നല്കിയ പാസ് പിടിച്ചെടുത്ത ഉസ്മാന് പോസ്റ്റിന് ലക്ഷ്യംവച്ചെങ്കിലും ജമ്മുഗോളിയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയി. വീണ്ടും പന്ത് പിടിച്ചെടുത്ത ഉസ്മാന് സഹതാരം കണ്ണന് പന്ത് തട്ടിയിട്ടുകൊടുത്തു. കണ്ണന് മികച്ചൊരു ഷോട്ടിലുടെ ജമ്മു ഗോളി വിക്രംജിത്ത് സിംഗിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു (2-0). തൊട്ടുപിന്നാലെ ജമ്മുകാശ്മീരിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ആസിഫ് മജിദ് എടുത്ത കിക്ക് കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ കുത്തിത്തെറിപ്പിച്ചു.
അടുത്ത മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ കേരളത്തിന് ലഭിച്ച മറ്റൊരു അവസരവും ഉസ്മാന് പാഴാക്കി. ഉസ്മാന്റെ ഷോട്ട് നേരെ ഗോളിയുടെ കയ്യിലേക്കായിരുന്നു. 72-ാം മിനിറ്റില്‍ പരിക്കേറ്റ ഉസ്മാനെ പിന്‍വലിച്ച് കേരളം നസറുദ്ദീനെ ഇറക്കി. എട്ട്മിനിറ്റിനുശേഷം സുര്‍ജിത്ത് ഒരു അവസരം പാഴാക്കി. ബോക്സിന്റെ വലതുമൂലയില്‍ നിന്ന് സുര്‍ജിത്ത് പായിച്ച ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 84-ാം മിനിറ്റില്‍ കണ്ണന് പകരം വിനീത് ആന്റണിയെ കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റില്‍ വിനീത് ആന്റണിയുടെ മികച്ചൊരു മുന്നേറ്റം നേരിയ വ്യത്യാസത്തിന് പുറത്തായി. തൊട്ടുപിന്നാലെ നസറുദ്ദീന്‍ ബോക്സിനുള്ളിലേക്ക് നല്കിയ അളന്നുമുറിച്ച ക്രോസ് വിനീത് ആന്റണി ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പുറത്തേക്കാണ് പാഞ്ഞത്. അവസാന മിനിറ്റുകളില്‍ ജമ്മുകാശ്മീര്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നതോടെ കേരളത്തിന് ഉജ്ജ്വല വിജയവും സ്വന്തമായി.
ഇന്നത്തെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസ് റെയില്‍വേസിനേയും രണ്ടാം മത്സരത്തില്‍ ഒറീസ മധ്യപ്രദേശിനേയും നേരിടും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: