കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കൊച്ചിയിലും കൊല്ലത്തുമായാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പ് എ, സി മത്സരങ്ങള്‍ കൊച്ചിയിലും ഗ്രൂപ്പ് ബി, ഡി മത്സരങ്ങള്‍ കൊല്ലത്തുമാണ് അരങ്ങേറുന്നത്.
എട്ട്വര്‍ഷത്തെ കിരീടക്ഷാമത്തിന് അറുതിവരുത്താനുദ്ദേശിച്ചാണ് ഇത്തവണ കേരളം സ്വന്തം തട്ടകത്തില്‍ സന്തോഷ്ട്രോഫിക്കിറങ്ങുന്നത്. 2004-05ല്‍ പഞ്ചാബിനെ ഗോളില്‍ കീഴടക്കിയാണ് കേരളം അവസാനമായി സന്തോഷ്ട്രോഫിയില്‍ മുത്തമിട്ടത്. അതിനുശേഷം കേരളത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം സെമിയില്‍ കളിച്ചതാണ് കേരളത്തിന്റെ പിന്നീടുള്ള മികച്ച പ്രകടനം.
ഇന്നത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളത്തിന് ജമ്മുകാശ്മീരാണ് എതിരാളികള്‍. വൈകിട്ട് ആറിനാണ് മത്സരം. കൊച്ചിയില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹരിയാന ഉത്തര്‍പ്രദേശിനെ നേരിടും. കൊല്ലത്ത് ഇന്ന് സൂപ്പര്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുക. വൈകിട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ തമിഴ്നാട് മുന്‍ ചാമ്പ്യന്മാരായ ഗോവയുമായും വൈകിട്ട് 5.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്ര യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ഝാര്‍ഖണ്ഡുമായും ഏറ്റുമുട്ടും.
കേരള പോലീസ് താരം പി. രാഹുലിന്റെ നേതൃത്വത്തിലാണ് കേരളം ഇത്തവണ കളിക്കിറങ്ങുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കാപ്പില്‍ മുത്തമിടണമെങ്കില്‍ ആദ്യ മത്സരം മുതല്‍ മികച്ച പ്രകടനം തന്നെ കേരളത്തിന് പുറത്തെടുക്കേണ്ടി വരും. ഗ്രൂപ്പ് സിയിലാണ് കേരളം ഉള്‍പ്പെടുന്നത്. ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവരാണ് കേരളത്തിനോടൊപ്പം ഗ്രൂപ്പ് സിയില്‍ കളിക്കുന്ന മറ്റ് ടീമുകള്‍. നാല് ഗ്രൂപ്പുകളില്‍ നിന്ന് ഒാരോ ടീം മാത്രമേ സെമിയിലേക്ക് മുന്നേറാനാകൂ എന്നതിനാല്‍ അപ്രതീക്ഷിത പരാജയമോ സമനിലയോ വരെ കാപ്പിലേക്കുള്ള പ്രയാണത്തെ സ്വാധീനിച്ചേക്കാം. പരിചയസമ്പന്നരായ രാഹുലും വിനീത് ആന്റണിയും നയിക്കുന്ന മധ്യനിരയ്ക്കൊപ്പം ആര്. കണ്ണനും പി. ഉസ്മാനും ഉണര്‍ന്നുകളിച്ചാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കില്ല. ഗോള്‍വലയം കാക്കാന്‍ ജീന്‍ ക്രിസ്റ്റ്യനെപ്പോലുള്ള പരിചയസമ്പന്നരുണ്ടെന്നതും കേരളത്തിന് ഗുണം ചെയ്യും.
ക്ലസ്റ്റര്‍ മത്സരങ്ങളില്‍ നടത്തിയ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തിലാണ് ജമ്മുകാശ്മീര്‍ ടീം കൊച്ചിയിലെത്തിയിട്ടുള്ളത്. കാശ്മീര്‍ ബാങ്കിനായി കളിക്കുന്ന ഒരുപിടി താരങ്ങളടങ്ങിയ അതിര്‍ത്തിയില്‍ നിന്നുള്ള ടീം എതിരാളികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പ്. ക്ലാസ്റ്റര്‍ മത്സരങ്ങളില്‍ രാജസ്ഥാനെ 3-1നും ആസാമിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചാണ് കാശ്മീര്‍ അവസാന 16-ല്‍ ഇടംപിടിച്ചത്. ഈ ഗ്രൂപ്പില്‍ താരതേമ്യന ദുര്‍ബലരെന്ന് പറയാവുന്നത് ഉത്തര്‍പ്രദേശാണ്. എന്നാല്‍ ശക്തരായ മഹാരാഷ്ട്രയെ സമനിലക്കുരുക്കില്‍ പൂട്ടിയതിന്റെ ആവേശത്തില്‍ എത്തുന്ന യുപിക്കാരും അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ്.
ഇന്നത്തെ ആദ്യമത്സരത്തില്‍ ഹരിയാനക്ക് എതിരാളികള്‍ ഉത്തര്‍പ്രദേശാണ്. യുപിയെ അപേക്ഷിച്ച് കരുത്ത് കൂടുതല്‍ ഹരിയാനക്ക് തന്നെയാണ്. കൊച്ചിയിലെ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ഹരിയാന നടത്തിയ പ്രകടനം തന്നെയാണ് ഇതിന് തെളിവ്. ആദ്യമത്സരത്തില്‍ ഛത്തീസ്ഗഢിനോടും പിന്നെ ഗോവയോടും സമനില വഴങ്ങേണ്ടിവന്നെങ്കിലും മികച്ച ഒത്തിണക്കത്തോടെയുള്ള കളിയാണവര്‍ കാഴ്ചവച്ചത്.
കരുത്തുറ്റ മധ്യ-മുന്നേറ്റനിരയാണ് ഹരിയാനയുടെ ശക്തി. പങ്കജ് സൂറ നയിക്കുന്ന മധ്യനിര മുന്നേറ്റനിരക്കാരായ വിവേക്കുമാര്‍-അഭിഷേക് എന്നിവര്‍ക്ക് പന്തെത്തിക്കുന്നതില്‍ മിടുക്ക് പ്രകടിപ്പിക്കുന്നുണ്ട്. കരുത്തരായ ഗോവക്കെതിരെ വിവേക്-അഭിഷേക് കൂട്ടുകെട്ട് ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഗോവക്കെതിരായ മത്സരത്തില്‍ ഹരിയാന നേടിയ രണ്ട് ഗോളുകളും പിറന്നത് വിവേകിന്റെ ബൂട്ടില്‍നിന്നായിരുന്നു. അതേപോലെ ഇടതുവിംഗില്‍ക്കൂടി ചാട്ടൂളികണക്കെ തുളച്ചുകയറുന്ന അഭിഷേകും എതിരാളികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതേസമയം ഉയര്‍ന്നുവരുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറുന്ന പരിചയസമ്പന്നമല്ലാത്ത പ്രതിരോധമാണ് ഹരിയാനയുടെ ദൗര്‍ബല്യം. ദുര്‍ബലരായ ഛത്തീസ്ഗഡിനെതിരെ വരെ പ്രതിരോധം പലപ്പോഴും കളിമറന്നു.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: