നേപിയര്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് സമനിലയിലെത്തി. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത 50 ഓവറില്‍ 269 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ന്യൂസിലാന്റ് നിരയില്‍ റോസ് ടെയ്ലര് (100), ബ്രണ്ടന്‍ മക്കല്ലം (74) എന്നിവര്‍ ഉജ്ജ്വല പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ റൂട്ട് (79 നോട്ടൗട്ട്), ട്രോട്ട് (65 നോട്ടൗട്ട്), കുക്ക് (78), ഇയാന്‍ ബെല്‍ (44) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ 19 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ന്യൂസിലാന്റിനെ വില്ല്യംസണും (33) ടെയ്ലറും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് കിവി സ്കോര്‍ 91-ല്‍ എത്തിച്ചു. 47 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത വില്ല്യംസണെ ക്ലീന്‍ ബൗള്‍ഡാക്കി വോക്സാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീടെത്തിയ എല്ലിയറ്റ് 23 റണ്‍സെടുത്ത് മടങ്ങി.
4ന് 143 എന്ന നിലയിലായ ന്യൂസിലാന്റിനെ അഞ്ചാം വിക്കറ്റില്‍ ടെയ്ലറും മക്കല്ലവും ചേര്‍ന്ന് മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. സ്കേര്‍ 243-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വെറും 36 പന്തുകളില്‍ നിന്ന് 9 ബൗണ്ടറിയും നാല് കൂറ്റന്‍ സിക്സറുമടക്കം 74 റണ്‍സെടുത്ത മക്കല്ലത്തെ ബ്രോഡിന്റെ പന്തില്‍ വോക്സ് പിടികൂടിയതോടെയാണ് 100 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീടെത്തിയവര്‍ക്കൊന്നും തന്നെ രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. ഫ്രാങ്ക്ലിന് (1), നതാന്‍ മക്കല്ലം (7), സൗത്തി (2), ബൗള്‍ട്ട് (1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ കിവീസ് സ്കോര്‍ 269-ല്‍ ഒതുങ്ങി. 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ന്യൂസിലാന്റിനെ പിടിച്ചുകെട്ടിയത്.
270 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും ഇയാന്‍ ബെല്ലും ചേര്‍ന്ന് നല്‍കിയത്. 19.5 ഓവറില്‍ സ്കോര്‍ 89-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 44 റണ്‍സെടുത്ത ബെല്ലിനെ വില്ല്യംസണിന്റെ പന്തില്‍ റൂതര്‍ഫോര്‍ഡ് പിടികൂടി. പിന്നീട് കുക്കും ട്രോട്ടും ചേര്‍ന്ന് സ്കോര്‍ 149-ല്‍ എത്തിച്ചു. 78 റണ്‍സെടുത്ത കുക്കിനെ സൗത്തി സ്വന്തം ബൗളിംഗില്‍ പിടിച്ചുപുറത്താക്കി. പിന്നീട് ട്രോട്ടും റൂട്ടും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: