ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റാണ് ഇന്ന് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് പരാജയപ്പെട്ട ഇന്ത്യക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഓസ്ട്രേലിയക്കെതിരായ പരമ്പര ജയിച്ചേ മതിയാവൂ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും ഓസ്ട്രേലിയയും സന്ദര്‍ശിച്ച ഇന്ത്യ ഇരുരാജ്യങ്ങളോടും കളിച്ചനാല് ടെസ്റ്റുകളും ദയനീയമായി പരാജയപ്പെട്ടിരുന്നു.
പിന്നീട് ഇന്ത്യ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനോടും പരമ്പര അടിയറവച്ചു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് 14ന് ചണ്ഡിഗഡിലും അവസാന ടെസ്റ്റ് മാര്‍ച്ച് 22ന് ദല്‍ഹിയിലും നടക്കും. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്റെ 100-ാം ടെസ്റ്റെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഓസ്ട്രേലിയയുമായുള്ള നാല് ടെസ്റ്റുകളുടെ പരമ്പര വെള്ളിയാഴ്ച ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് കണക്കുതീര്ക്കാനേറെയുണ്ട്. കഴിഞ്ഞ തവണ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യക്കേറ്റ 4-0ന്റെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി അഭിമാനം വീണ്ടെടുക്കുക എന്നതായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ആഗ്രഹം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓപ്പണര്‍ വിരേണ്ടര്‍ സെവാഗ് ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും മറ്റൊരു ഓപ്പണറായ ഗൗതം ഗംഭീര്‍ ടീമിന് പുറത്താണ്. ഗംഭീറിന് പകരമായി ശിഖിര്‍ ധവാനാണ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ സെവാഗിനൊപ്പം മുരളി വിജയ് ആയിരിക്കും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അതേപോലെ ഓള് റൗണ്ടറായി രവീന്ദ്ര ജഡേജയും പേസ് ബൗളറായി ഭുവനേശ്വര്‍ കുമാറും ഇടം പിടിച്ചു. എന്നാല്‍ രവീന്ദ്ര ജഡേജ ഇന്ന് ഇറങ്ങുമോ എന്ന് ഉറപ്പില്ല. അങ്ങനെവന്നാല്‍ അജിന്‍ക്യ രഹാനെയായിരിക്കും ടീമില്‍ ഇടംപിടിക്കുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. എന്നാല്‍ സഹീര്ഖാന്, ഉമേഷ് യാദവ്, യുവരാജ് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. നേരത്തെ ഏകദിനത്തില്‍ നിന്ന് വിരമിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറിന്റെയും അവസാന ടെസ്റ്റ് പരമ്പരയാവാനാണ് സാധ്യത. മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാനാണ് സച്ചിന് ആഗ്രഹിക്കുന്നത്. ബൗളിംഗിനെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ടീം ഇന്ത്യക്കുള്ളത്. സച്ചിന് പുറമെ മികച്ച ഫോമിലുള്ള മധ്യനിരതാരം ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.
ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിന്റെ മടങ്ങിവരവാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഓസ്ട്രേലിയക്കെതിരെ മികച്ച ബൗളിംഗ് റെക്കോര്‍ഡുള്ള ഹര്ഭജന് ഇത്തവണയും അത് സാധിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ കളിച്ച 12 ടെസ്റ്റുകളില്‍ 81 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഹര്‍ഭജനായിട്ടുണ്ട്. ഇതില്‍ ഏഴ് അഞ്ചുവിക്കറ്റ് പ്രകടനവും ഉള്‍പ്പെടുന്നു.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പ്രഗ്യാന്‍ ഓജയാണ് ഇന്ത്യയുടെ മറ്റൊരു സ്ട്രൈക്ക് ബൗളര്‍. ഇടം കയ്യന്‍ ബൗളറാണെന്നതും ഒാജക്ക് അനുകൂല ഘടകമാണ്. അതുപോലെ രവിചന്ദ്രന്‍ അശ്വിനും ടീമില്‍ ഇടം പിടിച്ചാല്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുക. പേസ് ബൗളര്‍മാരായി ഇഷാന്ത് ശര്‍മ്മക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ കളിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സമീപകാലത്ത് ഫോം നഷ്ടപ്പെട്ട രവിചന്ദ്രന്‍ അശ്വിന് കളിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. എങ്കിലും ധോണിയുടെ ഇഷ്ട ബൗളറാണെന്ന ആനുകൂല്യം കണക്കാക്കി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഹര്‍ഭജന്റെ കാര്യം സംശയത്തിലാകും.
അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് കരുത്തു കുറഞ്ഞ ടീമാണ് ഇന്ത്യന്‍ പര്യടനത്തിനായി എത്തിയിട്ടുള്ളത്. ഓസ്ട്രേലിയ കണ്ട ഏറ്റും മികച്ച നായകനും താരവുമായ റിക്കി പോണ്ടിങ്ങിന്റെയും മധ്യനിരയിലെ ശക്തികേന്ദ്രമായ മൈക്കല്‍ ഹസിയുടെയും അഭാവം അവര്‍ക്ക് ക്ഷീണം ചെയ്യുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് ഓസീസ് നിരയിലെ ഏറ്റവും വിശ്വസ്തനായ താരം. ഒപ്പം ഷെയ്ന് വാട്സന് മാത്രം. എന്നാല്‍ ഇവര്‍ക്കൊപ്പം ഡേവിഡ് വാര്‍ണര്‍, കവാന്, ഫിലിപ്പ് ഹ്യൂഗ്സ്, മാത്യൂ വെയ്ഡ് തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്മാരും ഫോമിലേക്കുയര്‍ന്നാല്‍ ഓസ്ട്രേലിയക്കും പ്രതീക്ഷയുണ്ട്.
ഇന്ത്യയിലെത്തിയ ഓസ്ട്രേലിയന്‍ ടീം കഴിഞ്ഞ രണ്ട് പരിശീലന മത്സരങ്ങളിലും സ്പിന്നിനെതിരെ ദയനീയമായി പരാജയപ്പെട്ടതാണ് കണ്ടത്. ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജമ്മുകാശ്മീര്‍ ബൗളര്‍ പര്‍വേസ് റസൂലിന്റെയും ഇന്ത്യ എയ്ക്കെതിരായ ത്രിദിന മത്സരത്തില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നതും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടതുകൊണ്ടാണ്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്.
അതേസമയം ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മോസസ് ഹെന്റിക്വസ് ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. മികച്ച ഓള് റൗണ്ടറായ ഹെന്റിക്വസ് വലംകയ്യന്‍ ബാറ്റ്്സ്മാനും ഫാസ്റ്റ് ബൗളറുമാണ്.
നാല് സ്പിന്നര്‍മാരുമായാണ് ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തിയിട്ടുള്ളതെങ്കിലും നഥാന്‍ ലിയോണ്‍ മാത്രമാണ് സ്പിന്നറായി ആദ്യ ടെസ്റ്റില്‍ കളിക്കുക. ഷെയ്ന് വാട്സണടക്കം അഞ്ച് ഫാസ്റ്റ് ബൗളര്‍മാരാണ് ആദ്യ ടെസ്റ്റില്‍ ഓസീസിന് വേണ്ടി അണിനിരക്കുക.
ഓസ്ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, കവാന്, ഹ്യൂഗ്സ്, വാട്സണ്, മൈക്കല്‍ ക്ലാര്‍ക്ക്, മാത്യു വെയ്ഡ്, ഹെന്റിക്വസ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയിംസ് പാറ്റിന്സണ്, നഥാന്‍ ലിയോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: