ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആദ്യപാദ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്സണലിന് വമ്പന്‍ തോല്‍വി. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച ആദ്യപാദത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കാണ് എവേ മത്സരത്തില്‍ ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്. ആഴ്സണലിന്റെ സ്റ്റേഡിയമായ എമിറേറ്റ്സില്‍ നടന്ന മത്സരത്തില്‍ ടോണി ക്രൂസ്, തോമസ് മുള്ളര്‍, മരിയോ മാന്‍സൂകിച്ച് എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. ആഴ്സണലിന്റെ ആശ്വാസഗോള്‍ നേടിയത് ഈ സീസണില്‍ ടീമിലെത്തിയ ജര്‍മ്മന്‍ താരം ലൂക്കാസ് പൊഡോള്‍സ്കിയാണ്.
തകര്‍പ്പന്‍ വിജയത്തോടെ ബയേണ്‍ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പാക്കി. മറിച്ച് സംഭവിക്കണമെങ്കില്‍ ആഴ്സണലിന് ബയേണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എവേ മത്സരത്തില്‍ നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും വിജയിക്കണം. അതിനുള്ള സാധ്യത വിദൂരവുമാണ്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബയേണ്‍ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലീഡ് നേടി. പ്ലേ മേക്കര്‍ തോമസ് മുള്ളര്‍ നല്കിയ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് ടോണി ക്രൂസ് പായിച്ച ഷോട്ട് ആഴ്സണല്‍ ഗോളിയെ കീഴ്പ്പെടുത്തി വലത്തേമൂലയില്‍ പതിച്ചു. പിന്നീട് 21-ാം മിനിറ്റില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഡാനിയേല്‍ വാന്‍ ബ്യൂട്ടന്‍ എടുത്ത കോര്‍ണര്‍ കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ തോമസ് മുള്ളറാണ് ആഴ്സണല്‍ വലയിലെത്തിച്ചത്. ഇതോടെ ആദ്യ പകുതി മ്യൂണിക്കിന്റേതായി.
മത്സരത്തിന്റെ 55-ാം മിനിറ്റില്‍ ലുക്കാസ് പൊഡോള്സ്കിയിലൂടെ ആഴ്സണല്‍ ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന് ശ്രമം നടത്തി. ജാക്ക് വില്‍ഷയറിന്റെ ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ ലൂക്കാസ് പൊഡോള്സ്കി ബയേണ്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 77-ാം മിനിറ്റില്‍ ആഴ്സണലിന്റെ ഹൃദയം പിളര്‍ന്ന ബയേണ്‍ മൂന്നാം ഗോളും നേടി. ഫിലിപ്പ് ലാം നല്കിയ ക്രോസില്‍ നിന്ന് മരിയോ മാന്‍സൂക്കിച്ചാണ് മൂന്നാം ഗോള്‍ നേടിയത്.
രണ്ടാം ഡിവിഷന് ടീം ബ്ലാക്ക്ബേണ്‍ റോവേഴ്സിനോട് തോറ്റ് എഫ്എ കാപ്പില്‍നിന്ന് പുറത്തായതിന്റെ ക്ഷീണം വിട്ടുമാറാതെയാണ് ആഴ്സണല്‍ കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആഴ്സണലിന്റെ നില അത്രയ്ക്ക് ആശ്വാസകരമല്ല. സീസണില്‍ ഇംഗ്ലീഷ് ടീമിന്റെ ഏക പ്രതീക്ഷ ചാമ്പ്യന്‍സ് ലീഗായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്.
ജര്‍മന്‍ ലീഗില്‍ കിരീടമുറപ്പിച്ച് മുന്നേറുന്ന ബയേണ്‍ ക്രൂസ്, തോമസ് മുള്ളര്‍, ഫിലിപ്പ് ലാം, ബാസ്റ്റന് ഷ്വീന്സ്റ്റിഗര്, റോബന് തുടങ്ങിയ താരങ്ങളുടെ ഉജ്ജ്വല പ്രകടനമാണ് ആഴ്സണലിനെതിരെ മികച്ച വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ 56 ശതമാനവും പന്ത് കൈവശം വച്ചത് ആഴ്സണലായിരുന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യബോധമുണ്ടാകാതിരുന്നതാണ് ചെമ്പടക്ക് തിരിച്ചടിയായത്. രണ്ടാം പാദ മത്സരം മാര്‍ച്ച് മൂന്നിന് ബയേണ്‍ തട്ടികത്തില് നടക്കും.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ടീമായ മലാഗയെ കീഴടക്കി പോര്‍ച്ചുഗീസ് ടീമായ എഫ്സി പോര്‍ട്ടോ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. പോര്‍ട്ടോയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലാഗ കീഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് പോര്‍ട്ടോയുടെ വിജയഗോള്‍ പിറന്നത്. അലക്സ് സാന്‍ഡ്രോ ബോക്സിനുള്ളിലേക്ക് നല്കിയ അളന്നുമുറിച്ച പാസ് ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ ഫിലിപ്പെ ജോ മൗടീഞ്ഞോ മലാഗ വലയിലെത്തിച്ചു.
പിന്നീട് ലീഡ് ഉയര്‍ത്തുന്നതിന് വേണ്ടി പോര്‍ട്ടോ ഉജ്ജ്വലമായ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയില്ല. അതേസമയം മലാഗക്ക് മത്സരത്തിനിടെ ഒരു തവണമാത്രമാണ് പോര്‍ട്ടോ പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. അതാവെട്ട ലക്ഷ്യത്തിലെത്തിയതുമില്ല. അതേസമയം പോര്‍ട്ടോ 16 തവണയാണ് മലാഗ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.
വിജയത്തോടെ പോര്‍ട്ടോ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. മലാഗക്ക് ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ സ്വന്തം മൈതാനത്ത് ഗോള്‍ നേടാന്‍ അനുവദിക്കാതിരിക്കുകയും 2-0ന് മത്സരം ജയിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: