മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ബാഴ്സലോണക്ക് ഇരുട്ടടി. ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക്ക് പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഇറ്റാലിയന്‍ ഭീമന്മാരായ എസി മിലാനില്‍ നിന്നാണ് ബാഴ്സക്ക് ഇരുട്ടടിയേറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം മൈതാനമായ സാന്‍ സിരിനോയില് നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ മിലാന് ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ബാഴ്സലോണയെ കെട്ടുകെട്ടിച്ചത്. കളിയില്‍ മുന്‍തൂക്കം നേടിയിട്ടും ഗോളടിക്കാന്‍ കഴിയാതിരുന്നത് ബാഴ്സക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദ മത്സരം ബാഴ്സലോണക്ക് ഏറെ നിര്‍ണായകമായി. അവസാന എട്ട് കളികള്‍ക്കിടെ ഇതാദ്യമായാണ് സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയെ മിലാന് പരാജയപ്പെടുത്തുന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും പരാജയപ്പെടാനായിരുന്നു ബാഴ്സയുടെ വിധി.
കരുത്തുറ്റ പ്രതിരോധം തീര്‍ത്ത് ബാഴ്സയുടെ സൂപ്പര്‍താരങ്ങളായ മെസ്സിയെയും ഇനിയേസ്റ്റയെയും ഫാബ്രിഗസിനെയും പൂട്ടിയിടുന്നതില്‍ മിലാന് പ്രതിരോധം വിജയിച്ചതാണ് മത്സരത്തിലെ വഴിത്തിരിവായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കെവിന് പ്രിന്‍സ് ബോട്ടെങ്ങും സുള്ളി മുണ്ടാരിയുമാണ് ബാഴ്സയുടെ ഹൃദയം പിളര്‍ന്ന ഗോളുകള്‍ നേടിയത്. ഈ തോല്‍വി ബാഴ്സയുടെ കിരീടമോഹത്തിന് കനത്ത തിരിച്ചടിയുമായിരിക്കുകയാണ്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കെങ്കിലും രണ്ടാം പാദത്തില്‍ വിജയിച്ചാലേ ബാഴ്സക്ക് ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മിലാന് സ്വന്തം വല ഭേദിക്കാതെ നോക്കുകയും വേണം.
ലയണല്‍ മെസ്സി എന്ന ഗോളടിയന്ത്രം വെറും കാഴ്ചക്കാരാനായി പോയ മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് ബാഴ്സയെ ഞെട്ടിച്ചുകൊണ്ട് ബോട്ടെങ്ങ് വല ചലിപ്പിച്ചത്. ഒരു ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. മിലാന്റെ സപ്പോര്ട്ടയെടുത്ത ഫ്രീകിക്ക് റിക്കാര്‍ഡോ 30 മീറ്റര്‍ അകലെ നിന്ന് ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും വലയില്‍ കയറിയില്ല. റീബൗണ്ട് വന്ന പന്ത് ബോട്ടെങ്ങ് മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. പന്ത് ബോട്ടെങ്ങിന് കിട്ടുംമുന്‍പ് ക്രിസ്റ്റിയന്‍ സപറ്റയുടെ കൈയില്‍ തട്ടിയെന്ന് പറഞ്ഞ് ബാഴ്സ താരങ്ങള്‍ ബഹളം വച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല. തിരിച്ചടിക്കാന്‍ ബാഴ്സ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് രണ്ടാം ഗോള്‍ പിറന്നത്. സ്റ്റെഫാന്‍ അല്‍ ഷാരാവി പൊക്കിക്കൊടുത്ത നിലംതൊടും മുന്നേ തകര്‍പ്പനൊരു ഇടംകാലന്‍ വോളിയിലൂടെ മുണ്ടാരി ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസിനെ കീഴ്പ്പെടുത്തി വലയിലെത്തിച്ചു.
എതിരാളികളുടെ ടിക്കിടാക്കയുടെ വഴി മുടക്കാനായി മികച്ച പ്രതിരോധ തന്ത്രം പുറത്തെടുത്താണ് മിലാന് ജയം സ്വന്തമാക്കിയത്. മാരകപ്രഹരശേഷിയുള്ള മെസ്സിക്കും ഇിയേസ്റ്റയ്ക്കുമെല്ലാം മുന്നില്‍ നാലു പ്രതിരോധഭടന്മാരുടെ ഇരട്ടമതില്‍ തീര്‍ത്താണ് മിലാന് സ്വന്തം തട്ടകത്തിലിറങ്ങിയത്. ഈ ഭിത്തി ഭേദിക്കാന്‍ മെസ്സിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ഇടയ്ക്ക് മിലാന് പ്രതിരോധത്തെ മെസ്സി പൊട്ടിച്ചെറിഞ്ഞെങ്കിലും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. 20-ാം മിനിറ്റിലും 63-ാം മിനിറ്റിലും മെസി രണ്ട് അവസരങ്ങള്‍ പാഴാക്കിയിരുന്നു. മെസ്സി എടുത്ത രണ്ട് ഫ്രീകിക്കുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 80-ാം മിനിറ്റില്‍ സാവിയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. തുടര്‍ച്ചയായ 14 മത്സരങ്ങളില്‍ ഗോളുകള്‍ നേടി ചരിത്രം സൃഷ്ടിച്ച മെസിക്ക് എസി മിലാനെതിരെ ഫോം നിലനിര്‍ത്താനായില്ല.
പ്രീ-ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ടീമായ ഷാല്‍ക്കെയെ തുര്‍ക്കി ടീമായ ഗലത്സാരെ സമനിലയില്‍ പിടിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി. ഗലത്സാരെയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഷാല്‍ക്കെ സമനില പിടിച്ചത്. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യം നേടാനും ഷാല്‍ക്കെക്കായി. 12-ാം മിനിറ്റില്‍ ബുറാക്ക് യില്‍മാസിലൂടെ ഗലത്സാരെയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നേ ജെര്മെയ്ന് ജോണ്‍സിലൂടെ ഷാല്‍ക്കെ സമനില ഗോള്‍ നേടി. പിന്നീട് രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച ആക്രമണം നടത്തിയെങ്കിലും ഗോളുകള്‍ മാത്രം വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: