കൊച്ചി: ദേശീയപണിമുടക്ക് രണ്ടാംദിനത്തിലും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. കൊച്ചി സിറ്റിയില്‍ ഇരുചക്രവാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. തൊഴിലാളികളുടെ പ്രതിഷേധത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കെത്തിയവര്‍ക്ക് പ്രവേശിക്കാനായില്ല. കളമശ്ശേരിയില്‍ സിനിമാ ചിത്രീകരണ സംഘത്തിന് നേരെ കല്ലേറുണ്ടായി. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലെ ചരക്ക് നീക്കം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചു.
മട്ടാഞ്ചേരി: പഞ്ചിമകൊച്ചി തുറമുഖനഗരി നിശ്ചലാവസ്ഥയിലായി. ടുറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, വ്യാപാര കേന്ദ്രമായ മട്ടാഞ്ചേരി ബസാര്‍, മലഞ്ചരക്ക് വിപണനകേന്ദ്രമായ ജ്യോൂടൗണ്‍, കയര്വിപണിയായ ചക്കാമാടം, തുണിവ്യാപാര കേന്ദ്രമായ ചെറളായി, തോപ്പുംപടി, പച്ചക്കറി വിപണിയായ പാലസ് റോഡ്, പൊതുമാര്ക്കറ്റുകളായ ചെറളായിക്കടവ്, കുവപ്പാടം, അമരാവതി, പോളക്കണ്ടം മാര്‍ക്കറ്റുകള്‍, മത്സ്യബന്ധന വിപണനകേന്ദ്രമായ കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടന്നു. പൊതുമേഖലാ വാഹന സര്‍വ്വീസുകളും, സ്വകാര്യ-ബസ്-ടാക്സി സര്‍വ്വീസുകളും പ്രവര്‍ത്തിച്ചില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ് മെന്റ് ടെര്‍മിനലിലും, കൊച്ചി തുറമുഖ ട്രസ്റ്റിലും പ്രവര്‍ത്തനം നിലച്ചു. 2000ത്തോളം കണ്ടെയ്നര്‍- ലോറിട്രെയ്ലറുകള് നിശ്ചലമായി. പശ്ചിമകൊച്ചിയിലെ 26-ഓളം ബാങ്കുകളും, നാല് സഹകരണബാങ്കുകളും, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല.പൊതുപണിമുടക്ക് വ്യാപാരവാണിജ്യ മേഖലയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മണ്ഡലം ചുണ്ടിക്കാട്ടി. പത്രണ്ട് ദിവസത്തെ ട്രെയ്ലര് സമരത്തെ തുടര്‍ന്നുള്ള ചരക്ക് നീക്ക പ്രതിസന്ധിക്ക് പുറമേയാണ് രണ്ടുദിവസത്തെ പണിമുടക്ക് വന്നെത്തിയത്. വല്ലാര്‍പാടം ടെര്‍മിനലിലും, കൊച്ചിതുറമുഖത്തുമുള്ള കണ്ടെയ്നര്‍ നീക്കത്തെ ബാധിക്കുന്നതോടൊപ്പംതന്നെ പണിമുടക്ക് കേരളത്തിന് വന്‍നഷ്ടമുണ്ടാക്കുമെന്നും വാണിജ്യമണ്ഡലം പറഞ്ഞു.
പറവൂര്‍: പറവൂരില്‍ പണിമുടക്ക് ഭാഗികം. പറവൂര്‍ നഗരസഭ ഓഫീസില്‍ സെക്രട്ടറിയടക്കം ഏഴ് ജീവനക്കാര്‍ ഹാജരായി. പറവൂര്‍ താലൂക്ക് ഓഫീസില്‍ തഹസീല്‍ദാര്‍ അടക്കം പതിനഞ്ച് ജീവനക്കാര്‍ ജോലിക്ക് ഹാജരായി. അഡീഷണല്‍ ജില്ലാകോടതിയടക്കം എല്ലാ കോടതികളും പ്രവര്‍ത്തിച്ചു. സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. വരാപ്പുഴ, ആലങ്ങാട്, കരുമാലൂര്‍, വടക്കേക്കര, ചെറായി, മുനമ്പം മേഖലകളില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: